രണ്ടു യുവാക്കളുടെ ജീവനെടുത്ത ബെന്‍സ് കാറിന്റെ ഇൻഷൂറൻസ് കാലാവധി കഴിഞ്ഞിട്ട് 175 ദിവസം, വാഹനത്തിന്റേത് മൂന്നാം ഉടമ; ദിശ തെറ്റി വന്ന കാറില്‍ ബൈക്ക് ഇടിച്ചു കയറിയാണ് അപകടം

Spread the love

അടൂര്‍: ബൈപ്പാസില്‍ ബൈക്ക് യാത്രികരായ രണ്ടു യുവാക്കളുടെ ജീവനെടുത്തത് ഇന്‍ഷുറന്‍സ് ഇല്ലാത്ത ബെന്‍സ് കാർ. ഇന്‍ഷുറന്‍സ് കാലാവധി തീർന്നിട്ട് 175 ദിവസമായെന്നാണ് ആര്‍ടിഓ രേഖകൾ സൂചിപ്പിക്കുന്നത്. ഇന്നലെ രാത്രിയാണ് ബെന്‍സ് കാർ രണ്ടു യുവാക്കളുടെ ജീവനെടുത്തത്.

രാത്രി ഏഴിനുണ്ടായ അപകടത്തില്‍ അടൂര്‍ ചാവടിയില്‍ ഗ്ലോറി വില്ലയില്‍ പരേതനായ സി.ജി.ഗീവര്‍ഗ്ഗീസിന്റേയും ശോഭയുടേയും മകന്‍ ടോം സി. വര്‍ഗീസ് (23), പത്തനംതിട്ട ഓമല്ലൂര്‍ വാഴമുട്ടം മഠത്തില്‍ തെക്കേതില്‍ രാജീവിന്റേയും ശ്രീലതയുടേയും മകന്‍ ജിത്തു രാജ്(26) എന്നിവരാണ് മരിച്ചത്.

കാറില്‍ സഞ്ചരിച്ചിരുന്ന തിരുവനന്തപുരം തൈക്കാട് അനന്തഭവനം രത്‌നമണിയ്ക്ക് നിസാര പരുക്കേറ്റു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ദിശ തെറ്റി വന്ന കാറില്‍ ബൈക്ക് ഇടിച്ചു കയറുന്നതായിട്ടാണ് ദൃശ്യങ്ങളിലുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുഹൃത്തും ഏഴംകുളം സ്വദേശിയുമായ രാഹുല്‍ അടൂര്‍ ബൈപ്പാസിലുള്ള ബൂസ്റ്റര്‍ ചായക്കടയില്‍ ചായ കുടിച്ചു കൊണ്ടിരിക്കുമ്പോള്‍ രാഹുലിന്റെ ബൈക്കുമായി ജിത്തുവും ടോമും കരുവാറ്റ സിഗ്‌നല്‍ ഭാഗത്തേക്ക് ഓടിച്ചു പോകുന്ന വഴിയാണ് അപകടം.

ഈ സമയം കരുവാറ്റ സിഗ്‌നല്‍ ഭാഗത്തുനിന്നും അടൂര്‍ ബൈപ്പാസിലേക്ക് വന്ന ബെന്‍സ് കാര്‍ തെറ്റായ ദിശയില്‍ വന്ന് ടോമും ജിത്തുവും സഞ്ചരിച്ചിരുന്ന മോട്ടോര്‍സൈക്കിള്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരി 12 നാണ് കാറിന്റെ ഇന്‍ഷുറന്‍സ് തീര്‍ന്നത്.

വാഹനത്തിന്റെ മൂന്നാമത്തെ ഉടമയാണ് ഇപ്പോഴുളളത്. കോട്ടയം സബ്‌ ആര്‍ടിഓഫീസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വാഹനത്തിന്റെ ഉടമയുടെ പേര് ബാലമുരളി കൃഷ്ണന്‍ എന്നാണ്. വാഹനം 175 ദിവസമായിട്ടും ഇന്‍ഷുറന്‍സ് പുതുക്കിയിട്ടില്ലെന്നാണ് രേഖകളിലുള്ളത്. നിലവില്‍ കാര്‍ അടൂര്‍ പോലീസിന്റെ കസ്റ്റഡിയിലുണ്ട്.