
വൈക്കം: ജനം വീർപ്പടക്കി നോക്കി നിൽക്കെ ആറു വയസുകാരി
വേമ്പനാട്ട് കായലിലെ ആഴമേറിയ ഏഴ് കിലോമീറ്റർ സാഹസികമായി നീന്തിക്കയറി.
കോതമംഗലം മാതിരപ്പള്ളി പള്ളിപ്പടി ജവഹർ നഗറിൽ ശാസ്തമംഗലത്ത് ദീപു അഞ്ജു ദമ്പതികളുടെ മകൾ കറുകടം സെന്റ് മേരീസ് പബ്ലിക് സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനി ആദ്യ ഡി.നായരാണ് വേമ്പനാട്ടുകായൽ നീന്തി വേൾഡ് ബുക്ക് ഓഫ് റെക്കാർഡ്സിൽ ഇടം നേടിയത്.
ഇന്ന് രാവിലെ 8.40ന് ചേർത്തല വടക്കുംകര അമ്പലക്കടവിൽ നിന്ന് വൈക്കം കായലോര ബീച്ചിലേയ്ക്കാണ് ആദ്യ ഡി.നായർ നീന്തിയത്. യാതൊരുവിധ ആരോഗ്യപ്രശ്നവും നേരിട്ടില്ല. കായലിൽ ശക്തമായ ഒഴുക്കും പോള ശല്യവുമുണ്ടായിരുന്നതിനാൽ മൂന്നര മണിക്കൂറിലധികമെടുത്താണ് ആദ്യ നീന്തിക്കയറിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നീന്തൽപരിശീലകനും വേൾഡ് റെക്കോർഡ് ജേതാവുമായ ബിജു തങ്കപ്പന്‍റെ ശിക്ഷണത്തിൽ കുത്തൊഴുക്കുള്ള മൂവാറ്റുപുഴയാറിലാണ് ആദ്യ ഡി.നായർ നീന്തൽ പരിശീലനം പൂർത്തിയാക്കിയത്. ആദ്യമായാണ് ഏഴ് കിലോമീറ്റർ കായൽ ദൂരം ഒരു ആറു വയസുകാരി നീന്തി റെക്കോർഡിടുന്നത്.
ഇത് വരെയുള്ള റെക്കോർഡ് 4.5 കിലോമീറ്റർ ദൂരം വരെയാണ്.ആദ്യക്ക് പിന്തുണയും പ്രോത്സാഹനവും നൽകി കോതമംഗലം ഡോൾഫിൻ അക്വാട്ടിക് ക്ലബ്ബ്, സെന്റ് മേരീസ് പബ്ലിക് സ്കൂൾ അധികൃതരുമെത്തിയിരുന്നു.
വൈക്കം കായലലോബീച്ചിൽ വൈക്കം നഗരസഭ വൈസ് ചെയർമാൻ പി.ടി. സുഭാഷിൻ്റെ അധ്യക്ഷതയിൽ നടന്ന അനുമോദനയോഗം വൈക്കം നഗരസഭ ചെയർപേഴ്സൺ പ്രീതാ രാജേഷ് ഉദ്ഘാടനം ചെയ്തു.
ആറു വയസുകാരി ആദ്യയുടെ നേട്ടം ഏറെ അഭിനന്ദാർഹമാണെന്ന് പ്രീതാ രാജേഷ് ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു. ഗായിക സൗമ്യ നിതേഷ് ഗാനമാലപിച്ച് ആദ്യയെ അനുമോദിച്ചു. നിരവധി പേർ കുരുന്നിനു സമ്മാനങ്ങൾ നൽകി. സ്കൂൾ പ്രിൻസിപ്പൽ നിദസണ്ണി, കോതമംഗലം നഗരസഭ കൗൺസിലർ പ്രമീള, എക്സൈസ് ഇൻസ്പെക്ടർ ടി.എ. പ്രമോദ്, ഫയർ
ആൻ്റ് റെസ്ക്യു ഓഫീസർ പി. ഷൈൻ,നീന്തൽ പരിശീലകൻ ബിജുതങ്കപ്പൻ, തലയാഴം പഞ്ചായത്ത് മുൻ പ്രസിഡൻ്റ് കെ. ബിനിമോൻ, പ്രോഗ്രാം കോഡിനേറ്റർ ഷിഹാബ് കെ. സൈനു , റിട്ട ഫയർ സ്റ്റേഷൻ ഓഫീസർ ടി. ഷാജികുമാർ, സി.എൻ. പ്രദീപ് കുമാർ തുടങ്ങിയവർ സംബന്ധിച്ചു