ഗവർണ്ണറുടെ പൈലറ്റ് പോയ പൊലീസ് വാഹനം ഇടിച്ചു: ലോഡ്ജ് മാനേജർക്ക് പരിക്ക്

ഗവർണ്ണറുടെ പൈലറ്റ് പോയ പൊലീസ് വാഹനം ഇടിച്ചു: ലോഡ്ജ് മാനേജർക്ക് പരിക്ക്

സ്വന്തം ലേഖകൻ
കോട്ടയം: ഗവർണറുടെ സുരക്ഷയ്ക്കായി പോയ പൊലീസ് ജീപ്പ് ഇടിച്ച് ലോഡ്ജ് മാനേജർക്ക് പരിക്ക്. നഗരത്തിലെ സ്വകാര്യ പരിപാടിയിൽ പങ്കെടുക്കാനെത്തിയ ഗവർണർക്ക് അകമ്പടി പോയ വാഹനം ഇടിച്ചാണ് ശാസ്ത്രി റോഡിലെ കണ്ടത്തിൽ ലോഡ്ജ് മാനേജർ വാസുദേവന് പരിക്കേറ്റത്.
ബുധനാഴ്ച രാവിലെ പത്തു മണിയോടെ ശാസ്ത്രി റോഡിൽ വച്ചായിരുന്നു അപകടം. നഗരത്തിലെ സ്വകാര്യ ആശുപത്രിയുടെ പരിപാടിയിൽ പങ്കെടുക്കുന്നതിനായാണ് ഗവർണർ എത്തിയത്. ഗവർണർക്ക് അകമ്പടിയായി ചിങ്ങവനം പൊലീസ് സ്്‌റ്റേഷനിലെ പൊലീസ് ജീപ്പ് ശാസ്ത്രി റോഡിലെ ഇറക്കത്തിലൂടെ വരികയായിരുന്നു. ഇതിനിടെ ഇരുചക്ര വാഹനത്തിൽ റോഡ് മുറിച്ച് കടക്കുകയായിരുന്ന വാസുദേവന്റെ സ്‌കൂട്ടറിൽ പൊലീസ് ജീപ്പ് ഇടിക്കുകയായിരുന്നു. ചിങ്ങവനം എസ്‌ഐ അനൂപ് സി നായരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വാഹനത്തിനുള്ളിലുണ്ടായിരുന്നു. തുടർന്ന് പൊലീസ് വാഹനം നിർത്തി വാസുദേവനെ ആശുപത്രിയിലേയ്ക്ക് മാറ്റി. ജനറൽ ആശുപത്രിയിൽ എത്തിച്ച് ഇദ്ദേഹത്തിനു പ്രാഥമിക ശുശ്രൂഷ നൽകി.
ഗവർണറുടെ സുരക്ഷയിൽ എന്നാൽ വീഴ്ചയുണ്ടായിട്ടില്ല. അപകടത്തെ തുടർന്ന് മറ്റൊരു പൊലീസ് സ്റ്റേഷനിൽ നിന്നുള്ള വാഹനമാണ് ഗവർണറുടെ സുരക്ഷയ്ക്കായി സഞ്ചരിച്ചത്. സംഭവത്തിൽ വെസ്റ്റ് പൊലീസ് കേസെടുത്തു.