അച്ഛൻ ഓടിച്ച കാർ ടാങ്കറിൽ ഇടിച്ചു: കഴുത്തിൽ ചില്ല് കുത്തിയിറങ്ങി അഞ്ചു വയസുകാരിയ്ക്ക് ദാരുണാന്ത്യം; സംഭവം കറുകച്ചാൽ ശാന്തി പുരത്ത്

അച്ഛൻ ഓടിച്ച കാർ ടാങ്കറിൽ ഇടിച്ചു: കഴുത്തിൽ ചില്ല് കുത്തിയിറങ്ങി അഞ്ചു വയസുകാരിയ്ക്ക് ദാരുണാന്ത്യം; സംഭവം കറുകച്ചാൽ ശാന്തി പുരത്ത്

സ്വന്തം ലേഖകൻ
കറുകച്ചാൽ: അച്ഛൻ ഓടിച്ച കാർ കുടിവെള്ള ടാങ്കർ ലോറിയിൽ ഇടിച്ച് അ്ഞ്ചു വയസുകാരിയ്ക്ക് ദാരുണാന്ത്യം. കറുകച്ചാൽ നെടുങ്ങാടപ്പള്ളി കോഴിക്കുന്നത്ത് ജോർജ് കോശിയുടെ മകൾ തൃഷാ സൂസൻ ജോർജാണ് അമ്മയുടെയും അച്ഛന്റെയും കൺമുന്നിൽ അപകടത്തിൽപ്പെട്ടത്. ലോറിയുമായി കൂട്ടിയിടിച്ച കാറിന്റെ മുൻ വശത്തെ ചില്ല് പൊട്ടിത്തകർന്ന് കുട്ടിയുടെ കഴുത്തിൽ കുത്തിക്കയറുകയായിരുന്നു. രണ്ടു മണിക്കൂറോളം മരണത്തോട് മല്ലടിച്ച കുട്ടി, മെഡിക്കൽ കോളേജ് കുട്ടികളുടെ ആശുപത്രിയിൽ വച്ച് മരിച്ചു.
ബുധനാഴ്ച ഉച്ചയ്ക്ക് 12.45 ന് ചങ്ങനാശേരി വാഴൂർ റോഡിലെ എൻ.എസ്.എസ് ജംഗ്ഷനിൽ ശാന്തിപുരത്തിനു സമീപമായിരുന്നു അപകടം. കൂത്രപ്പള്ളി ഭാഗത്തു നിന്നും ചങ്ങനാശേരിയിലേയ്ക്ക് പോകുകയായിരുന്നു കുടുംബം സഞ്ചരിച്ചിരുന്ന കാർ. എതിർ ദിശയിൽ നിന്നും വരികയായിരുന്നു ടാങ്കർ ലോറി. നിയന്ത്രണം നഷ്ടമായ കാർ, റോഡിന്റെ വരി തെറ്റിച്ച ശേഷം ടാങ്കറിന്റെ മുൻ വശത്തേയ്ക്ക് പാഞ്ഞു കയറി. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻ വശത്തെ ചില്ല് തകർന്ന് കുട്ടിയുടെ കഴുത്തിൽ കുത്തിക്കയറുകയായിരുന്നു. അപകടത്തെ തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് പരിക്കേറ്റവരെ കാറിനുള്ളിൽ നിന്നും പുറത്തിറക്കിയത്. ഉടൻ തന്നെ ഇവരെ എല്ലാം കറുകച്ചാലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഇവിടെ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം മൂന്നു പേരെയും മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. എന്നാൽ, ഉച്ചയ്ക്ക് രണ്ടു മണിയോടെ കുട്ടികളുടെ ആശുപത്രി അത്യാഹിത വിഭാഗത്തിൽ വച്ച് കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു.
അപകടത്തിൽ പരിക്കേറ്റ ജോർജും, ഭാര്യ ആലീസും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. സംഭവത്തിൽ കറുകച്ചാൽ പൊലീസ് കേസെടുത്തു. അപകടത്തെ തുടർന്ന് ഇരുവാഹനങ്ങളും റോഡിനു നടുവിൽ കിടന്നതിനാൽ അരമണിക്കൂറോളം കറുകച്ചാൽ ചങ്ങനാശേരി റോഡിൽ ഗതാഗതം തടസപ്പെട്ടു.