മൂലവട്ടത്ത് നിയന്ത്രണം വിട്ട കാറിടിച്ച് നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റു; ഒരു കാറും വൈദ്യുതി പോസ്റ്റും തകർത്തു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: മൂലവട്ടം അമൃത സ്കൂളിന് സമീപം ബുധനാഴ്ച അർദ്ധരാത്രിയിൽ ഉണ്ടായ വാഹനാപകടത്തിൽ നാലു യുവാക്കൾക്ക് പരിക്കേറ്റു.

നിയന്ത്രണം വിട്ട കാർ നിർത്തിയിട്ടിരുന്ന മറ്റൊരു കാറിലും വൈദ്യുതി പോസ്റ്റിലും ഇടിച്ച് പൂർണ്ണമായും തകർന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തിൽ കാറിനുള്ളിലുണ്ടായിരുന്ന നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റു. നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റ് കാറിടിച്ച് തകർന്നതോടെ പ്രദേശത്ത് രാത്രിയിൽ വൈദ്യുതിയും മുടങ്ങി.

അപകടത്തിൽ മറിയപ്പള്ളി താഴത്ത് പുത്തൻ വീട്ടിൽ ആ കാശ് (23) , ചെട്ടിക്കുന്ന് വെഞ്ചാപ്പളളിൽ ബിബിൻ (24), നാട്ടകം കാഞ്ഞിരത്തുംമൂട്ടിൽ ജോബിൻ ജോബി (24) , മറിയപ്പള്ളി മാലിയിൽ അക്ഷയ് സുഭാഷ് (24) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പരിക്ക് ഗുരുതരമായതിനാൽ പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റി.

ബുധനാഴ്ച രാത്രി 12.45 ഓടെ മൂലവട്ടം അമൃത സ്കൂളിന് സമീപമായിരുന്നു അപകടം. നാട്ടകം ഗസ്റ്റ് ഹൗസ് ഭാഗത്ത് നിന്നും എത്തിയ കാർ, നിയന്ത്രണം വിട്ട് റോഡരികിൽ പാർക്ക് ചെയ്തിരുന്ന മറ്റൊരു കാറിൽ ഇടിക്കുകയായിരുന്നു.

മൂലവട്ടം കുറ്റിക്കാട് ക്ഷേത്രത്തിലേയ്ക്കുള്ള വഴിയരികിൽ പാർക്ക് ചെയ്തിരുന്ന ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ , പ്രദേശത്തെ വൈദ്യുതി പോസ്റ്റും ഇടിച്ച് തകർത്തു.

വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വൻ ശബ്ദത്തോടെ റോഡിൽ വീഴുകയും, വൈദ്യുതി ലൈൻ പൊട്ടി വീഴുകയും ചെയ്തു. ശബ്ദം കേട്ട് നാട്ടുകാർ ഓടിയെത്തിയത്. എന്നാൽ
കാറിലേയ്ക്ക് വൈദ്യുതി പ്രവഹിക്കുന്നുണ്ടോ എന്ന് സംശയിച്ച് നാട്ടുകാർ നിന്നത് രക്ഷാപ്രവർത്തനത്തെ ബാധിച്ചു.

നഗരസഭ അംഗം അഡ്വ.ഷീജാ അനിൽ വിളിച്ച് പറഞ്ഞതിനെ തുടർന്ന് കെ.എസ്.ഇ.ബി അധികൃതർ വൈദ്യുതി ബന്ധം വിച്ഛേദിച്ചതോടെയാണ് രക്ഷാപ്രവർത്തനം നടത്താൻ സാധിച്ചത്.

കാറിനുള്ളിൽ നിന്നും പുറത്തെടുത്ത നാല് പേരെയും , പൊലീസ് കൺട്രോൾ റൂം വാഹനത്തിലാണ് ആശുപത്രിയിൽ എത്തിച്ചത്.