പള്ളത്ത് അമിതവേഗത്തിലെത്തി നിയന്ത്രണം വിട്ട ആഡംബര ബൈക്ക് ഇടിച്ച് തകർത്തത് നാല് കാറുകൾ: ചങ്ങനാശേരി സ്വദേശിയായ യുവാവിന് പരിക്ക്
തേർഡ് ഐ ബ്യൂറോ
കോട്ടയം: എം.സി റോഡിൽ പള്ളം ഭാഗത്ത് അമിതവേഗത്തിൽ പാഞ്ഞ ആഡംബര ബൈക്ക് നിയന്ത്രണം വിട്ട് നാലു കാറുകൾ ഇടിച്ചു തകർത്തു. ഒരു ഇന്നോവയും, റിറ്റ്‌സും മറ്റൊരു കാറുമാണ് ഇടിച്ചു തകർത്തത്. അപകടത്തിൽ പരിക്കേറ്റ ചങ്ങനാശേരി സ്വദേശിയായ രാജ് കിഷോറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 11.45 ന് പള്ളം കെ.എസ്.ഇ.ബി ഓഫിസിനു മുന്നിലായിരുന്നു അപകടം. ചങ്ങനാശേരി ഭാഗത്തു നിന്നും അമിത വേഗത്തിൽ എത്തിയ ആഡംബര ബൈക്ക് അതിവേഗം കുതിക്കുന്നതിനിടെ നിയന്ത്രണം വിട്ട് ഇന്നോവയുടെ മുന്നിൽ ഇടിക്കുകയായിരുന്നു. ഇവിടെ നിന്ന് തെന്നി നീങ്ങിയ ബൈക്ക് റോഡിന്റെ വലതുവശത്തേയ്ക്ക് തെറിച്ചെത്തി ഇവിടെ പാർക്ക് ചെയ്തിരുന്ന രണ്ടു കാറുകളിലും, ഓടിയെത്തിയ മറ്റൊരു കാറിലും ഇടിച്ചു. ഇടിയെ തുടർന്ന് റോഡിൽ തെറിച്ചു വീണ രാജ്കിഷോറിന് സാരമായി പരിക്കേറ്റു. ഇയാളെ നാട്ടുകാർ ചേർന്ന് പിടിച്ചു വച്ച ശേഷം ചിങ്ങവനം പൊലീസ് സ്ഥലത്ത് എത്തിയതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കെ.എസ്.ഇ.ബിയ്ക്ക് വേണ്ടി കരാർ അടിസ്ഥാനത്തിൽ ഓടുന്ന വാഹനങ്ങൾ റോഡരികിലാണ് പാർക്ക് ചെയ്തിരുന്നത്. ഈ വാഹനങ്ങളിലേയ്ക്കാണ് ഇപ്പോൾ അമിത വേഗത്തിൽ എത്തിയ ബൈക്ക് ഇടിച്ചു കയറിയത്. ഇടിയുടെ ആഘാതത്തിൽ ഇന്നോവയുടെ മുന്നിലെ ബമ്പറിന്റെ ഭാഗം ചളുങ്ങിയിട്ടുണ്ട്. മറ്റു വാഹനങ്ങൾക്കും സാരമായി കേടുപാടുകൾ ഉണ്ടായിട്ടുണ്ട്. പരിക്കേറ്റ യുവാവ് പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം പൊലീസ് സ്റ്റേഷനിൽ തിരികെ എത്താൻ നിർദേശിച്ചിട്ടുണ്ട്. ഇതിനു ശേഷം വാഹന ഉടമകളുമായി സംസാരിച്ച് ഒത്തു തീർപ്പിൽ എത്തിയേക്കുമെന്നാണ് സൂചന. ഇല്ലെങ്കിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തേക്കും.