നാഷണൽ പെർമിറ്റ് ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് പരിക്കേറ്റ ഡ്രൈവർക്ക് രക്ഷകനായി മോട്ടോർ വാഹന വകുപ്പ് സംഘം: അപകടത്തിൽപ്പെട്ട ഡ്രൈവറെ രക്ഷിച്ചത് സേഫ് കേരള ടീം; സംഭവം വെള്ളിയാഴ്ച പുലർച്ചെ കോട്ടയം എസ്.എച്ച് മൗണ്ടിൽ
സ്വന്തം ലേഖകൻ
കോട്ടയം: പത്രവുമായി പോകുകയായിരുന്ന മാക്‌സിമോ പിക്കപ്പ് വാനും നാഷണൽ പെർമിറ്റ് ലോറിയും കൂട്ടിയിടിച്ച് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ലോറി ഡ്രൈവർക്ക് രക്ഷകനായത് മോട്ടോർ വാഹന വകുപ്പിന്റെ സേഫ് കേരള സംഘം. പത്രക്കെട്ടുകളുമായി എത്തിയ ലോറിയാണ് നാഷണൽ പെർമിറ്റിൽ ഇടിച്ചു കയറിയത്. അപകടത്തിൽ ഗുരുവായൂർ പുനലാശേരി സതീഷന്റെ മകൻ സജീഷിനാ(25)ണ് ഗുരുതര പരിക്കേറ്റത്. അപകടത്തിൽപ്പെട്ട് മാക്‌സിമോ പിക്കപ്പ് വാനിനുള്ളിൽ കുടുങ്ങിക്കിടന്ന സജീഷിനെ ഇതുവഴി എത്തിയ മോട്ടോർ വാഹന വകുപ്പിന്റെ സേഫ് കേരള സംഘമാണ് രക്ഷിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്.
വെള്ളിയാഴ്ച പുലർച്ചെ 3.30 ഓടെ എം.സി റോഡിൽ എസ്.എച്ച് മൗണ്ടിലായിരുന്നു അപകടം. കോട്ടയം ഭാഗത്തു നിന്നും പത്രക്കെട്ടുമായി എത്തിയ മാക്‌സിമോ പിക്കപ്പ്, കുമാരനല്ലൂർ ഭാഗത്തു നിന്നും എത്തിയ നാഷണൽ പെർമിറ്റ് ലോറിയിൽ ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാഹനത്തിന്റെ മുൻ ഭാഗം പൂർണമായും തകർന്നിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ലോറി ഡ്രൈവർ സജീഷിനെ വാഹനത്തിൽ നിന്നു പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും രണ്ടു കാലുകളും വാഹനത്തിനുള്ളിൽ കുടുങ്ങി കിടന്നതിനാൽ ഇയാളെ പുറത്തെടുക്കാൻ നാട്ടുകാർക്ക് സാധിച്ചില്ല. ഇതിനിടെ പെരുമഴ പെയ്യുക കൂടി ചെയ്തതോടെ നാട്ടുകാർക്ക് രക്ഷാ പ്രവർത്തനം ദുരിത പൂർണമായും മാറുകയും ചെയ്തു.
ഇതിനിടെയാണ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് സംഘത്തിന്റെ നേതൃത്വത്തിലുള്ള സേഫ് കേരള പദ്ധതിയുടെ ഭാഗമായുള്ള പെട്രോളിംങ് വാഹനം ഇതുവഴി എത്തിയത്. ഇതുവഴി എത്തിയ വാഹനം കണ്ട് രക്ഷാപ്രവർത്തനം നടത്തുകയായിരുന്ന നാട്ടുകാർ കൈ നീട്ടി. പെട്രോളിംങ് നടത്തുകയായിരുന്ന മൂന്നാം സ്‌ക്വാഡ് സംഘമാണ് ഇതുവഴി എത്തിയത്. എം.വി.ഐ സാബു, നിബു , ശരത്, പ്രതാപ് എന്നീ ഉദ്യോഗസ്ഥരാണ് വാഹനത്തിലുണ്ടായിരുന്നത്. ഇവർ ഉടൻ തന്നെ വിവരം അഗ്നിരക്ഷാ സേനാ അധികൃതരെ അറിയിച്ചു. തുടർന്ന് സ്ഥലത്ത് എത്തിയ അഗ്നിരക്ഷാ സേനാംഗങ്ങൾ ചേർന്ന് വാഹനത്തിന്റെ മുൻ ഭാഗം വെട്ടിപ്പൊളിച്ച് പരിക്കേറ്റ ഡ്രൈവറെ പുറത്തെടുത്തു. ഇതിനിടെ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് സംഘം വിവരം അറിയിച്ചത് അനുസരിച്ച് ഗാന്ധിനഗർ പൊലീസും സ്ഥലത്ത് എത്തിയിരുന്നു. രണ്ടു കാലുകളും ഒടിഞ്ഞു തൂങ്ങിയ ഡ്രൈവറെ ആംബുലൻസ് വിളിച്ചു വരുത്തി എൻഫോഴ്‌മെന്റ് സംഘം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ നേരത്തെ തന്നെ വിവരം അറിയിച്ചിരുന്നതിനാൽ ഇവിടെയും ഇതിനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു. തുടർന്ന് പരിക്കേറ്റയാളെ ഇവിടെ പ്രവേശിപ്പിച്ചു. ഡ്രൈവറുടെ രണ്ടു കാലുകളും ഒടിഞ്ഞു തൂങ്ങിയിട്ടുണ്ട്.
സേഫ് കേരള പദ്ധതിയുടെ ലക്ഷ്യം തന്നെ അപകടങ്ങൾ കുറയ്ക്കുകയാണെന്നും, ഇത്തരം രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകാൻ സാധിച്ചത് മാതൃകാപരമായ പ്രവർത്തനമാണെന്നും എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ ടോജോ എം തോമസ് തേർഡ് ഐ ന്യൂസ് ലൈവിനോടു പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group