എം.സി റോഡിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചു: വട്ടംചാടിയ ഓട്ടോയെ രക്ഷിക്കാൻ വെട്ടിച്ച ബസുകൾ കൂട്ടിയിടിച്ചത് സംക്രാന്തിയിൽ

എം.സി റോഡിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചു: വട്ടംചാടിയ ഓട്ടോയെ രക്ഷിക്കാൻ വെട്ടിച്ച ബസുകൾ കൂട്ടിയിടിച്ചത് സംക്രാന്തിയിൽ

സ്വന്തം ലേഖകൻ

കോട്ടയം: എം.സി റോഡിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് ഡ്രൈവർ അടക്കം നിരവധി യാത്രക്കാർക്ക് പരിക്ക്. അപകടത്തിൽ പരിക്കേറ്റ ബസ് ഡ്രൈവറെയും, യാത്രക്കാരെയും മെഡിക്കൽ കോളേ്ജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
ശനിയാഴ്ച വൈകിട്ട് ആറരയോടെ എം.സി റോഡിൽ സംക്രാന്തി ഭാഗത്തായിരുന്നു അപകടം. കോട്ടയത്തു നിന്നും മെഡിക്കൽ കോളേജിനു പോകുകയായിരുന്നു ദേവമാതാ ബസും, ഏറ്റുമാനൂരിൽ നിന്നു കോട്ടയത്തേയ്ക്ക് വരികയായിരുന്ന ്ശ്രീലക്ഷ്മി ബസുമാണ് കൂട്ടിയിടിച്ചത്. സംക്രാന്തി ഭാഗത്ത് യാത്രക്കാരെ ഇറക്കിയ ശേഷം ദേവമാതാ ബസ് മുന്നോട്ട് എടുക്കുകയായിരുന്നു. ഇതിനിടെ റോഡരികിൽ നിന്നും ഒരു ഓട്ടോറിക്ഷ പെട്ടന്ന് വെട്ടിച്ചു. ഈ ഓട്ടോറിക്ഷയിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചു മാറ്റിയ ബസ് എതിർ ദിശയിൽ നിന്നും വന്ന ശ്രീലക്ഷ്മി ബസിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തെ തുടർന്ന് രണ്ടു ബസുകളും റോഡിൽ കുറുകെ കിടന്നതോടെ അരമണിക്കൂറോളം എംസി റോഡിൽ ഗതാഗതം തടസപ്പെട്ടു. തുടർന്നെത്തിയ നാട്ടുകാർ ചേർന്ന് രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. രണ്ടു ബസിലുമുണ്ടായിരുന്ന യാത്രക്കാരെയും ഡ്രൈവറെയും നാട്ടുകാർ ചേർന്ന് ഇതുവഴി എത്തിയ വിവിധ വാഹനങ്ങളിലായി മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി.
ശ്രീലക്ഷ്മി ബസിന്റെ ഡ്രൈവറുടെ ഭാഗത്താണ് ഇടി ഏറ്റിരിക്കുന്നത്. ഇദ്ദേഹത്തിന്റെ കാലിന് ഒടിവുണ്ടായതായാണ് സൂചന. സംഭവത്തിൽ ഗാന്ധിനഗർ പൊലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്.