
രാഘവ് ഛദ്ദയെ രാജ്യസഭയിലെ പാർട്ടിയുടെ ഉപനേതാവ് സ്ഥാനത്ത് നിന്ന് നീക്കി ആം ആദ്മി പാർട്ടി. പകരം എഎപി എംപി അശോക് മിത്തലിനെ പാർട്ടിയുടെ പുതിയ ഉപനേതാവായി നിയമിച്ചു. ഛദ്ദയെ മാറ്റുന്ന കാര്യം അറിയിച്ചുകൊണ്ട് എഎപി രാജ്യസഭാ സെക്രട്ടേറിയറ്റിന് ഔദ്യോഗിക കത്ത് നൽകി. പാർലമെന്റിൽ സംസാരിക്കാൻ രാഘവ് ഛദ്ദയ്ക്ക് സമയം അനുവദിക്കരുതെന്നും പാർട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. പഞ്ചാബിൽ നിന്നുള്ള ഏഴുപേരും ഡൽഹിയിൽ നിന്നുള്ള മൂന്നുപേരും ഉൾപ്പെടെ 10 അംഗങ്ങളാണ് രാജ്യസഭയിൽ എഎപിക്ക് ഉള്ളത്. പാർട്ടിയിലെ ആഭ്യന്തര ഭിന്നതയാണ് നീക്കത്തിന് പിന്നിലെന്നാണ് സൂചന.
ഏറെ നാളായി എഎപിയുടെ പ്രധാന അജണ്ടകളിൽ നിന്നും നേതാക്കളിൽ നിന്നും രാഘവ് ഛദ്ദ വലിയതോതിൽ വിട്ടുനിൽക്കുകയായിരുന്നു. ഗിഗ് തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനെക്കുറിച്ചും ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ മോശമായ ട്രാഫിക് സാഹചര്യത്തെക്കുറിച്ചും അദ്ദേഹം ശബ്ദമുയർത്തിയിരുന്നു. ആർത്തവ ശുചിത്വം, ആരോഗ്യം, വിദ്യാഭ്യാസം, സമത്വം എന്നിവയുമായി ബന്ധപ്പെട്ട വിഷയമാണെന്ന് അദ്ദേഹം പാർലമെന്റിൽ ഉന്നയിച്ചിരുന്നു. പാർട്ടിയുടെ പ്രധാന വിഷയങ്ങളിൽ അദ്ദേഹം പുലർത്തിയ നിശബ്ദതയും ആസാമിലെ പാർട്ടിയുടെ സ്റ്റാർ ക്യാമ്പെയ്നർമാരുടെ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടതും അദ്ദേഹം പാർട്ടി വിടുമെന്ന അഭ്യൂഹങ്ങൾക്ക് കാരണമായിരുന്നു. അതിന് പിന്നാലെയാണ് പാർട്ടിയുടെ ഇപ്പോഴത്തെ നീക്കം.


