ആന്തൂർ നഗരസഭ പാഴാക്കിയത് ഒന്നരക്കോടി രൂപ ;ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

ആന്തൂർ നഗരസഭ പാഴാക്കിയത് ഒന്നരക്കോടി രൂപ ;ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

സ്വന്തം ലേഖകൻ

തളിപ്പറമ്പ് ( കണ്ണൂർ): നിസ്സാര കാരണങ്ങൾ പറഞ്ഞ് പ്രവാസി വ്യവസായിയുടെ കൺവെൻഷൻ സെന്ററിന് അനുമതി നിഷേധിച്ച ആന്തൂർ നഗരസഭയിൽ കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം പാഴായത് ഒന്നരക്കോടി. വികസനഫണ്ടിൽ 36,72,233 രൂപയും എസ് എസ് പിയിൽ 45,581 രൂപയും ലോകബാങ്ക് ധനസഹായത്തിൽ 8,72,875 രൂപയും പതിനാലാം ധനകാര്യകമ്മിഷൻ ഗ്രാന്റ് ഇനത്തിൽ 67,20,225 രൂപയും മെയിന്റനൻസ് ഫണ്ട് നോൺ റോഡ് ഇനത്തിൽ 38,85,868 രൂപയും മെയിന്റനൻസ് ഫണ്ട് റോഡ് വിഹിതത്തിൽ 1,29,651 രൂപയുമാണ് പാഴായത്. സീനിയർ ഡപ്യൂട്ടി ഡയറക്ടർ തയാറാക്കിയ 2017-18 വർഷത്തെ ഓഡിറ്റ് റിപ്പോർട്ടിലാണ് പാഴായ കോടികളുടെ കണക്കുകൾ പറയുന്നത്.നഗരസഭാ പരിധിയിലെ നാൽപതോളം സ്ഥാപനങ്ങളിലെ ജീവനക്കാരിൽ നിന്ന് തൊഴിൽ നികുതി ഈടാക്കിയിട്ടില്ല. വസ്തുനികുതി ഇനത്തിൽ 2017-18 വർഷം മാത്രം 7,76,536 രൂപയാണ് കുടിശികയായത്. നഗരസഭാ വാഹനത്തിന്റെ ഇൻഷ്വറൻസിലും ഓഫീസുപകരണങ്ങൾ വാങ്ങിച്ചതിലും ഫർണിച്ചർ വാങ്ങിച്ചതിലും ഗുരുതരമായ ക്രമക്കേടുകളാണ് നഗരസഭ വരുത്തിയത്. വാടകസംഗ്രഹം തയ്യാറാക്കി സാക്ഷ്യപ്പെടുത്തി സൂക്ഷിക്കുന്നില്ലെന്നും വാർഷിക കണക്കുകളിൽ അപാകതയുണ്ടെന്നും ഗുണഭോക്തൃലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടില്ലെന്നും പട്ടികജാതി വിദ്യാർത്ഥികൾക്ക് സൈക്കിൾ വിതരണം ചെയ്യുന്നതിൽ അപാകതയുണ്ടെന്നും ഭവനനിർമ്മാണ പദ്ധതിയിൽ കണക്കുകളിൽ പൊരുത്തക്കേടുണ്ടെന്നും ഫ്ളാറ്റ് നിർമ്മാണത്തിൽ സർക്കാർ നിർദ്ദേശങ്ങൾ പാലിച്ചില്ലെന്നുമൊക്കെയായി ഗുരുതരമായ വീഴ്ചകളാണ് ഓഡിറ്റ് റിപ്പോർട്ടിൽ അക്കമിട്ടു നിരത്തുന്നത്.