മണർകാട് ഐരാറ്റുനടയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് വാകത്താനം സ്വദേശി മരിച്ചു; നിയന്ത്രണം വിട്ട ബസ് മരത്തിലിടിച്ച് യാത്രക്കാർക്ക് പരിക്ക്
സ്വന്തം ലേഖകൻ
കോട്ടയം: മണർകാട് ഐരാറ്റുനടയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. വാകത്താനം സ്വദേശി സ്‌റ്റെനിൽ(22) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ ആറു മണിയോടെ മണർകാട് ഐരാറ്റുനടയിലായിരുന്നു അപകടം. ബസ് യാത്രക്കാരായ പന്ത്രണ്ട് പേർക്കും പരിക്കേറ്റു.
മണർകാട് ഭാഗത്തു നിന്നും നഗരത്തിലേയ്ക്ക് വരികയായിരുന്നു കാർ. എതിർദിശയിൽ നിന്നും എത്തിയ കെഎസ്ആർടിസി ബസിന്റെ മുന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കാറിന്റെ മുന്നിൽ കുടുങ്ങിയ ഡ്രൈവർ സ്റ്റെനിലിനെ വെട്ടിപ്പൊളിച്ചാണ് പുറത്തിറക്കിയത്. കാറിന്റെ മുന്നിൽ ഇടിച്ച് നിയന്ത്രണം വിട്ട കെ.എസ്ആർടിസി ബസ് റോഡരികിലെ മരത്തിൽ ഇടിച്ചാണ് നിന്നത്. കോട്ടയത്തു നിന്നും കുമളിയ്ക്ക് പോകുകയായിരുന്നു കെ.എസ്ആർടിസി ബസ്. അപകടത്തിൽ പരിക്കേറ്റവരെ മണർകാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മണർകാട് ഐരാറ്റുനടയിലെ അപകടവളവിൽ സ്ഥിരം അപകടം ഉണ്ടാകാറുണ്ട്. ഇതേ തുടർന്നാണ് ചൊവ്വാഴ്ചയും അപകടമുണ്ടായത്. അപകടത്തെ തുടർന്ന് പുലർച്ചെ ഇതുവഴിയുള്ള ഗതാഗതം ഭാഗീകമായി തടസപ്പെട്ടു.