
തോട്ടയ്ക്കാട് : തോട്ടയ്ക്കാട്ടെ ‘ആശാട്ടിയമ്മ’ഓർമയായി. ആയിരങ്ങൾക്ക് അക്ഷര വെളിച്ചം പകർന്ന ‘ ആശാട്ടിയമ്മ’ കറുകച്ചാൽ തോട്ടയ്ക്കാട് വിലക്കുന്നത്ത് പാർവതിയമ്മ വിടവാങ്ങി. എട്ട് പതിറ്റാണ്ട് നിലത്തെഴുത്തുകളരി വഴി നാട്ടിലെ കുരുന്നുകൾക്ക് അറിവ് പകർന്ന ആശാത്തിയമ്മയ്ക്ക് 106 വയസായിരുന്നു. പരേതരായ ചമ്പക്കര ഇലഞ്ഞിക്കൽ നാരായണൻ നായരുടെയും തോട്ടയ്ക്കാട് വിലക്കുന്നത്ത് പങ്കിയമ്മയുടെയും മകളാണ്.
അധ്യാപന ചരിത്രത്തിൽ പാരമ്പര്യമുള്ള വിലക്കുന്നത്ത് കുടുംബത്തിലെ മാതൃസഹോദരി നാണിയമ്മയാണു നിലത്തെഴുത്തുകളരി തുടങ്ങിയത്. നാണിയമ്മയുടെ കാലശേഷം പാർവതിയമ്മ ചുമതലയേറ്റു. അയിത്തവും ജാതി വ്യവസ്‌ഥിതിയും നിലനിന്നിരുന്ന കാലത്ത് പ്രതിഫലം പറ്റാതെ സമൂഹത്തിന് നൽകുന്ന സേവനമായാണ് നിലത്തെഴുത്തു കളരിയെ ആശാത്തിയമ്മ കണ്ടിരുന്നത്.
ഓലമേഞ്ഞ മേൽക്കൂരക്കു കീഴിൽ ചാണകത്തറയിൽ വിരിച്ച പൊടി മണലിലായിരുന്നു അക്ഷര പഠനം
പ്രായാധിക്യം മൂലം ഇടക്കാലത്ത് അധ്യാപനം നിർത്തിയെങ്കിലും വിജയദശമി ദിനത്തിൽ ആദ്യാക്ഷരം കുറിക്കാൻ എത്തുന്നവർ നിരവധിയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആശാത്തിയമ്മയുടെ ജന്മശതാബ്‌ദി ആഘോഷം പൗരാവലി വിപുലമായി ആഘോഷിച്ചു. 2018ൽ വാകത്താനം ഗ്രാമപ്പ ഞ്ചായത്ത് തോട്ടയ്ക്കാട് കക്കാട്ട്പടി – ശിവക്ഷേത്രം റോഡിന് ആശത്തിയമ്മയുടെ പേര് നൽകി ആദരിച്ചു. 83 വർഷം നീണ്ട അധ്യാപന സപര്യയിൽ ആയിരക്കണക്കിന് കുരുന്നുകൾക്കൊപ്പം മക്കളെയും ചെറുമക്കളെയും അവരുടെ ചെറുമക്കളെയും അക്ഷരലോകത്തേയ്ക്ക് കൈപിടിച്ച് നടത്തിയ ഈ അക്ഷര മുത്തശ്ശി തോട്ടയ്ക്കാടിന് തന്നെ അഭിമാനമായിരുന്നു.
ഭർത്താവ് പരേതനായ മുക്കാട്ട് രാഘവക്കുറുപ്പ്. മക്കൾ: പരേതനായ കൃഷ്ണപ്പണിക്കർ, കല്യാണിയമ്മ.
മരുമക്കൾ :പത്മജ പണിക്കർ, പരേതനായ ശേഖരൻ നായർ സംസ്കാരം ചൊവ്വാഴ്ച പകൽ മൂന്നിന് പാറപ്പയിലെ വീട്ടുവളപ്പിൽ.