
ന്യൂഡൽഹി : ദില്ലിയിൽ അച്ഛനോടൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കവെ അഞ്ചു വയസുകാരി ബിഎംഡബ്ല്യൂ കാറിടിച്ച് മരിച്ചു. സദര്‍പൂര്‍ നിവാസിയായ ഗുല്‍ മുഹമ്മദിന്റെ മകള്‍ ആയത്താണ് മരിച്ചത്. ആശുപത്രിയില്‍ പോയി തിരികെ വീട്ടിലേക്ക് മടങ്ങുമ്പോൾ ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. കാര്‍ ഓടിച്ചിരുന്ന ആളെയും സഹയാത്രികനെയും പൊലീസ് അറസ്റ്റ് ചെയ്തു.
കാറോടിച്ച യഷ് ശര്‍മ്മ (22), അഭിഷേക് റാവത്ത് എന്നിവരാണ് പിടിയിലായത്. സ്‌കൂട്ടറിലുണ്ടായിരുന്ന കുട്ടിയുടെ അമ്മാവനും പരുക്കുണ്ട്.പനി അധികരിച്ചതിനെ തുടര്‍ന്ന് കുഞ്ഞിനെ ഡോക്ടറെ കാണിച്ചശേഷം തിരിച്ച് വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്.കാറിന്റെ അമിത വേഗതയാണ് അപകടകാരണമെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.പിന്നില്‍ നിന്നുവന്ന കാര്‍ നിയന്ത്രണംവിട്ട് ഇവരുടെ സ്‌കൂട്ടറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കുഞ്ഞ് സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു.സംഭവശേഷം പ്രതികള്‍ സ്ഥലത്തു നിന്നും ഓടിരക്ഷപ്പെട്ടിരുന്നു. ഭാരതീയ ന്യായസംഹിതയിലെ സെക്ഷന്‍ 281, 125, 106 (1) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്. പ്രതികള്‍ വിദ്യാര്‍ഥികളാണെന്നാണ് ലഭിച്ചിരിക്കുന്ന വിവരം.