
പ്രവാസി വ്യവസായി എം.സി.അബ്ദുൾ ഗഫൂർ ഹാജിയെ മന്ത്രവാദത്തിനിടെ കൊലപ്പെടുത്തി 596 പവൻ സ്വർണാഭരണം തട്ടിയെടുത്ത കേസ്: ജിന്നുമ്മ ഉൾപ്പെടെയുള്ള പ്രതികൾക്കെതിരെ ഇന്ന് കുറ്റപത്രം സമർപ്പിക്കും
ഉദുമ: പള്ളിക്കര പൂച്ചക്കാട്ടെ പ്രവാസി വ്യവസായി എം.സി.അബ്ദുൾ ഗഫൂർ ഹാജിയെ കൊലപ്പെടുത്തുകയും 596 പവൻ സ്വർണാഭരണം തട്ടിയെടുക്കുകയും ചെയ്ത കേസിലെ പ്രതികൾക്കെതിരേ ഇന്ന് ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേട്ട് (രണ്ട്) കോടതിയിൽ കുറ്റപത്രം സമർപ്പിക്കും.
ജിന്നുമ്മ എന്നറിയപ്പെടുന്ന മന്ത്രവാദിനി മാങ്ങാട് സ്വദേശി കെ.എച്ച്.ഷമീന, സുഹൃത്ത് ഉളിയത്തടുക്ക സ്വദേശി ഉബൈസ്, പൂച്ചക്കാട് സ്വദേശി അസ്‌നിഫ, കൊല്യ സ്വദേശി ആയിഷ, പൂച്ചക്കാട് ബിസ്മില്ല റോഡിലെ പി.എസ്.സൈഫുദ്ദീൻ ബാദുഷ എന്നിവർക്കെതിരെയാണ് കുറ്റപത്രം. അന്വേഷണസംഘം പ്രതികളെ അറസ്റ്റ് ചെയ്ത് 85-ാം ദിവസമാണ് കുറ്റപത്രം നൽകുന്നത്.
അറസ്റ്റിലായി 90 ദിവസം പിന്നിടുന്നതിന് മുൻപ് കുറ്റപത്രം നൽകുന്നതിനാൽ ഇവർക്ക് സ്വാഭാവിക ജാമ്യം ലഭിക്കില്ല. കേസിൽ ആകെ ഏഴ് പ്രതികളുണ്ട്. അഞ്ച്, ആറ് പ്രതികളായ പള്ളിക്കര പൂച്ചക്കാട്ടെ ഉവൈസ്, ഷമ്മാസ് എന്നിവർ ഇപ്പോൾ വിദേശത്താണുള്ളത്. കെ.എച്ച്.ഷമീന, ഉബൈസ്, അസ്‌നിഫ എന്നിവർക്ക് കൊലക്കുറ്റത്തിൽ പങ്കുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തൽ.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ, കളവുമുതൽ ഒളിപ്പിക്കൽ, വില്പന നടത്തുക തുടങ്ങിയ കുറ്റങ്ങളാണ് മറ്റുള്ളവർക്കെതിരെ പോലീസ് ചുമത്തിയിരിക്കുന്നത്. 2023 ഏപ്രിൽ 14ന് പുലർച്ചെയാണ് വീട്ടിലെ കിടപ്പുമുറിയിൽ ഗഫൂർ ഹാജിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നാലെ വീട്ടുകാരുടെയും ബന്ധുക്കളുടെയും 596 പവൻ ആഭരണങ്ങൾ കാണാനില്ലെന്ന് തിരിച്ചറിഞ്ഞു.
വിദേശത്ത് നിന്നെത്തിയ മകൻ മുഖ്യമന്ത്രിക്കും ബേക്കൽ പോലീസിലും പരാതി നൽകി. എട്ടുദിവസത്തിനുശേഷം ബേക്കൽ പോലീസ് കേസ് രജിസ്റ്റർചെയ്തു.14 ദിവസം കഴിഞ്ഞ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തി. മരണം മന്ത്രവാദത്തിനിടെ നടന്ന കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തി. പിന്നീട് കേസന്വേഷണം മെല്ലെയായി. നാട്ടുകാർ കർമസമിതിയുണ്ടാക്കി വിവിധ സമരങ്ങൾ നടത്തി.
അങ്ങനെയിരിക്കെ ജില്ലാ പോലീസ് മേധാവി ഡി.ശില്പ 2024 നവംബർ ഒന്നിന് കേസ് ഡി.സി.ആർ.ബി. ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള സംഘത്തിന് കൈമാറി. 2024 ഡിസംബർ നാലിന് ഒന്നുമുതൽ നാലുവരെയുള്ള പ്രതികൾ അറസ്റ്റിലായി. ഇവരെ തെളിവെടുപ്പിന് കോടതി വിട്ടുകൊടുത്തതോടെ 137 പവൻ അന്വേഷകസംഘം കണ്ടെടുത്തു. കൊലപാതകവുമായി ബന്ധപ്പെട്ട രണ്ട് കാറുകൾ, മൂന്ന് ബൈക്കുകൾ, നിരവധി ഫോണുകൾ തുടങ്ങിയവ പിടികൂടി തൊണ്ടിമുതലാക്കി.
ശബ്ദപരിശോധനയടക്കമുള്ള ഡിജിറ്റൽ തെളിവുകൾ ശേഖരിച്ചു. ജില്ലാ പോലീസ് മേധാവിയുടെ മേൽനോട്ടത്തിൽ ഡിവൈ.എസ്.പി. കെ.ജെ.ജോൺസൻ, എസ്.ഐ.ദിവാകരൻ, എ.എസ്.ഐ.മാരായ സുഭാഷ്, കെ.ടി.സുരേഷ്, രഘു, വനിതാ സിവിൽ പോലീസ് ഓഫീസർ പ്രവീണ തുടങ്ങിയവരാണ് കേസന്വേഷിച്ചത്.