റോഡ് മുറിച്ച് കടക്കുന്നതിനിടെ മനോരമയുടെ വാഹനമിടിച്ച് വീട്ടമ്മയ്ക്ക് പരിക്ക്
സ്വന്തം ലേഖകൻ
കോട്ടയം: റോഡ് മുറിച്ച് കടന്ന് ബസിൽ കയറാൻ പോകുന്നതിനിടെ മലയാള മനോരമയുടെ വാഹനം ഇടിച്ച് വീട്ടമ്മയ്ക്ക് പരിക്ക്. മൂലവട്ടം ഉറവൻകര കുഞ്ഞച്ചൻ സൂസമ്മ തോമസി(60) നാണ് പരിക്കേറ്റത്. തലയ്ക്ക് സാരമായി പരിക്കേറ്റ ഇവരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സകൾക്ക് ശേഷം ഇവരെ കാരിത്താസ് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെ മൂലവട്ടം മണിപ്പുഴ – കടുവാക്കുളം റോഡിൽ ദിവാൻപുരം ജംഗ്ഷനിലായിരുന്നു അപകടം. നഗരത്തിലേയ്ക്കു വരുന്നതിനായി വീട്ടിൽ നിന്നും ഇറങ്ങിയ ഇവർ ബസ് വന്നതോടെ റോഡ് മുറിച്ച് കടക്കാൻ വേഗം ഓടിയെത്തുകയായിരുന്നു. ഈ സമയം ദിവാൻ കവല ഭാഗത്തു നിന്നും എത്തിയ മിനി ലോറി ഇവരെ ഇടിച്ചു വീഴ്ത്തി. ഇടിയുടെ ആഘാതത്തിൽ റോഡിൽ തലയിടിച്ച് വീണ ഇവർക്ക് പരിക്കേറ്റു. വീണ് കിടന്ന ഇവരെ ഓടിക്കൂടിയ നാട്ടുകാരും കൗൺസിലറും ചേർന്ന് ആദ്യം ജനറൽ ആശുപത്രിയിൽ എത്തിച്ചു. തലയ്ക്ക് പരിക്കേറ്റ ഇവരെ വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജിലേയ്ക്ക് റഫർ ചെയ്തു. എന്നാൽ, ബന്ധുക്കൾ ഇവരെ കാരിത്താസ് ആശുപത്രിയിലേക്ക് കൊണ്ടു പോയി.