
നാട്ടിലേയ്ക്കു മടങ്ങുന്നതിന് ആറു ദിവസം മുൻപ് അയർലൻഡിൽ അപകടം: വൈക്കം സ്വദേശിയായ നഴ്‌സിന് ദാരുണാന്ത്യം
സ്വന്തം ലേഖകൻ
കോട്ടയം: നാട്ടിലേയ്ക്ക് മടങ്ങാൻ ആറു ദിവസം ബാക്കി നിൽക്കെ അയർലൻഡിലുണ്ടായ വാഹനാപകടത്തിൽ വൈക്കം സ്വദേശിയായ നഴ്‌സിന് മരണം. വരിക്കാംകുന്ന് തടത്തിൽ വീണപറമ്പിൽ നെൽസണിന്റെ ഭാര്യ ഷൈമോൾ (37) ആണ് മരിച്ചത്. 27 ന് നാട്ടിലേയ്ക്ക് മടങ്ങിയെത്താനിരിക്കെ വെള്ളിയാഴ്ചയാണ് അയർലൻഡിൽ അപകടമുണ്ടായത്. ഇവർക്കൊപ്പം വാഹനത്തിൽ യാത്ര ചെയ്യുകയായിരുന്ന മറ്റൊരു നഴ്‌സിനും മകനും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്.
വെള്ളിയാഴ്ച വൈകിട്ട് ആ്ൻട്രീമിൽ എ 26 ൽ വച്ചായിരുന്നു അപകടം. ആൻട്രീം ആശുപത്രിയിലെ മലയാളി നഴ്‌സുമാർ സഞ്ചരിച്ചിരുന്ന കാർ എ 26 ൽ വച്ച് മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ കാറിലുണ്ടായിരുന്ന എല്ലാവർക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ബെൽഫാസ്റ്റ് റോയൽ വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഷൈമോളുടെ ഭർത്താവ് നെൽസണും മക്കളും ബന്ധുവിന്റെ മനസമ്മത ചടങ്ങിൽ പങ്കെടുക്കാൻ ദിവസങ്ങൾക്ക് മുൻപ് നാട്ടിലെത്തിയിരുന്നു. അപകടത്തിന്റെ വിവരമറിഞ്ഞ് നെൽസൺ അയർലൻഡിലേയ്ക്ക് മടങ്ങിയിട്ടുണ്ട്. 29 ന് നാട്ടിൽ നടക്കുന്ന ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാനിരിക്കെയാണ് അപകടം.
കടപ്ലാമറ്റം മാറിടം രാമച്ചനാട്ട് തോമസ് മാത്യു – മേരി ദമ്പതികളുടെ മകളാണ് ഷൈമോൾ. മക്കൾ – ലിയോണ, റിയാന, ഈഡൻ (മൂന്നു പേരും അയർലൻഡിൽ വിദ്യാർത്ഥികളാണ്)