ഈരയിൽക്കടവിലെ അപകടം: കാറിൽ ഇടിച്ച ശേഷം ബൈക്ക് യാത്രക്കാരൻ തെറിച്ചു വീണത് അൻപത് മീറ്ററോളം ദൂരെ; മരിച്ചത് പനച്ചിക്കാട് വില്ലേജ് ഓഫിസ് ജീവനക്കാരന്റെ മകൻ; :വീഡിയോ റിപ്പോർട്ട് ഇവിടെ കാണാം
തേർഡ് ഐ ബ്യൂറോ
കോട്ടയം: ഈരയിൽക്കടവിൽ നിയന്ത്രണം വിട്ട ബൈക്ക് കാറിന്റെ മുന്നിൽ ഇടിച്ചുണ്ടായ അപകടത്തിൽപ്പെട്ട യുവാവ് മരിച്ചു വീണത് അപകടമുണ്ടായ സ്ഥലത്തു നിന്നും അൻപതു മീറ്റർ ദൂരെ മാറി. പനച്ചിക്കാട് വില്ലേജ് ഓഫിസ് ജീവനക്കാരനായ ഗോപാലകൃഷ്ണന്റെ മകൻ പുതുപ്പള്ളി തൃക്കോതമംഗം ഗോകുലത്തിൽ (കടവിൽപറമ്പിൽ) ഗോകുൽ (20)ആണ് മരിച്ചത്. വീഡിയോ ഇവിടെ കാണാം
മണിപ്പുഴ ഭാഗത്തു നിന്നും അമിത വേഗത്തിൽ മറ്റൊരു ബൈക്കുമായി മത്സരിച്ച് ഓടിയെത്തിയാണ് ഗോകുൽ അപകടത്തിൽപ്പെട്ടത്. മണിപ്പുഴ ഭാഗത്തു നിന്നും മറ്റൊരു ബൈക്ക് അമിത വേഗത്തിൽ വരികയായിരുന്നു. ഈ ബൈക്കിനെ മറികടക്കുന്നതിനായി അതിവേഗം ഗോകുലും പാഞ്ഞെത്തി. ഈ സമയത്താണ് മണിപ്പുഴ ഭാഗത്തു നിന്നു തന്നെ എത്തിയ കാർ, ഈരയിൽക്കടവ് റോഡിന്റെ മധ്യഭാഗത്ത് നാലും കൂടുന്ന റോഡിൽ നിർത്തി തിരിക്കാൻ ശ്രമിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗോകുലിന്റെ മുന്നിൽ വന്ന ബൈക്ക് അതിവേഗം, കാറിന്റെ മുന്നിലെ ചെറിയ സ്ഥത്തു കൂടി വെട്ടിച്ചു മുന്നേറിപ്പോയി. ഇതേ സ്ഥലത്തു കൂടി വെട്ടിച്ചു കയറിപ്പോകാൻ ശ്രമിക്കുന്നതിനിടെ ഗോകുൽ സഞ്ചരിച്ച ബൈക്ക് കാറിന്റെ ഡ്രൈവർ സീറ്റിന്റെ ഭാഗത്തായി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കിൽ നിന്നും തെറിച്ച ഗോകുൽ ചെന്നു വീണത് റോഡരികിലെ കാട് പിടിച്ചു കിടക്കുന്ന സ്ഥലത്താണ്. ഇവിടെ തലയിടിച്ച് ഗോകുൽ തൽക്ഷണം മരിച്ചു.
ബൈക്കിന്റെ മുന്നിലെ അലോയ് വീൽ പൊടിഞ്ഞു പോയിട്ടുണ്ട്. മുന്നിലെ ഷോക്ക് അബ്‌സോർബർ തകർന്നു. ബൈക്കിന്റെ പല ഭാഗങ്ങളും തവിടുപൊടിയായി. ഗോകുൽ തെറിച്ചു വീണ ഭാഗത്ത് രക്തം തളംകെട്ടിക്കിടക്കുകയാണ്. ഗോകുലിന്റെ ബൈക്ക് ഏതാണ്ട് പൂർണമായും തകർന്നിട്ടുണ്ട്. സംഭവം അറിഞ്ഞു ചിങ്ങവനം പൊലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്. സംഭവത്തിൽ ചിങ്ങവനം പൊലീസ് കേസെടുത്തു.