
റിയാദ് : സൗദി അറേബ്യയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി യുവാവ് അബ്ദുള്‍ റഹീമിന്റെ മോചനം നിർണ്ണായക ഘട്ടത്തിലേക്ക് .
അബ്ദുൽ റഹീമിന്റെ കേസ് ഫയൽ ഗവർണറേറ്റിൽ നിന്ന് ബന്ധപ്പെട്ട വകുപ്പുകളിലേക്ക് നീങ്ങിയതായി റിപ്പോർട്ട്. ഫയൽ അയച്ചതായുള്ള വിവരം അഭിഭാഷകർക്കും ഇന്ത്യൻ എംബസിക്കും പവർ ഓഫ് അറ്റോർണി സിദ്ദീഖ് തുവൂരിനും ലഭിച്ചതായി റിയാദിലെ അബ്ദുൾ റഹീം നിയമ സഹായ സമിതി ചെയർമാൻ സി.പി. മുസ്തഫ, ജനറൽ കൺവീനർ അബ്ദുല്ല വല്ലാഞ്ചിറ, ട്രഷറർ സെബിൻ ഇഖ്ബാൽ എന്നിവർ അറിയിച്ചു.ഇതിനോടകം 19 വർഷത്തിലധികം ജയിൽശിക്ഷ പൂർത്തിയാക്കിയ അബ്‌ദുൾ റഹീമിന് അവശേഷിക്കുന്ന ശിക്ഷാകാലയളവിന്മേൽ ഇളവ് നൽകി മാപ്പ് ലഭിക്കാനുള്ള നിരന്തര ശ്രമത്തിലാണ് റഹീമിന്റെ അഭിഭാഷകരും എംബസിയും അബ്ദുൾ റഹിം നിയമ സഹായസമിതിയും.
ദിയ നൽകുകയും ദീർഘകാലത്തെ ജയിൽശിക്ഷ അനുഭവിക്കുകയും ചെയ്ത സാഹചര്യത്തിൽ ശിക്ഷയിൽ ഇളവ് നൽകുന്നത് പരിഗണിക്കണമെന്ന് അഭിഭാഷകരായ അഡ്വ. റെന, ഉസാമ അമ്പർ എന്നിവർ മുഖേന നിയമസഹായ സമിതി റിയാദ് ഗവർണർക്ക് അപേക്ഷ സമർപ്പിച്ചിരുന്നു. വിധിപ്രകാരം ശിക്ഷാ കാലയളവായ 20 വർഷം 2026 മെയ് 20-നാണ് പൂർത്തിയാവുക. നടപടികളുടെ പുരോഗതിയുമായി ബന്ധപ്പെട്ട് വിവിധ കാര്യാലയങ്ങളെ സമീപിച്ചപ്പോഴാണ് ഗവർണറേറ്റിൽ നിന്നുള്ള നടപടികൾ പൂർത്തിയാക്കി ഫയൽ മറ്റു വകുപ്പുകളിലേക്ക് അയച്ച കാര്യം അധികൃതർ അറിയിച്ചത്.
സൗദി പൗരന്റെ മരണത്തെ തുടർന്ന് നേരത്തെ വധശിക്ഷക്ക് വിധിച്ചിരുന്ന അബ്ദുൾ റഹീമിന് ദിയധനം നൽകിയതിനാൽ സൗദി കുടുംബം മാപ്പ് നൽകിയിരുന്നു. ഇതോടെ വധശിക്ഷ റദ്ദാക്കപ്പെട്ടു. പിന്നീട് പൊതു അവകാശപ്രകാരം കുറ്റാക്കാരനാണെന്ന് കണ്ടെത്തി ഇരുപത് വർഷം ശിക്ഷ വിധിച്ച റിയാദിലെ അപ്പീൽ കോടതിയുടെ വിധി സുപ്രീംകോടതി ശരിവെക്കുകയായിരുന്നു.കഴിഞ്ഞ 18 വര്‍ഷമായി ജയിലില്‍ കഴിയുകയാണ് അബ്ദുല്‍ റഹീം. 2006ല്‍ 26-ാം വയസിലാണ് കൊലക്കുറ്റം ചുമത്തപ്പെട്ടു ജയിലിലാകുന്നത്. ഡ്രൈവര്‍ വിസയില്‍ ആയിരുന്നു റഹീം സൗദിയിലെത്തിയതു എന്നാൽ ഡ്രൈവർ ജോലിക്കൊപ്പം അപകടത്തെത്തുടർന്ന് യന്ത്രങ്ങളുടെ സഹായത്തോടെ ജീവിക്കുന്ന സ്‌പോൺസറുടെ ഭിന്നശേഷിക്കാരനായ 15 വയസുകാരൻ മകനെ കൂടി പരിപാലിക്കേണ്ടി വരുമെന്ന് അറിഞ്ഞത് അവിടെ ചെന്ന ശേഷമാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വീട്ടിലെ പ്രാരാബ്ധങ്ങൾ ഓർത്ത് റഹീം അതും ചെയ്യാൻ തയ്യാറായി. എന്നാൽ ഒരു തവണ കുട്ടിയുമായി യാത്ര ചെയ്യുന്നതിനിടെ കഴുത്തിൽ ഘടിപ്പിച്ചിരുന്ന ശ്വസനോപകരണം നഷ്ടപ്പെടുകയും, പിന്നാലെ കുട്ടി ബോധരഹിതനായി മരിക്കുകയുമായിരുന്നു. സംഭവത്തിൽ സൗദി നിയമപ്രകാരം കൊലക്കുറ്റം ചുമത്തി റഹീമിനെ വധശിക്ഷയ്‌ക്ക് വിധിക്കുകയായിരുന്നു.2006 നവംബറില്‍ 26ആം വയസിലാണ് അബ്ദുറഹീം ഹൗസ് ഡ്രൈവര്‍ വിസയില്‍ റിയാദില്‍ എത്തിയത്. സ്പോണ്‍സര്‍ ഫായിസ് അബ്ദുല്ല അബ്ദുറഹ്‌മാന്‍ അല്‍ ഷഹ്രിയുടെ മകന്‍ അനസിനെ പരിചരിക്കലായിരുന്നു പ്രധാന ജോലി.
കഴുത്തിന് താഴെ ചലനശേഷി ഇല്ലാത്ത അനസിന് ഭക്ഷണം നല്‍കിയിരുന്നത് കഴുത്തില്‍ ഘടിപ്പിച്ച ഉപകരണം വഴിയായിരുന്നു. 2006 ഡിസംബര്‍ 24നാണ് അബ്ദുറഹീമിന്റെ കൂടെ ജി.എം.സി വാനില്‍ യാത്ര ചെയ്യുകയായിരുന്ന അനസ് മരിച്ചത്. ഷോപ്പിംഗിനായി പുറത്തു പോകുമ്പോള്‍ ട്രാഫിക് സിഗ്നല്‍ കട്ട് ചെയ്യാന്‍ ആവശ്യപ്പെട്ട് അനസ് റഹീമിനോട് വഴക്കിട്ടു. ഇത് അനുസരിക്കാതിരുന്ന അബ്ദുറഹീമിന്റെ മുഖത്ത് അനസ് പല തവണ തുപ്പി. ഇത് തടയാന്‍ ശ്രമിച്ചപ്പോള്‍ അബദ്ധത്തില്‍ കൈ കഴുത്തിലെ ഉപകരണത്തില്‍ തട്ടുകയും അനസ് ബോധരഹിതനാകുകയും മരിക്കുകയും ചെയ്തു.
ഇതോടെ അബ്ദുറഹീം ബന്ധുവായ കോഴിക്കോട് നല്ലളം സ്വദേശി മുഹമ്മദ് നസീറിനെ വിളിച്ച് വരുത്തി. പിടിച്ചുപറിക്കാര്‍ റഹീമിനെ ബന്ധിയാക്കി അനസിനെ ആക്രമിച്ചു എന്ന രീതിയില്‍ ഇരുവരും ചേര്‍ന്ന് ഒരു കള്ളക്കഥയുണ്ടാക്കി. റഹീമിനെ സീറ്റില്‍ കെട്ടിയിട്ടു പോലീസിനെ വിവരം അറിയിച്ചു. എന്നാല്‍ പോലീസ് എത്തി ചോദ്യം ചെയ്തതോടെ കള്ളക്കഥയാണെന്ന് ബോധ്യപ്പെടുകയും ഇരുവരെയും കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. സംഭവത്തിനു പിന്നാലെ സൗദി പൊലീസ് റഹീമിനെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. റിയാദ് കോടതി വധശിക്ഷ വിധിക്കുകയും ചെയ്തു. 10 വര്‍ഷത്തിന് ശേഷം നസീറിന് ജാമ്യം ലഭിച്ചു. റഹീം വധ ശിക്ഷയും കാത്ത് അല്‍ഹായിര്‍ ജയിലില്‍ തുടരുകയാണ്ഇതിനുശേഷം യുവാവിന്റെ മോചനത്തിനായി ഉന്നതതലത്തില്‍ പലതവണ ഇടപെടലുണ്ടായെങ്കിലും കുടുംബം മാപ്പുനല്‍കാന്‍ തയാറായിരുന്നില്ല.



