സ്വന്തം ലേഖകൻ
കോട്ടയം: പാലാ രാമപുരം മാനത്തൂരിൽ നിയന്ത്രണം വിട്ട് പാഞ്ഞെത്തിയ കാർ മരത്തിലിടിച്ച് റോഡരികിലെ വീട്ടിലേയ്ക്ക് പാഞ്ഞുകയറി തകർന്ന് തവിടുപൊടിയായതിനെ തുടർന്ന് അഞ്ചു യുവാക്കൾക്ക് ദാരുണാന്ത്യം.
മരത്തിലിടിച്ച് പല തവണ വട്ടം കറങ്ങിയ കാർ തവിടുപൊടിയായി. അപകടത്തിൽപ്പെട്ട റിറ്റ്‌സ് കാർ പൂർണമായും തകർന്നിട്ടുണ്ട്. രാമപുരം – കടനാട് സ്വദേശികളായ വിഷ്ണു രാജ് (27) വിജയരാജ് ( ജോബിൻ കെ.ജോർജ് (28) പ്രമോദ് സോമൻ (27) , സുധി ജോർജ് , ഉല്ലാസ് എന്നിവരാണ് മരിച്ചത്. പരിക്കേറ്റ പ്രഭാത് മലയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ഞായറാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം. തൊടുപുഴയിൽ നിന്നും എത്തിയ ആറംഗം സംഘം സഞ്ചരിച്ച കാർ രാമപുരം മാനത്തൂരിൽ വച്ച് നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിൽ ഇടിക്കുകയായിരുന്നു. തൊടുപുഴയിൽ അടക്കം സന്ദർശനം നടത്തിയ ശേഷമാണ് ആറംഗ സംഘം കാറിൽ പാഞ്ഞെത്തിയത്. അമിത വേഗത്തിലായിരുന്നു കാറെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. റോഡിൽ നിന്നും തെന്നിമാറിയ കാർ അതിവേഗം റോഡരികിലെ മരത്തിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ മുൻ വശം തകർന്ന കാർ സമീപത്തെ വീട്ടിലേയ്ക്ക് പാഞ്ഞു കയറി വീടിനുള്ളിൽ കരണം മറിഞ്ഞ കാർ വീണ്ടും റോഡിലേയ്ക്ക് തെറിച്ചു വീണു. അപ്പോഴേയ്ക്കും കാർ പൂർണമായും തകർന്നിരുന്നു. റിറ്റ്‌സ് കാർ കണ്ടാൽ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലേയ്ക്ക് മാറിയിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ ഓരോരുത്തരെയായി പുറത്തെടുത്തത്.