അഭിമന്യു വധം ഒരു പൊളിറ്റിക്കൽ ജിഹാദ്: എസ്.എഫ്.ഐ നേതാവ് കൊല്ലപ്പെട്ടിട്ട് രണ്ടു മാസം; മുഖ്യപ്രതിയടക്കം എട്ടു പേർ ഇപ്പോഴും ഒളിവിൽ; രാഷ്ട്രീയ ഒത്തുകളിയിൽ ശ്വാസം മുട്ടി പൊലീസ്
പൊളിറ്റിക്കൽ ഡെസ്‌ക്
കൊച്ചി: എസ്.എഫ്‌ഐ നേതാവായ യുവ വിദ്യാർത്ഥി കോളേജ് ക്യാമ്പസിൽ കുത്തേറ്റ് വീണ് ചോരവാർന്ന് മരിച്ചിട്ട് രണ്ടു മാസം പിന്നിട്ടിട്ടും കേസിലെ പ്രധാന പ്രതികൾ ഇപ്പോഴും ഒളിവിൽ തന്നെ. കേസിൽ കുറ്റപത്രം സമർപ്പിക്കാനിരിക്കെ ഇനിയും പിടിയിലാകാനുള്ളത് അഭിമന്യുവിനെ കുത്തിയത് അടക്കം എട്ടു പ്രതികളാണ്. എസ്.ഡിപിഐ – ക്യാമ്പസ് ഫ്രണ്ട് ബന്ധമുള്ള ഈ എട്ടു പ്രതികളും വിദേശത്തേയ്ക്ക് കടന്നതായാണ് സൂചന. പൊളിറ്റിക്കൽ ജിഹാദ് ഇടപെടൽ മൂലമുള്ള രാഷ്ട്രീയ ഒത്തുകളിയിൽ ശ്വാസം മുട്ടിയിരിക്കുകയാണ് ഇപ്പോൾ അന്വേഷണ സംഘത്തിന്. പ്രതികൾ എവിടെയാണെന്നോ, ആരാണെന്നോ തിരിച്ചറിയാനാവാത്തത് ഭരണമുന്നണിയിലെ അമിത രാഷ്ട്രീയ സമ്മർദം മൂലമാണെന്നാണ് സൂചന.
ഇടതു വിദ്യാർത്ഥി സംഘടനയായ എസ്എഫ്‌ഐയുടെ ചുവപ്പൻകോട്ടയെന്ന് അറിയപ്പെടുന്ന എറണാകുളം മഹാരാജാസ് കോളേജിനു മുന്നിലാണ് ഒരു സഖാവ് കുത്തേറ്റ് വീണത്. വർഗീയത തുലയട്ടെ എന്ന സംസ്ഥാനത്തെ മതിലുകളിലെല്ലാം എസ്എഫ്‌ഐ പ്രവർത്തകർ എഴുതി പൂർത്തിയാക്കും മുൻപ് തിരിച്ചറിഞ്ഞു കൂട്ടത്തിലുണ്ടായിരുന്ന ആട്ടിൻ തോലിട്ട ചെന്നായാണ് അഭിമന്യുവിനെ കുത്തിവീഴ്ത്താൻ കത്തിയെടുത്തു നൽകിയതെ്ന്ന്. പക്ഷേ, അതിലും വലിയ ചതിയായിരുന്നു വിശ്വസിച്ച പ്രസ്ഥാനം അഭിമന്യുവിനും സഹപ്രവർത്തകർക്കും കാത്തു വച്ചിരുന്നത്. എസ്എഫ്‌ഐക്കാരെയും തന്റെ പാർട്ടിയായ കമ്മ്യൂണിസ്റ്റ് പാർട്ടിയെയും നേതാക്കളെയും വിശ്വാസത്തിലെടുത്ത് വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ കൊടിപിടിക്കാനിറങ്ങി കൊല്ലപ്പെട്ട അഭിമന്യുവിനും കുടുംബത്തിനും നീതി നൽകാൻ ഇതുവരെയും സംസ്ഥാനം ഭരിക്കുന്ന ആ പാർട്ടിക്കും, സർക്കാരിനും ആഭ്യന്തര വകുപ്പിനും സാധിച്ചിട്ടില്ല.
കഴിഞ്ഞ ജൂൺ രണ്ടിനു പുലർച്ചെയാണ് കോളേജിന്റെ കവാടത്തിൽ എസ്എഫ്‌ഐ പ്രവർത്തകനായ അഭിമന്യു കുത്തേറ്റു വീണത്. നഗരമധ്യത്തിലെ കോളേജിൽ വച്ച് ഒരു എസ്എഫ്‌ഐക്കാരനെ കുത്തി വീഴ്ത്തി, ചോര വാർന്ന് മരിക്കും വരെ നോക്കി നിന്ന ശേഷം തീവ്രവാദിസംഘം ഒരു ഓട്ടോറിക്ഷയിൽ രക്ഷപെട്ടു. അതും പൊലീസിന്റെ നിറസാന്നിധ്യമുണ്ടെന്ന് അവകാശപ്പെടുന്ന എറണാകുളം പോലെ ഒരു മെട്രോ സീറ്റിയിൽ. സംഭവം പുറത്തറിഞ്ഞ് അന്വേഷണം ആരംഭിച്ചെങ്കിലും കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ഒരാളെ പോലും ഇതുവരെയും തിരിച്ചറിയാൻ സാധിച്ചിട്ടില്ല. അഭിമന്യുവിനെ കുത്താൻ ഉപയോഗിച്ച കത്തിയും കണ്ടെത്താൻ സാധിച്ചിട്ടില്ല. പ്രതികളെ രക്ഷപെടാൻ സഹായിച്ചവരെ മാത്രമാണ് ഇതുവരെ കണ്ടെത്താനും അറസ്റ്റ് ചെയ്യാനും സാധിച്ചിരിക്കുന്നത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്. അടുത്ത ആഴ്ച തന്നെ ഇവർക്കെതിരെ കുറ്റപത്രം സമർപ്പിക്കുന്നതിനും പൊലീസ് ഒരുങ്ങുകയാണ്.
നിലവിൽ പതിനാറ് പേരെ പൊലീസ് സംഘം അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്. എന്നാൽ, ഇവരിൽ ആരും അഭിമന്യുവിനെ നേരിട്ട് കുത്തിയതായി പൊലീസ് പറയുന്നില്ല. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കാളികളായ ഏതാനുംപേർകൂടി പോലീസ്‌കസ്റ്റഡിയിലുണ്ടെന്നാണിവരം. കാമ്പസഫ്രണ്ട് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റിഫ ഉൾപ്പെടെ ഇതുവരെ 16 പേരാണ് പിടിയിലായത്. ഇതിൽ കൊലപാതകത്തിൽ നേരിട്ട് പങ്കുള്ളത്എട്ടുപേർക്കാണ്.
സംസ്ഥാന രാഷ്ട്രീയത്തിൽ തന്നെ അതിപ്രധാനമായ, ഭരണമുന്നണിയെ തന്നെ പ്രതിസന്ധിയിൽ നിർത്തുന്ന കേസിൽ പക്ഷേ, ഇത്ര ദുർബലമായ അന്വേഷണമുണ്ടായതിനു പിന്നിൽ സിപിഎമ്മും – പോപ്പുലർ ഫ്രണ്ടും തമ്മിലുള്ള അവിശുദ്ധ ബന്ധമാണെന്ന ആരോപണം വിവിധ കോണുകളിൽ നിന്നും ഉയർന്നിട്ടുണ്ട്. രാഷ്ട്രീയ നേതൃത്വം പിടി അടച്ചു കൊടുത്തതോടെയാണ് പൊലീസിന്റെ അന്വേഷണവും ദുർബലമായത്. ഇത് കേരളത്തിൽ തീവ്രവാദ പ്രവർത്തനം ശക്തമാക്കുമെന്നാണ് ആരോപണം.