
ആലപ്പുഴ: ആക്സിഡന്റിനെ തുടർന്ന് കാലില്‍ തറച്ച ചില്ലു നീക്കാതെ മുറിവു തുന്നിക്കെട്ടി, വണ്ടാനം മെഡിക്കല്‍ കോളേജിനെതിരെ പരാതി നൽകി യുവാവ്. അഞ്ചുമാസം വേദനസഹിച്ചു നടന്നതിനു ശേഷം സഹകരണ ആശുപത്രിയിലെത്തിയാണ് മുറിവില്‍ നിന്ന് ചില്ല് നീക്കിയതെന്നും പരാതിയില്‍ പറയുന്നു.
പുന്നപ്ര തെക്ക് പഞ്ചായത്ത് കൊച്ചു പറമ്ബ് വീട്ടില്‍ അനന്തുവാണ് പരാതി നല്‍കിയത്. ജൂലായ് 17ന് രാത്രിയുണ്ടായ വാഹനാപകടത്തില്‍ ഇയാള്‍ക്ക് പരിക്കേറ്റിരുന്നു. ആലപ്പുഴ മെഡിക്കല്‍ കോളേജിലെത്തിച്ച യുവാവിന്റെ കാലിലെ മുറിവുകള്‍ തുന്നിക്കെട്ടി പ്ലാസ്‌റ്റർ ഇട്ടശേഷം വാർഡില്‍ അഡ്‌മിറ്റാക്കുകയായിരുന്നു. രണ്ട് ദിവസത്തിന് ശേഷം മുറിവിലെ തുന്നലഴിച്ചു.
പരിശോധനകളില്‍ മറ്റ് കുഴപ്പങ്ങളൊന്നുമില്ലെന്ന് പറഞ്ഞാണ് വീട്ടിലേക്ക് അയച്ചത്. എന്നാല്‍ കാലില്‍ അസഹ്യമായ വേദനകാരണം ലൈറ്റ് ആന്റ് സൗണ്ട് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന അനന്തുവിന് ജോലിക്ക് പോകാൻ സാധിക്കാതെയായി. വേദന അസഹ്യമാവുകയും തുന്നിക്കെട്ടിയ ഭാഗത്ത് മുഴ രൂപപ്പെടുകയും ചെയ്‌തതോടെ ഡിസംബർ 22ന് വീണ്ടും വണ്ടാനം മെഡിക്കല്‍ കോളേജിലെത്തി. ഷുഗർ കൂടുതലാണെന്നും ഐസിയുവില്‍ കിടക്ക സൗകര്യങ്ങള്‍ കുറവാണെന്നും പറഞ്ഞ് രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്‌ടർമാർ തനിക്ക് ചികിത്സ നിഷേധിച്ചെന്ന് അനന്തു ആശുപത്രി സൂപ്രണ്ടിന് നല്‍കിയ പരാതിയില്‍ പറയുന്നു. മറ്റേതെങ്കിലും ആശുപത്രിയില്‍ ചികിത്സ തേടാൻ ഡോക്ടർമാർ പറഞ്ഞതായും കുടുംബം ആരോപിക്കുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പുന്നപ്ര സഹകരണ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് തുന്നലിട്ടിരിക്കുന്ന ഭാഗത്ത് കുപ്പിച്ചില്ല് തറഞ്ഞിരിക്കുന്നതായി കണ്ടെത്തിയത്. തുടർന്ന് നടത്തിയ ശസ്ത്രക്രിയയിലൂടെ ഒന്നരയിഞ്ച് നീളമുള്ള ഫൈബർ ചില്ല് പുറത്തെടുത്തു. സംഭവത്തില്‍ ആശുപത്രി സൂപ്രണ്ടിന് പുറമെ ജില്ലാ കളക്‌ടർക്കും അമ്ബലപ്പുഴ പൊലീസിനും അനന്തു പരാതി നല്‍കി.




