സിസ്റ്റർ അഭയ വധക്കേസിൽ വീണ്ടും കൂറുമാറ്റം: വിചാരണയ്ക്കിടെ കൂറുമാറിയത് 53-ാം സാക്ഷി ആനി ജോണ്‍

സിസ്റ്റർ അഭയ വധക്കേസിൽ വീണ്ടും കൂറുമാറ്റം: വിചാരണയ്ക്കിടെ കൂറുമാറിയത് 53-ാം സാക്ഷി ആനി ജോണ്‍

തിരുവനന്തപുരം: സിസ്റ്റർ അഭയ കേസിൽ ഒരു സാക്ഷി കൂടി കൂറു മാറി. കോൺവെന്റുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന സിസ്റ്റർ ആനി ജോണാണ് ഇന്ന് വിചാരണയ്ക്കിടെ കൂറു മാറിയത്. കോൺവെന്റിന്റെ അടുക്കളയിൽ അഭയയുടെ ശിരോവസ്ത്രവും ചെരുപ്പും കണ്ടെന്നായിരുന്നു ആനി ജോണിന്റെ മൊഴി. കൂടാതെ അടുക്കളയിലെ ഫ്രിഡ്ജ് തുറന്നു കിടക്കുന്നത് കണ്ടെന്നും ആനി ജോൺ നേരത്തെ മൊഴി നൽകിയിരുന്നു. എന്നാൽ ഇവർ ഇന്ന് കോടതിയിൽ മൊഴി മാറ്റി. ശിരോ വസ്ത്രം മാത്രം കണ്ടെന്നാണ് ഇന്നത്തെ മൊഴി. ഒരാഴ്ചത്തെ അവധിക്ക് ശേഷമാണ് സിബിഐ കോടതിയിൽ ഇന്നു മുതൽ വിചാരണ പുന:രാരംഭിച്ചത്.

അഭയ കേസില്‍ നേരത്തെ നാല് സാക്ഷിള്‍ കൂറുമാറിയിരുന്നു. നാലാം സാക്ഷി സഞ്ജു പി മാത്യു, 50-ാം സാക്ഷി സിസ്റ്റര്‍ അനുപമ, 21-ാം സാക്ഷി നിഷാ റാണി, 23-ാം സാക്ഷിയായ അച്ചാമ്മ എന്നിവരാണ് കേസിന്റെ വിചാരണയ്ക്കിടെ കൂറുമാറിയ മറ്റ് സാക്ഷികള്‍.

സിസ്റ്റർ അഭയ കൊല്ലപ്പെട്ട കേസിൽ 27 വർഷത്തിന് ശേഷമാണ് കഴിഞ്ഞ ആഗസ്റ്റ് 26 ന് സിബിഐ കോടതിയിൽ വിചാരണ തുടങ്ങിയത്. 1992 മാർച്ച് 27 നാണ് സിസ്റ്റർ അഭയയെ കോട്ടയം പയസ് ടെൻത് കോൺവെന്റിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷണം നടത്തി അവസാനിപ്പിച്ച കേസ് 1993 ലാണ് സിബിഐ ഏറ്റെടുത്തത്. 2009 ൽ കുറ്റപത്രം സമർപ്പിച്ച കേസിൽ പത്ത് വർഷത്തിന് ശേഷമാണ് ഇപ്പോൾ വിചാരണ ആരംഭിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group