
കോട്ടയം: നാഡീരോഗം ബാധിച്ച സി.പി.ഐ ആർപ്പൂക്കര ലോക്കല്‍ സെക്രട്ടറിയെ സഹായിക്കാനായി നടത്തിയ ധനശേഖരണത്തില്‍ ലഭിച്ച പണത്തിന്റെ സിംഹഭാഗവും ചില നേതാക്കള്‍ അടിച്ചുമാറ്റിയതായി പരാതി.
ലക്ഷങ്ങള്‍ പിരിച്ചപ്പോള്‍ വെറും 30,000 രൂപമാത്രമാണ് രോഗിക്ക് നല്‍കിയത്. ആർപ്പൂക്കര ലോക്കല്‍ സെക്രട്ടറി കെ.കെ.രാജേഷിന് നാഡീ സംബന്ധമായ ഗുരുതര രോഗം ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ ജനുവരിയിലാണ് സഹായിക്കാൻ പാർട്ടി തീരുമാനിച്ചത്.
കീഴ് ഘടകങ്ങളില്‍ നിന്ന് പരമാവധി ഒരാള്‍ ഇരുനൂറ് രൂപയും മേല്‍ഘടങ്ങളില്‍ കഴിയുന്നത്രയും സഹായിക്കാനായിരുന്നു പാർട്ടി നിർദേശം. എന്നാല്‍ രാജേഷിന്റെ ഫോട്ടോ ദുരുപയോഗം ചെയ്ത് നോട്ടീസ് അച്ചടിക്കുകയും ജില്ലയില്‍ വ്യാപകമായ പിരിവ് നടത്തുകയും ചെയ്തെന്നാണ് പരാതി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പക്ഷേ, രാജേഷിന് നല്‍കിയത് വെറും 30,000 രൂപ മാത്രം. ചികിത്സ കഴിഞ്ഞ് സാധാരണ ജീവിതത്തിലേയ്ക്കിറങ്ങിയ രാജേഷിനോട് പലരും സഹായിച്ച വിവരം പറയുമ്പോഴാണ് വൻ സാമ്പത്തിക തട്ടിപ്പിന്റെ ആഴം വ്യക്തമാകുന്നത്. ജില്ലാ കമ്മിറ്റിക്ക് നല്‍കിയ പരാതിയെ തുടർന്ന് ഒരാളെ താത്കാലികമായി മാറ്റിനിറുത്തി.
എന്നാല്‍ പണം തട്ടിയെടുത്ത ജില്ലാ കമ്മിറ്റിയംഗത്തിനെതിരായി ഒരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല. ഇതിനെതിരെ പാർട്ടിയില്‍ വൻ പ്രതിഷേധം ഉയരുകയാണ്.