കുഞ്ഞിന്റെ അസാധാരണമായ വളർച്ച ; അബോർഷൻ നടത്താൻ യുവതിയ്ക്ക് ഹൈക്കോടതിയുടെ അനുമതി

കുഞ്ഞിന്റെ അസാധാരണമായ വളർച്ച ; അബോർഷൻ നടത്താൻ യുവതിയ്ക്ക് ഹൈക്കോടതിയുടെ അനുമതി

സ്വന്തം ലേഖിക

കൊച്ചി : കൃത്രിമ ബീജസങ്കലനത്തിലൂടെയുണ്ടായ ഗർഭം അവഗണിക്കാനാവാത്ത കാരണമുള്ളതിനാൽ 20 ആഴ്ചകൾ കഴിഞ്ഞത് കണക്കിലെടുക്കാതെതന്നെ അലസിപ്പിക്കാൻ ഹൈക്കോടതിയുടെ അനുമതി. 37-ാം വയസ്സിൽ കൃത്രിമ ബീജസങ്കലനത്തിലൂടെ (ഐവിഎഫ്) ധരിച്ച ഗർഭം തുടരുന്നതും പ്രസവിക്കുന്നതും അമ്മയുടെ ജീവഹാനിക്കുവരെ കാരണമാകുമെന്ന മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നൽകിയ ഹർജിയിലാണ് കൊല്ലം കോട്ടയ്ക്കകം സ്വദേശിനിക്ക് അനുകൂലമായി ജസ്റ്റിസ് പി ബി സുരേഷ് കുമാർ ഉത്തരവിറക്കിയത്. ഗർഭം അലസിപ്പിക്കുന്നത് യുവതിയുടെ ജീവൻ അപകടത്തിലാക്കുമെന്ന മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് സർക്കാരിനുവേണ്ടി ഹാജരായ ഗവ. പ്ലീഡർ ബി വിനീതാ ഹരിരാജ് കോടതിയിൽ ഹാജരാക്കി. പക്ഷേ, ഹർജിക്കാരി നിലപാടിൽ ഉറച്ചുനിന്നു. തുടർന്ന് അപകടസാധ്യത സ്വയം നേരിടണമെന്ന ഉപാധിയോടെ ഗർഭം അലസിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കാമെന്ന് കോടതി വ്യക്തമാക്കി.

കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽനിന്നാണ് ഐവിഎഫ് ട്രീറ്റ്‌മെന്റിലൂടെ ഹർജിക്കാരി ഗർഭം ധരിച്ചത്. സെപ്തംബർ രണ്ടിന് സ്‌കാൻ ചെയ്തപ്പോൾ ഗർഭത്തിലുള്ള കുഞ്ഞിന്റെ തല അസാധാരണമാംവിധം വളരുന്നതായി ശ്രദ്ധയിൽപ്പെട്ടു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയും ഇത് സ്ഥിരീകരിച്ചു. ഗർഭം തുടരുന്നത് യുവതിയുടെ മാനസിക ശാരീരിക ആരോഗ്യത്തെ ബാധിക്കുമെന്നും മരണത്തിനുവരെ കാരണമായേക്കുമെന്നും ഡോക്ടർമാർ അറിയിച്ചു. ഗർഭം തുടർന്നാലും കുഞ്ഞ് വൈകല്യത്തോടെ ജനിക്കാനുള്ള സാധ്യതയാണുള്ളതെന്നും ബോധ്യപ്പെടുത്തി. നിയമപരമായി ഗർഭം അലസിപ്പിക്കാൻ അനുവദിക്കപ്പെട്ട 20 ആഴ്ച തികയുന്നതിനുമുമ്പ് സെപ്തംബർ അഞ്ചിനാണ് യുവതി തിരുവനന്തപുരം എസ്യുടി ആശുപത്രിയിലെത്തിയത്. എന്നാൽ, പരിശോധനകളും മറ്റും കഴിഞ്ഞപ്പോൾ 20 ആഴ്ച കഴിഞ്ഞു. 20 ആഴ്ച കഴിഞ്ഞാൽ ഗർഭം അലസിപ്പിക്കൽ അനുവദനീയമല്ലെന്നാണ് 1971ലെ മെഡിക്കൽ ടെർമിനേഷൻ പ്രഗ്നൻസി ആക്ട് പറയുന്നത്. ഇത് ചൂണ്ടിക്കാട്ടി ഗർഭം അലസിപ്പിക്കാൻ വിസമ്മതിച്ച ഡോക്ടർ യുവതിയെ ഡിസ്ചാർജ് ചെയ്തു. ഗർഭിണിയായി തുടരുന്നത് ജീവൻ അപകടത്തിലാക്കിയേക്കാമെന്നും പ്രസവം നടന്നാലും കുഞ്ഞിനും അമ്മയ്ക്കും ജീവഹാനിവരെ ഉണ്ടാക്കിയേക്കാമെന്നുമുള്ള മെഡിക്കൽ റിപ്പോർട്ട് പരിഗണിക്കാതെയാണ് ആശുപത്രി അധികൃതർ നിലപാടെടുത്തതെന്ന് ചൂണ്ടിക്കാട്ടി യുവതി കോടതിയെ സമീപിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തിൽ കോടതി സർക്കാരിനോട് വിശദീകരണം തേടി. തുടർന്നാണ് ഗർഭം അലസിപ്പിക്കുന്ന നടപടി സങ്കീർണമാണെന്നും അപകടകരമാണെന്നുമുള്ള അഞ്ചംഗ മെഡിക്കൽ ബോർഡിന്റെ നിഗമനം സർക്കാർ കോടതിയെ അറിയിച്ചത്. ഇക്കാര്യം ഹർജിക്കാരിയുടെ ബന്ധുക്കളെയും അറിയിച്ചു. എന്നാൽ, നടപടിക്ക് തയ്യാറാണെന്ന് അവരും കോടതിയെ അറിയിച്ചു. തുടർന്നാണ് കോടതിയുടെ ഉത്തരവ്. ഗർഭം 20 ആഴ്ച കഴിഞ്ഞാൽ അലസിപ്പിക്കൽ അനുവദനീയമല്ലെന്ന് ആക്ടിൽ പറയുന്നുണ്ടെങ്കിലും അനിവാര്യഘട്ടങ്ങളിൽ ആവാമെന്ന സുപ്രീംകോടതിവിധികൾ കോടതി പരിഗണിച്ചു. ഗർഭധാരണം നടന്നിട്ട് 21 ആഴ്ച മാത്രമേ ആയിട്ടുള്ളൂവെന്നതും കോടതി വിലയിരുത്തി.