പത്മവ്യൂഹത്തിലെ അഭിമന്യു ചിത്രീകരണം ആരംഭിച്ചു; അഭിമന്യുവിന്റെ കഥ സിനിമയാക്കുമ്പോൾ

പത്മവ്യൂഹത്തിലെ അഭിമന്യു ചിത്രീകരണം ആരംഭിച്ചു; അഭിമന്യുവിന്റെ കഥ സിനിമയാക്കുമ്പോൾ

സ്വന്തം ലേഖകൻ

കൊച്ചി: കലാലയ രാഷ്ട്രീയത്തിനിടെ ജീവൻ വെടിഞ്ഞ അഭിമന്യുവിന്റെ ജീവിതം ആധാരമാക്കി തൃശൂർ ശ്രീ കേരളവർമ്മ കോളേജിൽ ‘പത്മവ്യൂഹത്തിലെ അഭിമന്യു’ എന്ന ചലചിത്രത്തിന്റെ ചിത്രീകരണത്തിന് തുടക്കം കുറിച്ചു. മുൻ എസ്എഫ്ഐ നേതാവും ജീവിച്ചിരിക്കുന്ന കലാലയ രക്തസാക്ഷിയുമായ സൈമൺ ബ്രിട്ടോ സ്വിച്ച്ഓൺ നിർവഹിച്ചു. ലോകത്തെ മാറ്റിമറിക്കുന്ന നിശ്ചയദാർഢ്യവുമായി ഉരുകി തിളക്കുന്ന തീയായിരുന്നു തന്റെ സഹായിയും സഹചാരിയുമായിരുന്ന അഭിമന്യുവെന്ന് ബ്രിട്ടോ അനുസ്മരിച്ചു. കലാലയ രാഷ്ട്രീയത്തിന് നിരോധനങ്ങൾ തീർക്കുന്ന തീക്ഷ്ണകാലത്ത് ഭാവിയിൽ ഒരു ക്യാമ്പസ് എങ്ങനെയായിരിക്കണമെന്ന് അടയാളപ്പെടുത്തിയാണ് അഭിമന്യു കടന്നുപോയത്. അഭിമന്യുവിനെ കുറിച്ചുള്ള ചലചിത്രം അണിയറ പ്രവർത്തകരും അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരും ചേർന്ന് നല്ലൊരു സിനിമയായി മാറ്റണമെന്ന് മാത്രമാണ് തന്റെ ആഗ്രഹമെന്നും സൈമൺ ബ്രിട്ടോ പറഞ്ഞു. അഭിമന്യുവിന്റെ ചിത്രത്തിൽ പുഷ്പാർച്ചനയും നടന്നത്തിയാണ് ചടങ്ങ് ആരംഭിച്ചത്.

വിനീഷ് ആരാധ്യ സംവിധാനം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഷാജി ജേക്കബാണ് നിർവ്വഹിക്കുന്നത്. ജേർണലിസം വിദ്യാർത്ഥിയും വയനാട് സ്വദേശിയുമായ ആകാശാണ് അഭിമന്യുവിന്റെ വേഷം കൈകാര്യം ചെയ്യുന്നത്. ഇന്ദ്രൻസ് അഭിമന്യുവിന്റെ പിതാവായി അഭിനയിക്കും. ചിത്രീകരണ സ്വിച്ച്ഓൺ ചടങ്ങിൽ അഭിനേതാക്കളായ അമൽ, ആദിത്യൻ തിരുമന, ശ്രുതി എറണാകുളം, ഡോ.നിഖില, സംഗമിത്ര എന്നിവരും പ്രമോദ് കോട്ടപ്പിള്ളി, പ്രമോദം പാലം, അധ്യാപകരായ ദീപാ നിശാന്ത്, ആർ ബിന്ദു എന്നിവരും പങ്കെടുത്തിരുന്നു. ഏറെ ആവേശത്തോടെയാണ് അഭിമന്യുവിന്റെ ജീവിതം വരച്ചുകാട്ടുന്ന ചലചിത്രത്തിന്റെ ചിത്രീകരണത്തെ കേരളവർമ്മ കോളജിലെ വിദ്യാർത്ഥികൾ വരവേറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2018 ജൂലൈ ഒന്നിനായിരുന്നു എസ്എഫ്ഐ നേതാവായ അഭിമന്യുവിനെ ഒരുസംഘം കൊലപ്പെടുത്തിയത്. കേരളം ഞെട്ടലോടെ കണ്ട കൊലപാതകവും, അഭിമന്യുവിന്റെ ജീവിതവും ഏറെ ചർച്ചയായിരുന്നു. ഇടുക്കി വട്ടവടയിലെ ആദിവാസി കുടുംബാംഗമായ ഈ ഇരുപതുകാരൻ ഒരുപാടു സ്വപ്നങ്ങളുമായാണ് എറണാകുളത്തെ മഹാരാജാസ് കോളജിലെത്തുന്നത്. എസ്എഫ്ഐ ബുക്ക്ഡ് എന്നെഴുതിവച്ച ചുവരിൽ ക്യാമ്പസ് ഫ്രണ്ടിന്റെ ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടതും അതുമായ്ക്കാതെ തന്നെ അവിടെ ‘വർഗീതയ തുലയട്ടെ’ എന്നെഴുതി വയ്ക്കുകയും ചെയ്തതാണ് കൊലപാതകത്തിന് കാരണമായത്.