സ്വന്തം ലേഖകൻ
മൂലമറ്റം: തൊടുപുഴ- വാഗമൺ പാതയിൽ കാഞ്ഞാറിന് സമീപം കൂവപ്പിളളി പൊട്ടങ്ങാത്തോട്ടിൽ മലവെള്ള പാച്ചിലിലേക്ക് വിനോദ സഞ്ചാരികൾ സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ തെറിച്ചു വീണു.യാത്രക്കാരായ യുവാവും യുവതിയും അദ്‌ഭുതകരമായി രക്ഷപെട്ടു.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു സംഭവം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മലപ്പുറം സ്വദേശിയായ യുവാവും വനിതാ സുഹൃത്തും വാഗമൺ സന്ദർശിച്ച ശേഷം തിരികെ വരുമ്പോഴായിരുന്നു സ്കൂട്ടർ അപകടത്തിൽപ്പെട്ടത്. കഴിഞ്ഞ ദിവസം കൂവപ്പള്ളിയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ചപ്പുചവറുകളും തടിക്കഷണങ്ങളും പാലത്തിൽ വന്നടിഞ്ഞിരുന്നു. ഇതിന് പിന്നാലെ ഇന്നലെ ഉച്ചയോടെ പെയ്‌ത മഴയിൽ തോട്ടിൽ ശക്‌തമായ മഴലവെള്ളപ്പാച്ചിലിൽ പാലത്തിന് മുകളിലൂടെ വെള്ളം ഒഴുകുന്നുണ്ടായിരുന്നു.
വാഗമൺ ഭാഗത്തു നിന്നെത്തിയ ഇവർ പാലത്തിലൂടെ മറുകര കടക്കുമ്പോൾ ശക്‌തമായി വെള്ളപ്പാച്ചിലിൽ സ്‌കൂട്ടർ നിന്ത്രണംവിട്ട് മറിഞ്ഞ് ഇരുവരും റോഡിലേയ്‌ക്ക് തെറിച്ചു വീഴുകയായിരുന്നു. ഇതിനിടെ ഓടിമാറാൻ കഴിഞ്ഞതിനാൽ അപകടത്തിൽ നിന്ന് രക്ഷപെടാൻ സാധിച്ചു.
ശക്‌തമായ മലവെള്ളപ്പാച്ചിലിൽ ഇവർ സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ പാലത്തിന് താഴേയ്‌ക്ക് പതിച്ചു. പിന്നീട് നാട്ടുകാരുടെ നേതൃത്വത്തിൽ വാഹനം കരയ്‌ക്കു കയറ്റി. കാക്കാനാട്ടുള്ള സ്വകാര്യ സ്‌ഥാപനത്തിലെ ജീവനക്കാരാണ് ഇരുവരും. കഴിഞ്ഞ ശനിയാഴ്‌ച കാഞ്ഞാറിന് സമീപം മൂന്നുങ്കവയലിൽ വാഗമൺ സന്ദർശിച്ച് കാറിൽ മടങ്ങുകയായിരുന്ന കൂത്താട്ടുകുളം സ്വദേശികളായ യുവാവും യുവതിയും മലവെള്ളപ്പാച്ചിലിൽ അകപ്പെട്ടു മരണമടഞ്ഞിരുന്നു.