play-sharp-fill
അമിത വേഗത്തിൽ പാലത്തിൽ വച്ച് ഓവർടേക്ക് ചെയ്യാനുള്ള ശ്രമത്തിനിടെ സ്വകാര്യ ബസ് പെട്ടി ഓട്ടോറിക്ഷയെ ഇടിച്ചിട്ടു; ഓട്ടോ മറിഞ്ഞത് പാലത്തിന് സമീപത്തെ കുഴിയിലേയ്ക്ക്; ഡ്രൈവർ അത്ഭുതകരമായി രക്ഷപെട്ടു

അമിത വേഗത്തിൽ പാലത്തിൽ വച്ച് ഓവർടേക്ക് ചെയ്യാനുള്ള ശ്രമത്തിനിടെ സ്വകാര്യ ബസ് പെട്ടി ഓട്ടോറിക്ഷയെ ഇടിച്ചിട്ടു; ഓട്ടോ മറിഞ്ഞത് പാലത്തിന് സമീപത്തെ കുഴിയിലേയ്ക്ക്; ഡ്രൈവർ അത്ഭുതകരമായി രക്ഷപെട്ടു

സ്വന്തം ലേഖകൻ
കോട്ടയം: അമിത വേഗത്തിൽ പാലത്തിൽ വച്ച് മറ്റു വാഹനങ്ങളെ മറികടക്കാൻ ശ്രമിച്ച സ്വകാര്യ ബസ് പെട്ടി ഓട്ടോറിക്ഷയെ ഇടിച്ചു വീഴ്ത്തി. ബസ് പിന്നിൽ ഇടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ പാലത്തിനു സമീപത്തെ കുഴിയിലേയ്ക്ക് മറിഞ്ഞു. അപകടത്തിൽ ഓട്ടോഡ്രൈവർക്ക് സാരമായി പരിക്കേറ്റു.
ഇയാളെജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശനിയാഴ്ച വൈകിട്ട് 4.15ന്  നാലുവരിപ്പാതയിൽ കോടിമത പാലത്തിലായിരുന്നു അപകടം. ചിങ്ങവനം ഭാഗത്തു നിന്നും വരികയായിരുന്നു ഓട്ടോറിക്ഷ. ഈ ഓട്ടോറിക്ഷയുടെ പിന്നിൽ അമിത വേഗത്തിൽ പാഞ്ഞെത്തിയ ചങ്ങനാശേരി റൂട്ടിൽ സർവീസ് നടത്തുന്ന റൈസിംങ് സൺ ബസ് ഇടിക്കുകയായിരുന്നു. ഓട്ടോറിക്ഷ പാലത്തിലേയ്ക്ക് കയറുന്നതിനിടെ തന്നെ ഈ ഓട്ടോയെ മറികടക്കാൻ ബസ് ശ്രമിക്കുകയായിരുന്നു. ഈ സമയം എതിർദിശയിൽ നിന്നും മറ്റൊരു വാഹനം എത്തിയതോടെ ബസ് പെട്ടി ഓട്ടോറിക്ഷയുടെ പിന്നിൽ ഇടിച്ചു. ഇടിയെ തുടർന്ന് നിയന്ത്രണം നഷ്ടമായ ഓട്ടോറിക്ഷ റോഡരികിലെ മൈൽകുറ്റിയിൽ ഇടിച്ച ശേഷം താഴേയ്ക്ക് പാഞ്ഞിറങ്ങി. ഇവിടെ നിന്ന പോസ്റ്റിൽ ഇടിച്ചാണ് ഓട്ടോറിക്ഷ നിന്നത്.
ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ഓട്ടോഡ്രൈവറെ ജനറൽ ആശുപത്രിയിൽ എത്തിച്ചു. താടിയ്ക്കും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും ഇയാൾക്ക് പരിക്കേറ്റിട്ടുണ്ട്. ജനറൽ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി. ബസ് പൊലീസ് കസ്റ്റഡിയിൽ എടുത്തു. അപകടത്തിൽപ്പെട്ട ഓട്ടോറിക്ഷ അഗ്നിരക്ഷാ സേനാ അധികൃതർ ചേർന്ന് എടുത്തു മാറ്റിയിട്ടുണ്ട്.