പ്രാണന്റെ പ്രാണനായ മകളെ നെഞ്ചോടു ചേര്‍ത്തു അമ്മ സിജി…പൊന്നുമോളെ  വാരിപ്പുണര്‍ന്നു ചുംബിച്ചു ; കയ്യില്‍നിന്ന് വഴുതിപ്പോയ കൊച്ചു സഹോദരിയെ തിരിച്ചുകിട്ടിയതിന്റെ സന്തോഷത്തിൽ ജോനാഥൻ;  കുടുംബത്തിന്റെ പുനഃസമാഗമത്തിന്റെ വേദിയായി മാറി കൊല്ലത്തെ എ ആര്‍ ക്യാമ്പ്

Spread the love

സ്വന്തം ലേഖകൻ 

കൊല്ലം: ഒടുവില്‍ കൊല്ലത്തെ എ ആര്‍ ക്യാമ്പില്‍ സന്തോഷം കണ്ണീരായി മാറിയ ആ കൂടിക്കാഴ്‌ച്ച. പ്രാണന്റെ പ്രാണനായ മകളെ നെഞ്ചോടു ചേര്‍ത്തു അമ്മ സിജി. പൊന്നമോളെ നേരില്‍ക്കണ്ടു വാരിപ്പുണര്‍ന്നു ചുംബിച്ചു. കുഞ്ഞനുജത്തിക്ക് ഉമ്മ നല്‍കി സഹോദരൻ ജോനാഥനും.

അമ്മയുടെ സ്‌നേഹത്തണലിലേക്ക് എത്തിയതിന്റെ ആശ്വാസത്തിലാണ് ഈ കുഞ്ഞുമോള്‍. കേരളം 20 മണിക്കൂര്‍ മനമുരുകി പ്രാര്‍ത്ഥിച്ച കുഞ്ഞു സുരക്ഷിതമായി എന്നറിഞ്ഞതിന്റെ ആശ്വാസത്തിലായിരുന്നു എല്ലാവരും. ഇവരുടെ കണ്ണുകളില്‍ ആനന്ദക്കണ്ണീര്‍ പൊഴിക്കുന്നതായിരുന്നു കുഞ്ഞുമോളെ അമ്മയുടെ മാറോടണിഞ്ഞ കാഴ്‌ച്ച നല്‍കിയതും. പിതാവും ഒപ്പമുണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുടുംബത്തിന്റെ പുനസമാഗമത്തിന്റെ വേദിയായി മാറി എ ആര്‍ ക്യാമ്പ്. 20 മണിക്കൂറുകളായി തീ തിന്നാണ് കുടുംബം കഴിഞ്ഞത്. മകളെ കണ്ടെത്തിയെന്നറിഞ്ഞപ്പോഴാണ് ആധി ആശ്വാസത്തിന് വഴിമാറിയത്. മറ്റൊരു മാതാപിതാക്കള്‍ക്കും ഈ ഗതി വരരുത് എന്നാണ് കുട്ടിയുടെ പിതാവ് പറഞ്ഞത്. ഉത്തരവാദികള്‍ ആരായാലും അവരെ പിടികൂടണമെന്നും കുഞ്ഞിന്റെ പിതാവ് റെജി പറഞ്ഞു. നേരത്തെ കുഞ്ഞിനെ കിട്ടിയെന്ന വാര്‍ത്ത ഓയൂര്‍ ഗ്രാമം വളരെ സന്തോഷത്തോടെയാണ് ഏറ്റെടുത്തത്. കുഞ്ഞിനെ വീഡിയോ കോള്‍ വഴിയാണ് കുടുംബം കണ്ടതും.

ഓയൂരില്‍നിന്ന് നാലംഗ സംഘം തട്ടിക്കൊണ്ടുപോയ ആറുവയസ്സുകാരി അബിഗേലിനെ കണ്ടെത്തുന്നതില്‍ നിര്‍ണായകമായത് സഹോദരൻ ജോനാഥന്റെ അസാമാന്യ ധൈര്യമായരുന്നു. സംഭവം കൃത്യമായി എല്ലാവരേയും ധരിപ്പിക്കാനും പൊലീസിനു വിവരങ്ങള്‍ കൈമാറാനും ജോനാഥനു കഴിഞ്ഞു. അക്രമി സംഘം കാറിലേക്ക് തന്നെയും വലിച്ചുകയറ്റാൻ ശ്രമിച്ചെന്നും എന്നാല്‍ ചെറുത്തുനില്‍ക്കുകയായിരുന്നുവെന്നും ജോനാഥൻ വെളിപ്പെടുത്തിയിരുന്നു. ഒരുപക്ഷേ ജോനാഥനേക്കൂടി കാറില്‍ കയറ്റാനായിരുന്നെങ്കില്‍ കേസിന്റെ ഗതി തന്നെ മറ്റൊന്നാവുമായിരുന്നു.

കുറ്റവാളികളേക്കുറിച്ച്‌ വളരെ കൃത്യമായ വിവരണമാണ് പത്തു വയസ്സുകാരനായ ജോനാഥൻ പൊലീസുകാര്‍ക്ക് നല്‍കിയത്. എപ്പോഴാണ് സംഭവം നടന്നതെന്നും എവിടെവച്ചാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നും സംഘത്തില്‍ എത്രപേര്‍ ഉണ്ടായിരുന്നു എന്നതടക്കം നിര്‍ണായക വിവരങ്ങളാണ് ജോനാഥൻ നല്‍കിയത്. സംഭവത്തില്‍ ഉള്‍പ്പെട്ടിരുന്ന സംഘത്തില്‍ മൂന്ന് ആണും ഒരു പെണ്ണുമാണ് ഉണ്ടായിരുന്നതെന്നും പ്രതികള്‍ മാസ്‌ക് ധരിച്ചിരുന്നുവെന്നും ജോനാഥൻ വ്യക്തമായി വിവരിച്ചു നല്‍കി. തന്നെയും ഒരുഘട്ടത്തില്‍ അവര്‍ കാറില്‍ കയറ്റാൻ ശ്രമിച്ചെന്നും കയ്യിലുണ്ടായിരുന്ന കമ്പ് ഉപയോഗിച്ച്‌ ചെറുത്തെന്നുമുള്ള ജോനാഥന്റെ വാക്കുകള്‍ക്കു പിന്നാലെ ഒരു നാടു മുഴുവൻ ജാഗരൂകരാകുന്ന കാഴ്ചയ്ക്കും കൊല്ലം സാക്ഷ്യം വഹിച്ചു.

കഴിഞ്ഞ ദിവസം പറഞ്ഞ കാര്യങ്ങള്‍ പൊലീസിന്റെ അന്വേഷണത്തില്‍ നിര്‍ണായക മുന്നേറ്റം നല്‍കി. തങ്ങള്‍ സ്‌കൂളിലേക്കു പോകുന്ന വഴി മുൻപും ഇവരെ കണ്ടിരുന്നതായും ജോനാഥൻ പറയുന്നു. വളരെ ആസൂത്രിതമായാണ് സംഘം തട്ടിക്കൊണ്ടുപോകലിന് പദ്ധതിയിട്ടതെന്ന് ഇതില്‍നിന്ന് വ്യക്തമാണ്.

കാറു നിര്‍ത്തിയിരുന്ന സ്ഥലവും മറ്റ് വിവരങ്ങളും ജോനാഥൻ പൊലീസിനു വ്യക്തമായി കാണിച്ചു നല്‍കി. കുറ്റവാളികള്‍ ജില്ലവിട്ടു പോകാതിരിക്കാൻ പൊലീസ് വളരെ വേഗത്തില്‍തന്നെ നടപടികള്‍ സ്വീകരിച്ചു. വിവരങ്ങളറിയാൻ വൈകിയിരുന്നെങ്കില്‍ അവര്‍ മറ്റെവിടേക്കെങ്കിലും കടന്നുകളയാനുള്ള സാധ്യത വലുതായിരുന്നു.

മക്കള്‍ ആ വെള്ളക്കാറിനെക്കുറിച്ച്‌ നേരത്തേ കുടുംബത്തോട് പറഞ്ഞിരുന്നുവെന്ന് അബിഗേലിന്റെ മുത്തശ്ശിയും വെളിപ്പെടുത്തിയിരുന്നു. തട്ടിക്കൊണ്ടു പോയെന്നു കരുതുന്ന കാര്‍ കുറഞ്ഞത് 5 ദിവസമായി ഇവരുടെ വീടിനു സമീപത്തുണ്ടായിരുന്നെന്നാണ് ജോനാഥനും നാട്ടുകാരില്‍ ചിലരും പറഞ്ഞത്. എന്നാല്‍ ഈ നാട്ടില്‍ അത്തരം സംശയങ്ങളോ ദുരൂഹതകളോ ഒന്നും ഇല്ലെന്ന് പറഞ്ഞ് കുട്ടികളെ ആശ്വസിപ്പിച്ചതായും മുത്തശ്ശി വ്യക്തമാക്കി.

‘അമ്മാ ആ പോസ്റ്റിനടുത്ത് ഒരു വെള്ളക്കാര്‍ കിടപ്പുണ്ട്. അതില്‍ രണ്ടുപേരുണ്ട്. അവര്‍ ഞങ്ങളെ നോക്കുന്നുണ്ട് എന്നാണ് ജോനാഥൻ നേരത്തേ കുടുംബത്തോട് പറഞ്ഞത്. ആ കാറിനെ പേടിയോടെയാണ് കുട്ടികള്‍ നോക്കിയത്. അതുകൊണ്ട് വടിയെടുത്തു കൊണ്ടാണ് ഇരുവരും കാറിനെ സമീപിച്ചതെന്നും ജോനാഥൻ പറഞ്ഞു. കയ്യില്‍നിന്ന് വഴുതിപ്പോയ കൊച്ചു സഹോദരിയെ തിരിച്ചുകിട്ടിയതിന്റെ സന്തോഷത്തിലാണ് ജോനാഥൻ.

ഇനി കണ്ടെത്തേണ്ടത് അബിഗേല്‍ സാറാ റെജിയെ തട്ടിക്കൊണ്ടു പോയത് ആരെന്നും എന്തായിരുന്നു അവരുടെ ഉദ്ദേശ്യം എന്നുമാണ്. ഒരു വീട്ടിലേക്കാണ് രാത്രി തന്നെ കൊണ്ടുപോയതെന്ന് കൊല്ലം ഓയൂരില്‍ നിന്ന് അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ ആറു വയസ്സുകാരി അബിഗേല്‍ സാറ. കടത്തിക്കൊണ്ടു പോയവരില്‍ ആരെയെങ്കിലും നേരത്തെ അറിയാമായിരുന്നോ എന്നു ചോദിച്ചപ്പോള്‍ ഇല്ലെന്നാണു കുട്ടിയുടെ മറുപടി. ആശ്രാമം മൈതാനത്ത് എത്തിച്ച ശേഷം, പോയിട്ട് വരാമെന്നാണ് അവര്‍ പറഞ്ഞതെന്നും അബിഗേല്‍ പൊലീസിനോടു പറഞ്ഞു.

ഇന്നലെ വൈകിട്ട് നാലരയോടെ തട്ടിയെടുക്കപ്പെട്ട ഓയൂര്‍ കാറ്റാടി ഓട്ടുമല റെജി ഭവനില്‍ റെജിയുടെ മകള്‍ അബിഗേല്‍ റെജിയെ ഇന്ന് ഉച്ചയ്ക്കാണ് ആശ്രാമം പരിസരത്ത് ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയത്. മണിക്കൂറോളം നീണ്ട തിരച്ചിലൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്. എസ്‌എൻ കോളജിലെ വിദ്യാര്‍ത്ഥികളാണ് കുട്ടിയെ ആദ്യം കണ്ടത്. ആദ്യം കണ്ടപ്പോള്‍ ഒരു സ്ത്രീയും ഒപ്പമുണ്ടായിരുന്നതായി വിദ്യാര്‍ത്ഥികള്‍ പറയുന്നു.

കൊല്ലം ഈസ്റ്റ് പൊലീസിന്റെ സംരക്ഷണയിലായിരുന്ന കുട്ടിയെ ആശുപത്രിയിലേക്കു മാറ്റി. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമെന്നാണ് വിവരം. കുട്ടിയെ നാളെയെ വീട്ടിലേക്കു വിടൂ എന്നാണ് വിവരം. അമ്മയുമായി അബിഗേല്‍ വിഡിയോ കോളില്‍ സംസാരിച്ചിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടു പോയവര്‍ക്കായി തിരച്ചില്‍ തുടരുന്നു. കുട്ടിയെ ഉപേക്ഷിച്ചശേഷം ഇവര്‍ കടന്നുകളഞ്ഞുവെന്നാണ് വിവരം.