
തേർഡ് ഐ ബ്യൂറോ
കോട്ടയം: അയ്യപ്പജ്യോതിയുടെ കുരുക്കിൽ കുടുങ്ങിയ ആംബുലൻസിനു മുന്നിൽ അരകിലോമീറ്ററോളം ഓടി വഴിയൊരുക്കിയ പൊലീസുകാരന്റെ വീഡിയോ വൈറലായി. ഒരാഴ്ചയിലേറിയായി കോട്ടയം നഗരത്തിൽ തുടരുന്ന ഗതാഗക്കുരുക്കിലാണ് ആംബുലൻസ് കുടുങ്ങിയത്. പുളിമൂട് ജംഗ്ഷനിലെ കുരുക്കിൽ നിന്നു ആംബുലൻസിനെ കടത്തിവിടാനാണ് ഹൈവേ പട്രോളിംഗ് സംഘത്തിലെ സിവിൽ പൊലീസ് ഓഫിസറും വൈക്കം ചെമ്പ് സ്വദേശിയുമായ രഞ്ജിത്താണ് അരകിലോമീറ്ററോളം മുന്നിലോടിയത്. സ്റ്റാർ ജംഗ്ഷൻ മുതൽ തിരുനക്കര മൈതാനം വരെയുള്ള രഞ്ജിത്ത്ിന്റെ ഓട്ടം ആംബുലൻസിലിരുന്ന യാത്രക്കാരൻ മൊബൈലിൽ പകർത്തി ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തതോടെയാണ് ഇത് വൈറലായി മാറിയത്. തുടർന്ന് രഞ്ജിത്തിനെ അഭിനന്ദിച്ച് നിരവധി പേരാണ് കമന്റുകൾ അയക്കുന്നത്.


കഴിഞ്ഞ 27 ന് അയ്യപ്പജ്യോതി നടക്കുന്നതിനിടെയാണ് നഗരമധ്യത്തിൽ വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടത്. ശീമാട്ടി റൗണ്ടാന മുതൽ നീണ്ട കുരുക്ക് പലപ്പോഴും എംസി റോഡിനെ ശ്വാസം മുട്ടിച്ചു. തുടർന്ന് ഇത് കോടിമത വരെ നീണ്ടു. ഇതിനിടെയാണ് ചങ്ങനാശേരി ഭാഗത്തു നിന്നും സ്റ്റാർ ജംഗ്ഷനിലേയ്ക്ക് ആംബുലൻസ് എത്തിയത്. ഈ സമയം ഹൈവേ പട്രോളിംഗ് സംഘത്തിനൊപ്പം സ്റ്റാർ ജംഗ്ഷനിൽ നിൽക്കുകയായിരുന്നു രഞ്ജിത്ത്. വാഹനങ്ങൾ കുരുക്കിൽ കുടുങ്ങിക്കിടക്കുന്നത് കണ്ട് ജീപ്പിൽ നിന്നു പുറത്തിറങ്ങിയ രഞ്ജിത്ത് ആംബുലൻസ് കടന്നു പോകാൻ വഴിയൊരുക്കാൻ ശ്രമിച്ചു. ഇത് സാധിക്കാതെ വന്നതോടെ റോഡിലേയ്ക്കിറങ്ങി നിന്ന് ഓരോ വാഹനങ്ങളും മാറ്റാനായി ശ്രമം. ഇത് വിജയിച്ചതോടെയാണ് രഞ്ജിത്ത് മുന്നിലോടി ഓരോ വാഹനവും നീക്കി ആംബുലൻസിനു വഴിയൊരുക്കിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടെ സ്റ്റാർ ജംഗ്ഷൻ മുതൽ തിരുനക്കര വരെയുള്ള വാഹനങ്ങളെ ഓരോന്നിനെയായി വകഞ്ഞു മാറ്റിയായിരുന്നു രഞ്ജിത്തിന്റെ ഓട്ടം. ഇതിനിടെ രണ്ടിടത്ത് വനിതാ എസ്‌ഐ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥർ രഞ്ജിത്തിനെ സഹായിക്കാനായി എത്തുന്നത് വീഡിയോയിൽ വ്യക്തമായി കാണാം.
ഇത്തരത്തിൽ വൻ സാഹസപ്പെട്ടാണ് രഞ്ജിത്ത് വാഹനം കടത്തി വിടുന്നത്. വീഡിയോ സ്മാർട്ട് പിക്‌സ് മീഡിയ എന്ന സോഷ്യൽ മീഡിയ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തതോടെയാണ് വൈറലായി മാറിയത്. പൊലീസുകാരനെ അഭിനന്ദിച്ച് നൂറുകണക്കിന് ആളുകളാണ് രംഗത്ത് എത്തിയിരിക്കുന്നത്. ഇതോടെയാണ് തേർഡ് ഐ ന്യൂസ് ലൈവ് സംഘം പൊലീസുകാരൻ ആരാണെന്നറിയാൻ അന്വേഷണം നടത്തിയത്. തുടർന്നാണ് രഞ്ജിത്താണ് പൊലീസുകാരൻ എന്ന് കണ്ടെത്തിയത്. മികച്ച രീതിയിൽ തന്റെ കർത്തവ്യം നിർവഹിച്ച പൊലീസുകാരൻ പുരസ്‌കാരം നൽകണമെന്നാണ് സാധാരണക്കാരായ നാട്ടുകാർ ആവശ്യപ്പെടുന്നത്.
ദിവസങ്ങളായി കോട്ടയം നഗരത്തെ കുരുക്കുന്ന ഗതാഗതക്കുരുക്കാണ് ഇപ്പോഴത്തെയും പ്രശ്‌നങ്ങൾക്ക് കാരണം. ഇത് പരിഹരിക്കാൻ ജില്ലാ പൊലീസ് മേധാവി അടക്കമുള്ളവർ ഇടപെടണമെന്നാണ് ആവശ്യം.