
ഹരിപ്പാട്: എയർപോർട്ടിലേക്ക് പോകുന്നതിനിടെ കുടുംബം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് തലകീഴായി മറിഞ്ഞ അപകടത്തിൽ കൈക്കുഞ്ഞ് ഉൾപ്പെടെ നാല് പേർ അത്ഭുതകരമായി പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അപകടം കഴിഞ്ഞദിവസം പുലർച്ചെ 4.30ഓടെ പാനൂർ വാട്ടർ ടാങ്ക് ജങ്ഷന് കിഴക്ക് ഒതളപ്പറമ്പ് ഭാഗത്താണ് ഉണ്ടായത്.
വിദേശത്തേക്ക് പോകുന്ന ചാമേത്ത് വീട്ടിൽ സൂര്യയെ എയർപോർട്ടിലേക്ക് കൊണ്ടുപോകുന്നതിനായി ബന്ധുവായ ഇടയാടിയിൽ വീട്ടിൽ സുധീറും കുടുംബവും യാത്ര ചെയ്യുന്നതിനിടെയാണ് അപകടം. സൂര്യയുടെ വീടിന് തൊട്ടുമുന്നിലെത്തിയപ്പോൾ കാർ നിയന്ത്രണം വിട്ട് ഇടത് വശത്തെ തോട്ടിലേക്ക് തലകീഴായി മറിയുകയായിരുന്നു.
സുധീർ, ഭാര്യ സുലു, മക്കളായ റയാ ഫാത്തിമ (6), ആറുമാസം പ്രായമുള്ള റയാൻ എന്നിവരാണ് കാറിലുണ്ടായിരുന്നത്. അപകടത്തിന്റെ ശബ്ദം കേട്ട് ഓടിയെത്തിയ സൂര്യ ബഹളം വെച്ചതിനെ തുടർന്ന് അയൽവാസിയായ സവാദ് സ്ഥലത്തെത്തി കാറിന്റെ ഡോർ തുറന്ന് നാലുപേരെയും പുറത്തെടുത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തോട്ടിൽ വെള്ളം കൂടുതലില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. നിസാര പരിക്കേറ്റ നാല് പേരെയും തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ കാർ പൂർണമായും തകർന്നു.



