play-sharp-fill
മദ്യലഹരിയിൽ യുവാവ് അമിത വേഗത്തിൽ ഓടിച്ച കാർ സ്‌കൂൾ വിദ്യാർത്ഥികളുമായി എത്തിയ ഓട്ടോറിക്ഷകളിൽ ഇടിച്ചു: സംഭവം വട്ടമൂട് പാലത്തിന് സമീപം അയ്മനത്തു പുഴ കടവിൽ; അപകടത്തിൽ പരിക്കേറ്റ വിദ്യാർത്ഥിയും ഓട്ടോഡ്രൈവറും മെഡിക്കൽ കോളേജ് ആശുപത്രിയിൽ; മദ്യലഹരിയിൽ പാഞ്ഞത് കളത്തിപ്പടി സ്വദേശി

മദ്യലഹരിയിൽ യുവാവ് അമിത വേഗത്തിൽ ഓടിച്ച കാർ സ്‌കൂൾ വിദ്യാർത്ഥികളുമായി എത്തിയ ഓട്ടോറിക്ഷകളിൽ ഇടിച്ചു: സംഭവം വട്ടമൂട് പാലത്തിന് സമീപം അയ്മനത്തു പുഴ കടവിൽ; അപകടത്തിൽ പരിക്കേറ്റ വിദ്യാർത്ഥിയും ഓട്ടോഡ്രൈവറും മെഡിക്കൽ കോളേജ് ആശുപത്രിയിൽ; മദ്യലഹരിയിൽ പാഞ്ഞത് കളത്തിപ്പടി സ്വദേശി

തേർഡ് ഐ ബ്യൂറോ
കോട്ടയം: മദ്യലഹരിയിൽ യുവാവ് അമിത വേഗത്തിലോടിച്ച് കാർ സ്‌കൂൾ കുട്ടികളുമായി എത്തിയ ഓട്ടോറിക്ഷയിൽ ഇടിച്ചു. സ്‌കൂൾ വിദ്യാർത്ഥികൾക്കും ഓട്ടോഡ്രൈവർക്കും അപകടത്തിൽ പരിക്കേറ്റു. എസ്എച്ച് മൗണ്ടിലെ ഇന്ദ്രപ്രസ്ഥാ ബാറിൽ നിന്നും മദ്യപിച്ച ശേഷം അമിത വേഗത്തിൽ പാഞ്ഞ കാറാണ് അപകടത്തിനിടയാക്കിയത്. എസ്എച്ച് മൗണ്ട് സെന്റ് മെർസലിനാസ് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥി സെമീറ, ഓട്ടോ ഡ്രൈവർ നട്ടാശേരി വേങ്ങച്ചേരി ബിനു എന്നിവരെ പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമിത വേഗത്തിൽ കാറോടിച്ച് വിദ്യാർത്ഥികൾ സഞ്ചരിച്ച വാഹനം ഇടിച്ചിട്ട കളത്തിപ്പടി കൊളോനിയ ബ്യൂട്ടിപാർലർ ഉടമ അനിൽകുമാറിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
വ്യാഴാഴ്ച വൈകിട്ട് അഞ്ചുമണിയോടെ വട്ടമൂട് പാലം എ.ആർ ക്യാമ്പ് റോഡിൽ അയ്മനത്ത് പുഴ കടവിന് സമീപമായിരുന്നു അപകടം. ഇന്ദ്രപ്രസ്ഥ ബാറിൽ നിന്നും മദ്യപിച്ച ശേഷം തന്റെ ഹുണ്ടായ് ഇയോൺ കാറിൽ പുറത്തിറങ്ങിയതായിരുന്നു അനിൽകുമാർ. ബാറിൽ നിന്നു തന്നെ അമിത വേഗത്തിൽ കാറുമായി പാഞ്ഞ അനിൽകുമാർ, ലക്കില്ലാതെ പായുകയായിരുന്നുവെന്നു നാട്ടുകാർ പറയുന്നു. അയ്മനത്തു പുഴ കടവിന് സമീപം വച്ച് ആറു സ്‌കൂൾ വിദ്യാർത്ഥികളുമായി പോയ ഓട്ടോറിക്ഷയിൽ കാർ ഇടിച്ചു.
ഇടിച്ച ശേഷം നിയന്ത്രണം നഷ്ടമായ കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന മറ്റൊരു കാറിലും ഇടിച്ചു. അപകടത്തിൽപ്പെട്ട ഓട്ടോറിക്ഷ മറിയാതിരുന്നതാണ് വൻ ദുരന്തമുണ്ടാകാതിരുന്നതിനു കാരണമായത്.
ഇടിയെ തുടർന്ന് പരിക്കേറ്റ കുട്ടികളെ ഉടൻ തന്നെ ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റി. അപകട ശേഷം കാറെടുത്ത് രക്ഷപെടാൻ ശ്രമിച്ച അനിൽകുമാറിനെ നാട്ടുകാർ ചേർന്ന് തടഞ്ഞു വയ്ക്കുകയായിരുന്നു. തുടർന്നു കൺട്രോൾ റൂം വാഹനം എത്തി അനിൽകുമാരിനെ പിടികൂടി ഈസ്റ്റ് പൊലീസിനു കൈമാറി. തുടർന്ന് വാഹനം മാറ്റി റോഡിലെ ഗതാഗത തടസം ഒഴിവാക്കുകയും ചെയ്തു. സംഭവത്തിൽ ഈസ്റ്റ് പൊലീസ് കേസെടുത്തിട്ടുണ്ട്.