തേർഡ് ഐ ബ്യൂറോ
കോട്ടയം: എം.സി റോഡിൽ നീലിമംഗലം പാലത്തിൽ ബൈക്ക് യാത്രക്കാരനെ ഇടിച്ചു വീഴ്ത്തിയ ശേഷം കെ.എസ്.ആർ.ടി.സി ബസ് നിർത്താതെ പോയി. അപകടത്തിൽ പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിക്കാനുള്ള മര്യാദ പോലും കാട്ടാതെ, സമയമില്ലെന്നും ട്രിപ്പ് കട്ടാമെന്നുമുള്ള ന്യായം നിരത്തിയാണ് കെ.എസ്.ആർ.ടി.സി ലോ ഫ്‌ളോർ എ.സി ബസ് സ്ഥലം വിട്ടത്. അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രക്കാരൻ അലൻ ആന്റണി (29) മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിലാണ്. ബസ് തടഞ്ഞു നിർത്തിയ നാട്ടുകാരെ ഭീഷണിപ്പെടുത്തിയ ശേഷമാണ് കെ.എസ്.ആർ.ടി.സി ബസ് ജീവനക്കാർ സ്ഥലം വിട്ടത്.
ചൊവ്വാഴ്ച വൈകിട്ട് മൂന്നരയോടെ സംക്രാന്തിയിൽ നീലിമംഗലം പാലത്തിനു സമീപമായിരുന്നു അപകടം. ലോ ഫ്‌ളോർ എസി ബസാണ് അപകടത്തിന് ഇടയാക്കിയത്. കോട്ടയത്തു നിന്നും എറണാകുളം റൂട്ടിൽ സർവീസ് നടത്തുകയായിരുന്ന എ.സി ലോഫ്‌ളോർ ബസാണ് ഇതേ റൂട്ടിൽ വന്ന ബൈക്കിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ ബൈക്ക് യാത്രക്കാരന്റെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങിയതായി നാട്ടുകാർ ആരോപിക്കുന്നു. അപകടത്തെ തുടർന്ന് നാട്ടുകാർ ചേർന്ന് ബസ് തടഞ്ഞു നിർത്തി. പരിക്കേറ്റ് കിടക്കുന്ന ആളെ ആശുപത്രിയിൽ എത്തിക്കാൻ ബസ് ജീവനക്കാരോട് ആവശ്യപ്പെട്ടു. എന്നാൽ, തങ്ങളുടെ വാഹനം ഇടിച്ചിട്ടില്ലെന്നായിരുന്നു കെ.എസ്ആർടിസി ജീവനക്കാരുടെ വാദം. ഇതിനിടെ അപകടത്തിനിടയാക്കിയ ബസിന്റെ ചിത്രം മൊബൈലിൽ പകർത്താൻ ശ്രമിച്ച നാട്ടുകാരോടു ബസ് ജീവനക്കാർ മോശമായി പെരുമാറുകയും ചെയ്തു. സർവീസിൽ നടത്തുന്ന ബസ് തടഞ്ഞാലുണ്ടാകുന്ന പ്രത്യാഘാതം അറിയുമോ..? തന്നെയൊക്കെ കേസിൽ കുടുക്കിക്കളയും എന്നായിരുന്നു ജീവനക്കാരുടെ ഭീഷണി. തുടർന്ന് ബസ് എടുത്ത ശേഷം എറണാകുളം ഭാഗത്തേയ്ക്ക് വിട്ടു പോകുകയും ചെയ്തു. കെ.എൽ 15 എ 404 നമ്പരിലുള്ള ലോ ഫ്‌ളോർ ബസാണ് അപകടത്തിനു ശേഷം നിർത്താതെ വിട്ടു പോയത്.
തുടർന്ന് നാട്ടുകാർ ഇടപെട്ട് സ്വകാര്യ വാഹനത്തിൽ ബൈക്ക് യാത്രക്കാരനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ഇയാൾ മെഡിക്കൽ കോളേജ് ആത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ്. അപകടത്തിൽപ്പെട്ട വാഹനം നിർത്തി പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിക്കാനുള്ള മനുഷത്വം പോലും കാട്ടാതെയാണ് കെ.എസ്.ആർ.ടി.സി ജീവനക്കാർ സ്ഥലം വിട്ടത്. സംഭവത്തിൽ ഗാന്ധിനഗർ പൊലീസ് കേസെടുത്തിട്ടുണ്ട്.