ഏറ്റുമാനൂർ പേരൂർ കവലയിൽ അപകടം: മിനി ലോറി ഇടിച്ചു നിയന്ത്രണം വിട്ട കാർ സമീപത്തെ കടയിലേയ്ക്ക് ഇടിച്ചു കയറി; അപകടം ബുധനാഴ്ച പുലർച്ചെ
തേർഡ് ഐ ബ്യൂറോ
കോട്ടയം: ഏറ്റുമാനൂർ പേരൂർ കവലയിൽ മിനി ലോറി ഇടിച്ചു നിയന്ത്രണം വിട്ട കാർ റോഡരികിലെ കടയിലേയ്ക്കു ഇടിച്ചു കയറി. കടയുടെ ഷട്ടർ തകർത്തു ഉള്ളിലേയ്ക്കു കാർ ഇടിച്ചു കയറുകയായിരുന്നു. കാറിലെയും മിനി ലോറിയിലെയും യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു.
ബുധനാഴ്ച പുലർച്ചെ ഏറ്റുമാനൂർ പേരൂർ കവലയിൽ ആറാട്ട് മണ്ഡപത്തിനു സമീപമായിരുന്നു അപകടം. പേരൂർ ഭാഗത്തു നിന്നും വരികയായിരുന്ന ഹുണ്ടായ് ഇയോൺ കാർ ക്ഷേത്രത്തിന്റെ ഭാഗത്തേയ്ക്കു റോഡ് മുറിച്ചു കടക്കുകയായിരുന്നു. ഈ സമയം പാലാ റോഡിൽ നിന്നും എത്തിയ മിനി ലോറിയും കാറും തമ്മിൽ കൂട്ടിയിടിച്ചതായി ഏറ്റുമാനൂർ പൊലീസ് പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട കാർ സമീപത്തെ കടയിലേയ്ക്കു പാഞ്ഞു കയറി. പുലർച്ചെ കട അടച്ചിരിക്കുകയായിരുന്നതിനാൽ വൻ അപകടം ഒഴിവാകുകയായിരുന്നു. ശബ്ദം കേട്ട് സമീപത്തുള്ളവർ ഓടിയെത്തി. തുടർന്നു, കാറിനുള്ളിൽ കുടുങ്ങിയ യാത്രക്കാരനെ പുറത്തെടുത്തു. നിസാര പരിക്കുകൾ മാത്രം ഏറ്റ ഇയാളെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകി.
അപകടത്തെ തുടർന്നു മിനി ലോറിയുടെ എൻജിന് അടക്കം തകരാർ സംഭവിച്ചിട്ടുണ്ട്. അപകടത്തിൽപ്പെട്ട കാർ ക്രെയിൻ ഉപയോഗിച്ച് കെട്ടിവലിച്ച് പൊലീസ് സ്റ്റേഷനിലേയ്ക്കു മാറ്റി. സംഭവത്തിൽ ഏറ്റുമാനൂർ പൊലീസ് കേസെടുത്തു.