
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ആറ്റിങ്ങലില്‍ ടാങ്കര്‍ ലോറിയില്‍ കാര്‍ ഇടിച്ച് അച്ഛനും മകനും മരിച്ച സംഭവത്തില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത് അഞ്ചു പേര്‍. മരിക്കുന്നതിന് മുന്‍പ് പ്രകാശ് ദേവരാജന്‍ തന്റെയും മകന്റെയും മരണത്തിന് കാരണക്കാരായവരെന്ന് സൂചിപ്പിച്ച് അഞ്ച് പേരുടെ ചിത്രങ്ങള്‍ ഫേസ്‌ബുക്കില്‍ പങ്കുവച്ചു. സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്.
മരിച്ച പ്രകാശ് ദേവരാജന്റെയും(50) മകന്‍ ശിവദേവിന്റെയും (12) മൃതദേഹം നെടുമങ്ങാട്ടെ മുഖവൂരെ കുടുംബ വീട്ടില്‍ എത്തിച്ചപ്പോള്‍ നാട്ടില്‍ ഉണ്ടായിരുന്നിട്ടും മകന്റെയും ഭര്‍ത്താവിന്റെയും മുഖമെന്നു കാണാന്‍ ശിവകല എത്തിയില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നാട്ടില്‍ ഉണ്ടായിരുന്നിട്ടും ഇവര്‍ സംസ്ക്കാര ചടങ്ങുകള്‍ക്ക് പങ്കെടുക്കാന്‍ പറഞ്ഞുവിട്ടത് ഇവരുടെ സഹോദരനെ ആയിരുന്നു. നാട്ടുകാരുടെയും പ്രകാശിന്റെ ബന്ധുക്കളുടെയും പ്രതികരണം അറിയാന്‍ ആയിരുന്നു ഇത്തരത്തില്‍ സഹോദരനെ പറഞ്ഞു വിട്ടത്.
എന്നാൽ നാട്ടുകാര്‍ ഇയാളെ ഓടിച്ചു വിട്ടു. സഹോദരിയുടെ കുഞ്ഞിനെ അവസാനമായി കാണാന്‍ വന്നതാണെന്ന് പറഞ്ഞെങ്കിലും ശിവകല തിരിച്ചെത്തിയതും സഹോദരന് ഒപ്പമുള്ളതും നാട്ടുകാര്‍ മനസിലാക്കിയിരുന്നു. ശിവകല നാട്ടില്‍ ഉള്ള വിവരം പൊലീസിന് അറിയില്ലെന്നാണ് വിവരം. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി ശിവകലയെയും കാമുകനെയും അറസ്റ്റു ചെയ്യാനുള്ള നടപടികള്‍ അന്വേഷണ സംഘം ഉടന്‍ തുടങ്ങുമെന്നാണ് സൂചന.
തന്റെ ഭാര്യ ശിവകലയും അവരുടെ വിളപ്പില്‍ശാല സ്വദേശിയായ സുഹൃത്തും കബളിപ്പിക്കുന്നതായി കാട്ടി ഒരാഴ്ച മുന്‍പ് വട്ടിയൂര്‍ക്കാവ് പൊലീസില്‍ പ്രകാശ് ദേവരാജ് പരാതി നല്‍കിയിരുന്നു. ബഹ്റിനിലെ ഇന്ത്യന്‍ എംബസിയിലും പരാതി നല്‍കി. വിളപ്പില്‍ശാല സ്വദേശി അനീഷ്, അമ്മ പ്രസന്ന, മലപ്പുറം സ്വദേശി ഉണ്ണി, മലപ്പുറം സ്വദേശി മുനീര്‍ എന്നിവര്‍ക്കെതിരെയാണ് പരാതി നല്‍കിയത്. ഇവരുടെ ഫോട്ടോ സമൂഹമാധ്യമത്തില്‍ ഇട്ടശേഷം ഇവരാണ് എന്റെയും മക്കളുടേയും മരണത്തിനു കാരണക്കാരെന്നു കുറിച്ചതിനുശേഷമാണ് പ്രകാശ് മകനൊപ്പം ടാങ്കറിലേക്കു വാഹനം ഓടിച്ചു കയറ്റിയത്.
നേരത്തേ ഒരു വിവാഹം കഴിച്ചിട്ടുള്ള ശിവകല വിവാഹമോചനം നേടിയശേഷമാണ് പ്രകാശിനെ വിവാഹം ചെയ്തത്. വീട്ടുകാരുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും എതിര്‍പ്പ് മറികടന്ന് താന്‍ തിരഞ്ഞെടുത്ത ജീവിതം തികഞ്ഞ പരാജയമാണെന്ന് പ്രകാശ് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.
പ്രകാശിന്റെ ഭാര്യ ശിവകല ബഹ്റൈനില്‍ ഡാന്‍സ് സ്‌കൂള്‍ നടത്താനായി ജനുവരിയില്‍ പോയതായി ഈ മാസം 20ന് പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. പ്രകാശും ഒപ്പമുണ്ടായിരുന്നു. പിന്നീട് 11 ദിവസത്തിനുശേഷം പ്രകാശ് നാട്ടിലേക്കു മടങ്ങി. അതിനുശേഷം അനീഷ് എന്ന യുവാവ് ബഹ്റൈനില്‍ എത്തി പ്രശ്നങ്ങളുണ്ടാക്കിയതിനാല്‍ ഭാര്യയ്ക്കു ജോലി നഷ്ടമായി. അനീഷിന്റെ അമ്മ പ്രസന്ന താമസിക്കുന്ന വീട്ടില്‍ വന്നു പല കുടുംബ പ്രശ്നങ്ങളും ഉണ്ടാക്കി. പ്രസന്ന ജോലി ചെയ്തിരുന്ന സ്‌കൂളിലെ ഹെല്‍പ്പറായിരുന്നു ഭാര്യ. അങ്ങനെയാണ് അവര്‍ പരിചയപ്പെട്ടതെന്നു പരാതിയില്‍ പറയുന്നു.
സ്‌കൂളില്‍ പ്രശ്നം ഉണ്ടാക്കിയതിനു പ്രസന്നയെ പിരിച്ചു വിട്ടു. പ്രസന്നയാണ് മകന്‍ അനീഷിനു തന്റെ ഭാര്യയെ പരിചയപ്പെടുത്തുന്നത്. അനീഷ് വിവാഹമോചനത്തിന് അപേക്ഷ കൊടുത്തിരിക്കുകയാണ്. പ്രസന്നയുടേയും മകന്റെയും ചില മോശം പ്രവൃത്തികള്‍ കാരണം ഇരു കുടുംബങ്ങളും പിണക്കത്തിലായി. ഉണ്ണി തന്റെ ഭാര്യയുടെ സുഹൃത്താണ്.
മുനീര്‍ ഡാന്‍സ് സ്‌കൂളിന്റെ ഉടമസ്ഥനാണ്. സ്‌കൂള്‍ തുടങ്ങാന്‍ 5 ലക്ഷംരൂപ വേണമെന്ന് മുനീര്‍ ആവശ്യപ്പെട്ടു. ഭാര്യയെ പ്രലോഭിപ്പിക്കാനായി 5 ലക്ഷം രൂപ അനീഷ് നല്‍കി. ഭാര്യ ശിവകലയും അനീഷും തങ്ങളുടെ വിവാഹ സര്‍ട്ടിഫിക്കറ്റ് ദുരുപയോഗം ചെയ്തു ദമ്പതികളാണെന്ന് പലയിടങ്ങളിലും തെറ്റിദ്ധരിപ്പിക്കുന്നതായി പരാതിയില്‍ പറയുന്നു. ഭാര്യ ഗള്‍ഫില്‍ പോയതുമായി ബന്ധപ്പെട്ട് 4 ലക്ഷംരൂപയുടെ ബാധ്യതയുണ്ടെന്നും പരാതിയിലുണ്ട്.