അബുദാബി വിമാനത്താവളത്തിൽ ചെക്ക് ഇൻ സേവനങ്ങളുടെ നിരക്ക് കുറച്ചു; പാസ്‌പോർട്ടോ എമിഗ്രേഷൻ ഐഡി കാണിക്കാതെ യാത്രക്കാർക്ക് യാത്രാനുമതി നേടാനാകുന്ന സംവിധാനമാണ് അബുദാബി വിമാനത്താവളത്തിൽ ആരംഭിച്ചിരിക്കുന്നത്:
സ്വന്തം ലേഖകൻ
അബുദാബി:അബുദാബി രാജ്യാന്തര വിമാനത്താവളത്തിൽ ചെക്ക് ഇൻ സേവനങ്ങളുടെ നിരക്ക് കുറച്ചു. ചെക്ക് ഇൻ സേവനങ്ങൾക്ക് 10 ദിർഹമാണ് കുറച്ചത്. നേരത്തെ പ്രായപൂർത്തിയായ യാത്രക്കാരന് 45 ദിർഹമായിരുന്ന ചെക്ക് ഇൻ തുക 35 ദിർഹമായി കുറഞ്ഞു. ഒരു കുട്ടിയ്ക്ക് 25 ദിർഹവും ശിശുവിന് 15 ദിർഹവും നൽകണം.
അബുദാബി വിമാനത്താവളത്തിൽ എമിഗ്രേഷൻ നടപടികൾ പൂർത്തീകരിക്കാൻ ബയോമെട്രിക് സംവിധാനങ്ങൾ ഉപയോഗിച്ചുതുടങ്ങിയിരുന്നു. ഫേസ് റെക്കഗ്നിഷൻ സംവിധാനത്തിന്റെ സാധ്യത പ്രയോജനപ്പെടുത്തുന്നതിനാൽ ഇനി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്നവർക്ക് സ്വന്തം മുഖം തന്നെ അവരവരുടെ ബോർഡിംഗ് പാസാക്കാം. പാസ്‌പോർട്ടോ എമിഗ്രേഷൻ ഐഡിയോ പോലും കാണിക്കാതെ യാത്രക്കാർക്ക് മിനിറ്റുകൾക്കുള്ളിൽ യാത്രാനുമതി നേടാനാകുന്ന സംവിധാനമാണ് അബുദാബി വിമാനത്താവളത്തിൽ ആരംഭിച്ചിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിമാനത്താവളത്തിലെ കാത്തിരിപ്പുസമയവും തിരക്കും നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടി. തെരഞ്ഞെടുക്കപ്പെട്ട സെൽഫ് സർവീസ് ബാഗേജ് ടച്ച് പോയിന്റുകൾ, എമിഗ്രേഷൻ ഇ ഗേറ്റുകൾ, ബോർഡിംഗ് ഗേറ്റുകൾ എന്നിവിടങ്ങളിലാണ് ഇപ്പോൾ ഫേസ് റെക്കഗ്നിഷൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത്. വരും ദിവസങ്ങളിൽ സംവിധാനം കൂടുതൽ ഗേറ്റുകളിലേക്കും കൊണ്ടുവരും.
ആധുനിക സാങ്കേതികവിദ്യ കൂടുതൽ ടച്ച് പോയിന്റുകളിലേക്ക് ഉടൻ വ്യാപിപ്പിച്ച് എല്ലാ ടച്ച് പോയിന്റുകളിലും ബയോമെട്രിക് സംവിധാനം ഉപയോഗിക്കുന്ന ആദ്യത്തെ അന്താരാഷ്ട്ര വിമാനത്താവളം എന്ന നേട്ടം സ്വന്തമാക്കാനാണ് അബുദാബി പദ്ധതിയിടുന്നത്. കൂടാതെ പുതിയ സാങ്കേതികവിദ്യ വിമാനത്താവളത്തിലെത്തുന്നവരുടെ യാത്രാനുഭവം മെച്ചപ്പെടുത്തുമെന്നും അബുദാബി വിമാനത്താവളം അധികൃതർ പ്രതീക്ഷിക്കുന്നുണ്ട്. അത്യാധുനിക ബയോമെട്രിക് ക്യാമറകളാണ് വിമാനത്താവളത്തിലെ ഓരോ പോയിന്റുകളിലും സ്ഥാപിച്ചിരിക്കുന്നതെന്നും ഇത് സുരക്ഷ വർധിപ്പിക്കുമെന്നും അധികൃതർ വ്യക്തമാക്കി