video
play-sharp-fill
ഒന്നര  വർഷം മുമ്പ് അബിൻ മതിൽ  ചാടിയത്  ദുരന്തത്തിലേക്ക്..

ഒന്നര വർഷം മുമ്പ് അബിൻ മതിൽ ചാടിയത് ദുരന്തത്തിലേക്ക്..

സ്വന്തംലേഖകൻ

ജീവന്റെ വിലയെന്താണ് എന്ന് അബിൻ എന്ന പതിനാറുകാരന് ഇപ്പോൾ നന്നായറിയാം. ഒരു കൊച്ചുകുസൃതി എങ്ങനെ ജീവനു ഭീഷണിയാകാം എന്ന് കാണിച്ചുതരുന്ന അബിന്റെ കഥ എല്ലാ മാതാപിതാക്കളും കുട്ടികളും മനസ്സിലാക്കേണ്ടതാണ്. വിജനമായ വഴിയിലൂടെ നടന്ന് മതിൽചാടിവരുന്ന കുസൃതിത്തരം വേണ്ട എന്ന് അബിനെ അച്ഛനും അമ്മയും വിലക്കിയിട്ടും കൂട്ടുകാർ പിരിഞ്ഞുപോയാലുള്ള ബോറടിമാറ്റാൻ അബിൻ തിരഞ്ഞെടുത്തത് ഊടുവഴിയും മതിൽചാട്ടവുമാണ്. ഒന്നരവർഷം മുൻപ് അബിൻ മതിൽ ചാടിയത് ഒരു അണലിയുടെ മുന്നിലേക്കായിരുന്നു. കടിയേറ്റ് വീട്ടിലെത്തിയ അബിൻ തന്റെ പരിമിതമായ പ്രഥമ ശുശ്രൂഷാ അറിവുവച്ച് മുറിവിൽ നിന്നും വലിയ അളവിൽ വിഷം കലർന്ന രക്തം അമർത്തിക്കളഞ്ഞു. മുറിവ് സോപ്പിട്ട് കഴുകി. സത്യം അച്ഛനോടും അമ്മയോടും പറയണം എന്ന് തോന്നിയെങ്കിലും കുറ്റബോധം അനുവദിച്ചില്ല. കാലിൽ കല്ലുകൊണ്ട് മുറിഞ്ഞു എന്നാണ് പറഞ്ഞത്. രാത്രി ഏറെ വൈകി ഛർദ്ദിയും കാലുകളിൽ നീർക്കെട്ടും ഉണ്ടായി, അടുത്തുള്ള ആശുപത്രിയിലെത്തി എക്‌സ്‌റേ എടുത്തു. ഒടിവൊന്നുമില്ല എന്നു ഉറപ്പാക്കി വീട്ടിലെത്തി, പിറ്റേന്ന് രാവിലെ നീർക്കെട്ട് ദേഹമാകെ വ്യാപിച്ചു.. വീണ്ടും ആശുപത്രിയിലെത്തി. രക്തപരിശോധനയിൽ പ്ലേറ്റ്‌ലെറ്റ്‌സ് വല്ലാതെ കുറയുന്നതായി കണ്ടു. ഉടനടി രാജഗിരി ആശുപത്രിയിലേക്ക് റഫർ ചെയ്തു. പ്രശ്‌നം ഗുരുതരമാകുന്നത് അബിനെ കൂടുതൽ മൗനത്തിലാഴ്ത്തി.പാമ്പുകടിയേറ്റ് 16 മണിക്കൂർ കഴിഞ്ഞാണ് അബിനെ രാജഗിരി ആശുപത്രിയിലെത്തിച്ചത്. അബിന്റെ ഗുരുതരാവസ്ഥ മനസ്സിലാക്കിയ മെഡിക്കൽ ഡയറക്ടർ എം.എൻ ഗോപിനാഥൻ നായർ ഉടനടി അബിനെ ക്രിട്ടിക്കൽ കെയർ മെഡിസിന് കീഴിലുള്ള മെഡിക്കൽ ഐസിയുവിലേക്ക് മാറ്റി. ലക്ഷണം വച്ച് പാമ്പുകടി സംശയിച്ചതിനാൽ ടോക്‌സിൻ ടെസ്റ്റ് നടത്തി, ആന്റി സ്‌നേക്ക് വെനം ഇൻജക്ഷൻ നൽകി. മതിൽ ചാടി വീട്ടിലെത്തിയ അബിൻ പാമ്പുകടിയേറ്റതിനെ കുറിച്ച് മുത്തശ്ശിയോടു ചോദിച്ചത് മുത്തശ്ശി വെളിപ്പെടുത്തി. ഇതോടെ പാമ്പുകടി സ്ഥിരീകരിച്ചു. ഇതിനിടെ ഇരുകവിളുകളുടേയും വശത്തുള്ള പരോട്ടിഡ് ഗ്രന്ഥി വീർത്തുവന്നു.അണലിയുടെ കടിയേറ്റാൽ കാണിക്കുന്ന ഏറ്റവും ഗുരുതരമായ ലക്ഷണം. വിഷം എല്ലാ അവയവങ്ങളേയും ബാധിച്ചിരുന്നതായി രാജഗിരി ക്രിട്ടിക്കൽ കെയർ മെഡിസിൻ സീനിയർ കണസൽറ്റന്റും വകുപ്പുതലവനുമായ ഡോ. ജേക്കബ് വർഗീസ് പറയുന്നു. അബിന്റെ കാലിൽ അണുബാധ വളരെ കൂടുതലായി കോശങ്ങൾ മരിച്ചിരുന്നു. രക്തം കട്ട പിടിക്കുന്നതിലുള്ള അപാകത മൂലം ശരീരമാസകലം രക്തം പൊടിഞ്ഞുതുടങ്ങി. കിഡ്‌നി രണ്ടും തകരാറിലായി, തലച്ചോറിനകത്ത് രക്തസ്രാവം ഉണ്ടായി, രണ്ട് കണ്ണിലും ഞരമ്പുപൊട്ടി കാഴ്ച നഷ്ടപ്പെട്ടു, തലച്ചോറിൽ ഹോർമോണുകളെ നിയന്ത്രിക്കുന്ന പിറ്റിയൂട്ടറി ഗ്രന്ഥി തകരാറിലായി, ഇങ്ങനെ ഒട്ടേറേ പ്രശ്‌നങ്ങളാണ് പരിഹരിക്കാനുണ്ടായിരുന്നത്. പിന്നീടുള്ള 50 ദിവസം തുടർച്ചയായി ഡയാലിസിസ്, കാലിൽ പ്ലാസ്റ്റിക് സർജറി, തുടങ്ങി വിവിധ മാർഗ്ഗങ്ങളിലൂടെ പ്രശ്‌നങ്ങൾ ഓരോന്നായി പരിഹരിച്ചു.കണ്ണു ചികിത്സയ്ക്കായി കോയമ്പത്തൂരിലെ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലേക്ക് അയച്ചു. ഇപ്പോൾ കാഴ്ചയും തിരികെ ലഭിച്ചു. അബിന്റെ ജീവൻ രക്ഷിക്കാനായത് വലിയ നേട്ടം തന്നെയാണ്. ഈ വിജയം ദൈവകൃപയും രാജഗിരി ആശുപത്രി ടീമിന്റെ വിജയവുമാണ്- ഡോ. ജേക്കബ്ബ് വർഗ്ഗീസ് പറയുന്നു.

പാമ്പുകടി ഏറ്റാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ..

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1 . പാമ്പുകടി ഏറ്റ ഭാഗം ഇളക്കാനാകാത്തവിധം ഉറപ്പിക്കുക.

2 . മുറിവിൽ അമർത്തുകയോ ഞെക്കുകയോ ഈമ്പുകയോ ചെയ്യരുത്.

4 .വെപ്രാളപ്പെടാതിരിക്കുക.

5 . എന്ത് തരം പാമ്പാണെന്നു തിരിച്ചറിയുവാൻ ശ്രമിക്കുക.

6 . പാമ്പുകടി ഏറ്റ ഭാഗത്തുള്ള ആഭരണങ്ങൾ, വാച്ച്, ചരട് മുതലായവ ഊരി മാറ്റുക.

പ്രാഥമിക പരിചരണങ്ങൾ..
1 . പാമ്പുകടി ഏറ്റ ഭാഗം നല്ല പോലെ വെള്ളത്തിൽ വൃത്തിയായി കഴുകുക.

2 . പാമ്പുകടി ഏറ്റ ഭാഗം ഇളക്കാനാകാത്തവിധം ഉറപ്പിക്കുക.

3 . മുറിവിനു ചുറ്റും അടയാളം വരയ്ക്കുക.

4 . പാമ്പുകടി ഏറ്റ ഭാഗത്തിനു മുകളിൽ വിസ്താരമുള്ള തോർത്ത് അല്ലെങ്കിൽ സ്റ്റേരിൽ ബാൻഡേജ് കൊണ്ട് അധികം മുറുക്കം വരാത്ത രീതിയിൽ കെട്ടുക. രക്തയോട്ടം തടയാത്ത വിധം വേണം തുണി കെട്ടാൻ. റബ്ബർ ബാൻഡ്, കയർ മുതലായവ ഉപയോഗിക്കരുത്.

5 . എത്രയും പെട്ടെന്ന് അടുത്തുള്ള ആശുപത്രിയിൽ എത്തുക.

കുട്ടികൾക്ക് പാമ്പുകടി ഏറ്റാൽ..

1 . മുറിവു കണ്ടാൽ ഭയപ്പെടുത്താതെയും സ്നേഹത്തോടെ ഇടപെട്ടും കുട്ടിയിൽ നിന്നും മുറിവിന്റെ കാരണം അന്വേഷിച്ചു കണ്ടുപിടിക്കുക.

2 . സംശയകരമായ മുറിവുകൾ കണ്ടാൽ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ ചെല്ലുക. ഡോക്ടറിനോട് സംശയവിവരം അറിയിക്കുക.