
സിസ്റ്റർ അഭയ കേസിൽ സാക്ഷികളുടെ കൂറ് മാറ്റം സിബിഐയ്ക്ക് തലവേദനയാകുന്നു ; ഇരുപത്തിമൂന്നാം സാക്ഷിയായ അച്ചാമ്മയും വിചാരണയ്ക്കിടെ കൂറുമാറി
സ്വന്തം ലേഖിക
തിരുവനന്തപുരം: സിബിഐയ്ക്ക് തലവേദനയായി സിസ്റ്റർ അഭയ കേസിലെ സാക്ഷികളുടെ കൂറുമാറ്റം. വിചാരണയ്ക്കിടെ ഒരു സാക്ഷി കൂടി കൂറുമാറി. കേസിലെ ഇരുപത്തിമൂന്നാം സാക്ഷിയായ അച്ചാമ്മയാണ് വിചാരണയ്ക്കിടെ കൂറുമാറിയത്. അഭയ കൊല്ലപ്പെടുമ്പോൾ കോട്ടയം പയസ് ടെൻത്ത് കോൺവെന്റിലെ ജീവനക്കാരിയായിരുന്നു അച്ചാമ്മ.
അഭയ കൊല്ലപ്പെട്ട ദിവസം രാവിലെ അടുക്കളയിലെ അസ്വാഭാവികമായ ചിലത് കണ്ടുവെന്നായിരുന്നു അച്ചാമ്മ സിബിഐക്ക് നൽകിയ മൊഴി. പക്ഷെ അസ്വാഭാവിമായ താൻ ഒന്നും കണ്ടില്ലെന്ന് അച്ചാമ്മ കോടതിയിൽ മൊഴി നൽകി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അച്ചാമ്മയെയും നുണപരിശോധനക്ക് വിധേയമാക്കണമെന്ന് സിബിഐ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ അച്ചാമ്മയെ സുപ്രീംകോടതിയെ സമീപിച്ചാണ് സിബിഐ നീക്കം തടഞ്ഞത്.
അച്ചാമ്മ അടക്കം നാല് സാക്ഷികളാണ് ഇതുവരെ കേസിൽ കൂറുമാറിയത്. കേസിലെ ഇരുപത്തിയൊന്നാം സാക്ഷി നിഷാ റാണി, നാലാം സാക്ഷി സഞ്ജു പി മാത്യു, അൻപതാം സാക്ഷി സിസ്റ്റർ അനുപമ എന്നിവർ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന വിചാരണയ്ക്കിടെ കൂറുമാറിയിരുന്നു.
എപ്പോഴും സന്തോഷവതിയായി കാണപ്പെട്ടിരുന്ന സിസ്റ്റർ സെഫി, അഭയ കൊല്ലപ്പെട്ട ദിവസം ദേഷ്യത്തിലായിരുന്നെന്നും അസ്വാഭാവികമായി പെരുമാറിയെന്നുമുള്ള മൊഴിയാണ് നിഷ റാണി തിരുത്തിയിരുന്നത്.
പ്രത്യേകിച്ചൊരു സ്വഭാവമാറ്റവും രണ്ടാം പ്രതിയായ സിസ്റ്റർ സെഫിയ്ക്കുണ്ടായിരുന്നില്ലെന്നാണ് വിചാരണയ്ക്കിടെ ഇന്ന് നിഷ തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയിൽ പറഞ്ഞിരുന്നു.