“ദാഹിക്കുന്നു…വെള്ളം വേണം!” ; കളക്ടർക്ക് മുൻപിൽ 10,000 ഹർജികൾ സമർപ്പിക്കാൻ എത്തിയ ആം ആദ്മി പാർട്ടി നേതാവിനെയും സമരക്കാരെയും തടഞ്ഞ് പോലീസ്

Spread the love

കോട്ടയം: കോട്ടയം ജില്ലയിലെ രൂക്ഷമായ കുടിവെള്ള പ്രതിസന്ധിക്ക് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് 10,000 പൊതുജന ഹർജികൾ ജില്ലാ കളക്ടർക്ക് സമർപ്പിക്കാൻ എത്തിയ ആം ആദ്മി പാർട്ടി കേരള സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ഡോ. സെലിൻ ഫിലിപ്പിനെയും സമരത്തിൽ പങ്കെടുത്ത ജനങ്ങളെയും ജില്ലാ കളക്ടറേറ്റ് പരിസരത്തേക്ക് പ്രവേശിപ്പിക്കാൻ പോലീസ് അനുവദിക്കാതിരുന്നതിനെ തുടർന്ന് പ്രതിഷേധം ശക്തമായി.

video
play-sharp-fill

ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നായി ശേഖരിച്ച 10,000 പൊതുജന ഹർജികളുമായി “ദാഹിക്കുന്നു… വെള്ളം വേണം!” എന്ന മുദ്രാവാക്യം ഉയർത്തി എത്തിയ സമരക്കാരെ കളക്ടറേറ്റിന്റെ പ്രവേശന കവാടത്തിൽ പോലീസ് തടഞ്ഞു. ജനങ്ങളുടെ അടിസ്ഥാന അവകാശവുമായി ബന്ധപ്പെട്ട ഗുരുതരമായ വിഷയത്തിൽ പരാതി സമർപ്പിക്കാൻ പോലും അനുവദിക്കാത്ത പോലീസിന്റെ നടപടി പ്രതിഷേധക്കാർ ശക്തമായി ചോദ്യം ചെയ്തു.

തുടർന്ന്, പ്രതിഷേധക്കാർ പോലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ മറികടന്ന് കളക്ടറേറ്റിനകത്തേക്ക് പ്രവേശിക്കുകയും അവിടെ സമരം തുടരുകയും ചെയ്തു. ജനങ്ങളുടെ ദാഹവും ദുരിതവും ഭരണകൂടത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിനായാണ് സമാധാനപരമായി ഹർജി സമർപ്പിക്കാൻ എത്തിയതെന്നും, അതിനെ തടയാൻ ശ്രമിച്ചത് ജനാധിപത്യാവകാശങ്ങളുടെ ലംഘനമാണെന്നും നേതാക്കൾ ആരോപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം ജില്ലയിലെ നിരവധി പ്രദേശങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ, ജനങ്ങൾ വലിയ പ്രതീക്ഷയോടെയാണ് ഈ ഹർജി സമർപ്പണ സമരത്തിൽ പങ്കെടുത്തത്. കുടിവെള്ളം പോലെയുള്ള അടിസ്ഥാന ആവശ്യത്തിന് വേണ്ടി സമരം ചെയ്യേണ്ടിവരുന്ന അവസ്ഥ തന്നെ ഭരണകൂടത്തിന്റെ പരാജയത്തിന്റെ തെളിവാണെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചു.

ജനങ്ങളുടെ ജീവൻ സംബന്ധിച്ച വിഷയത്തിൽ ഭരണകൂടം അടിയന്തരമായി ഇടപെട്ട് ശാശ്വത പരിഹാരം ഉറപ്പാക്കണമെന്നും, ജനങ്ങളുടെ ശബ്ദം കേൾക്കാൻ തയ്യാറാകണമെന്നും ഡോ. സെലിൻ ഫിലിപ്പ് ആവശ്യപ്പെട്ടു. കോട്ടയം ജില്ലയിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണുന്നത് വരെ സമരം ശക്തമായി തുടരുമെന്നും നേതാക്കൾ അറിയിച്ചു.