ആന്തൂർ നഗരസഭ സെക്രട്ടറിയുടെ മുൻകൂർ ജാമ്യം ; അറസ്റ്റ് തടയണമെന്ന ഇടക്കാല ആവശ്യം ഹൈക്കോടതി തള്ളി

ആന്തൂർ നഗരസഭ സെക്രട്ടറിയുടെ മുൻകൂർ ജാമ്യം ; അറസ്റ്റ് തടയണമെന്ന ഇടക്കാല ആവശ്യം ഹൈക്കോടതി തള്ളി

സ്വന്തം ലേഖകൻ

കൊച്ചി : പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്ത കേസിൽ മുൻകൂർ ജാമ്യം തേടി ആന്തൂർ നഗരസഭാ സെക്രട്ടറി എം.കെ. ഗിരീഷ് നൽകിയ ഹർജിയിൽ അറസ്റ്റ് തടയണമെന്ന ഇടക്കാല ആവശ്യം ഹൈക്കോടതി നിരസിച്ചു. സാജന്റെ ഭാര്യയെ ഹർജിയിൽ കക്ഷി ചേർക്കാൻ നിർദ്ദേശിച്ച സിംഗിൾ ബെഞ്ച് ഹർജി പിന്നീടു പരിഗണിക്കാൻ മാറ്റി.കൺവെൻഷൻ സെന്ററിന് ഒക്യുപെൻസി സർട്ടിഫിക്കറ്റ് നൽകാത്തതിൽ മനംനൊന്താണ് സാജൻ ആത്മഹത്യ ചെയ്തതെന്ന മാദ്ധ്യമങ്ങളുടെ പ്രചാരണം തെറ്റാണെന്നും സാജനല്ല, ഭാര്യാ പിതാവ് പാലോളി പുരുഷോത്തമനാണ് സർട്ടിഫിക്കറ്റിന് അപേക്ഷ നൽകിയതെന്നും ഹർജിയിൽ പറയുന്നു.പുരുഷോത്തമന്റെ പേരിലുള്ള ഭൂമിയിലാണ് കൺവെൻഷൻ സെന്റർ നിർമ്മിച്ചത്. കേരള മുനിസിപ്പൽ കെട്ടിട നിർമ്മാണ ചട്ടത്തിലെ വ്യവസ്ഥകൾ ലംഘിച്ചെന്നു കണ്ടെത്തിയാണ് ലൈസൻസ് നിഷേധിച്ചത്. ജൂൺ 18ന് സാജൻ ആത്മഹത്യ ചെയ്തതിനെത്തുടർന്ന് ജൂൺ 20ന് തന്നെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തെന്നും ഗിരീഷിന്റെ ഹർജിയിൽ പറയുന്നു.സർട്ടിഫിക്കറ്റ് നൽകാത്തതാണ് ആത്മഹത്യയ്ക്കു കാരണമെന്ന പ്രചാരണം മൂലം വളപട്ടണം പൊലീസ് കേസെടുത്തിട്ടുണ്ട്. നിയമപരമായ നടപടിയല്ലാതെ കുറ്റമൊന്നും ചെയ്തിട്ടില്ല. അറസ്റ്റ് ഉണ്ടായാൽ ജാമ്യം നൽകാൻ നിർദ്ദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.ഹർജി തീർപ്പാകും വരെ അറസ്റ്റ് തടയണമെന്നായിരുന്നു ഇടക്കാല ആവശ്യം. ഇന്നലെ ഹർജി പരിഗണിച്ചപ്പോൾ പ്രോസിക്യൂഷൻ ഇതിനെ എതിർത്തു. മുൻകൂർ ജാമ്യം നൽകിയാൽ അന്വേഷണത്തെ ബാധിക്കുമെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. തുടർന്നാണ് സാജന്റെ ഭാര്യയെ കക്ഷി ചേർക്കാൻ നിർദ്ദേശിച്ച് ഹർജി മാറ്റിയത്.