
സ്വന്തം ലേഖിക
പഞ്ചാബ് പിടിച്ച ആവേശത്തിലായിരുന്നു ആംആദ്മി (എഎപി). ‘ഞങ്ങളിതാ അങ്ങോട്ടേക്ക് വരുന്നെന്ന്’ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ചു ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍.
ബിജെപിയേയും കോണ്‍ഗ്രസിനേയും ഞെട്ടിച്ച വന്‍ റാലികള്‍, കാടിളക്കിയുള്ള പ്രചാരണം. ഒടുവില്‍ ഫലം വന്നപ്പോള്‍, കറുത്ത കുതിരയായില്ലെങ്കിലും കെജ്‌രിവാളിന് നിരാശപ്പെടേണ്ടിവന്നില്ല. എഎപിയെ ദേശീയ പാര്‍ട്ടിയാക്കി ഗുജറാത്ത്. 2022ലെ പടപ്പുറപ്പാടിന് ശേഷം, ഒരുവര്‍ഷം കഴിയുമ്ബോള്‍ ഗുജറാത്തില്‍ എഎപി ആളും ആരവവുമൊഴിഞ്ഞ ഉത്സവ പറമ്ബായി മാറിയിരിക്കുകയാണ്. അപ്രതീക്ഷിതമായി വളര്‍ന്ന്, ഒറ്റവര്‍ഷം കൊണ്ടുതന്നെ തളര്‍ന്നുപോയി എഎപി. പാര്‍ട്ടിയുടെ പ്രമുഖ മുഖങ്ങളെല്ലാം പഴയ തട്ടകങ്ങളിലേക്കും പുതിയ താവളങ്ങളിലേക്കും ചേക്കേറി. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ നേതാവ്, പഴയ ജോലിയിലേക്ക് തിരിച്ചുപോയി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
2021ല്‍ സൂറത്ത് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ 27 സീറ്റ് നേടിക്കൊണ്ടായിരുന്നു എഎപിയുടെ ഗുജറാത്തിലേക്കുള്ള കടന്നുവരവ്.
2022 നിയമസഭ തിരഞ്ഞെടുപ്പില്‍ 181 സീറ്റില്‍ മത്സരിച്ച എഎപിക്ക് 5 സീറ്റാണ് ലഭിച്ചത്. പക്ഷേ, 13.1 ശതമാനം വോട്ട് നേടി മൂന്നാം സ്ഥാനത്തെത്തി പാര്‍ട്ടി. കോണ്‍ഗ്രസന് കിട്ടിയത് 27.7 ശതമാനം വോട്ടാണ്. നിര്‍ണായക ശക്തിയായി മാറിയിട്ടും ഗുജറാത്തില്‍ എഎപിക്ക് പിടിച്ചുനില്‍ക്കാന്‍ പറ്റുന്നില്ല. വിശവദാറില്‍ നിന്നുള്ള എംഎല്‍എ ഭൂപേന്ദ്ര ഭയാനി കഴിഞ്ഞദിവസം ബിജെപിയില്‍ ചേര്‍ന്നു. എഎപിയുടെ നിയമസഭ കക്ഷി നേതാവ് ചൈതര്‍ വാസവയെ ക്രിമിനല്‍ കേസില്‍ അറസ്റ്റ് ചെയ്തു. കോണ്‍ഗ്രസില്‍ നിന്ന് എഎപിയിലെത്തിയ നേതാക്കള്‍ ഇപ്പോള്‍ മാതൃപാര്‍ട്ടിയിലേക്ക് തിരിച്ചുപോയി തുടങ്ങി.
പാര്‍ട്ടിയുടെ 15 വൈസ് പ്രസിഡന്റുമാരില്‍ നാലുപേര്‍ എഎപി വിട്ട് കോണ്‍ഗ്രസിലെത്തി
2021ല്‍ സൂറത്ത് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ 27 സീറ്റ് നേടിക്കൊണ്ടായിരുന്നു എഎപിയുടെ ഗുജറാത്തിലേക്കുള്ള കടന്നുവരവ്. ഒരു സീറ്റ് പോലും നേടാന്‍ കഴിയാതെ കോണ്‍ഗ്രസ് സമ്ബൂര്‍ണമായി തകര്‍ന്നടിഞ്ഞ തിരഞ്ഞെടുപ്പില്‍, എഎപി മുഖ്യ പ്രതിപക്ഷമായി. ഇതോടെ, ഡല്‍ഹിക്കും പഞ്ചാബിനും പുറമേ ഗുജറാത്തില്‍ക്കൂടി കെജ്‌രിവാളിന്റെ ശ്രദ്ധ തിരിഞ്ഞു. ശേഷം കണ്ടത് ഗുജറാത്തില്‍ നിരന്തരം റാലികള്‍ നടത്തുകയും അധികാരം പിടിക്കുമെന്ന് പറയുകയും ചെയ്യുന്ന കെജ്‌രിവാളിനെ ആയിരുന്നു.തൊട്ടടുത്ത വര്‍ഷം നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ കാടിളക്കിയുള്ള പ്രചാരണമായിരുന്നു എഎപി നടത്തിയത്. ഗുജറാത്ത് മോഡല്‍ വെറും പൊള്ളയാണെന്ന് കെജ്‌രിവാള്‍ റാലികളില്‍ തുറന്നടിച്ചു. ഗുജറാത്തുകാരെ തന്റെ ഡല്‍ഹിയിലെത്തി വികസനം കാണാന്‍ അദ്ദേഹം ക്ഷണിച്ചു. ഗുറാത്തിലെ വിദ്യാഭ്യാസ മേഖല ഉടച്ചുവാര്‍ക്കുമെന്നും സ്‌കൂളുകള്‍ ഡല്‍ഹിയിലെപ്പോലെ മികച്ചതാക്കുമെന്നും പ്രഖ്യാപിച്ചു. സ്ത്രീകള്‍ക്കും കര്‍ഷകര്‍ക്കും ഇടത്തരം ജനവിഭാഗങ്ങള്‍ക്കും വേണ്ടി വലിയ പ്രഖ്യാപനങ്ങള്‍ നടത്തി. ദേശീയ മാധ്യമങ്ങള്‍ ഈ പ്രചാരണത്തിന് വലിയ പ്രാധാന്യം നല്‍കി. കോണ്‍ഗ്രസിന്റെ വോട്ട് ബാങ്കില്‍ വലിയ വിള്ളലുണ്ടാക്കാന്‍ എഎപിക്ക് സാധിച്ചു.
പക്ഷേ, ഓളം അധികനാള്‍ നീണ്ടുനിന്നില്ല. നിയമസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞിതിന് പിന്നാലെ നേതാക്കളുടെ കൊഴിഞ്ഞുപോക്ക് ആരംഭിച്ചു. ഗുജറാത്ത് എഎപി സംസ്ഥാന കണ്‍വീനര്‍ ഇസുദാന്‍ ഗധ്‌വി തന്റെ പഴയ തട്ടകമായ മാധ്യമപ്രവര്‍ത്തനത്തിലേക്ക് തിരിച്ചുപോയി. 2022ല്‍ എഎപി സംസ്ഥാന കണ്‍വീനറായ അദ്ദേഹം, ‘ശംഖനാദ്’ എന്ന പേരില്‍ ടിവി ഷോ ആരംഭിച്ചിരിക്കുകയാണ്. മറ്റൊരു പ്രമുഖ നേതാവ് ഗോപാല്‍ ഇതാലിയ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചു. പാര്‍ട്ടിയുടെ 15 വൈസ് പ്രസിഡന്റുമാരില്‍ നാലുപേര്‍ എഎപി വിട്ട് കോണ്‍ഗ്രസിലെത്തി. പാര്‍ട്ടി ഇപ്പോള്‍ പ്രതിസന്ധിയിലാണെന്ന് തുറന്നുസമ്മതിക്കുന്നുണ്ട് ഇതാലിയ. ബിജപി തങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുയാണെന്നും നേതാക്കളെ കള്ളക്കേസുകളില്‍ കുടുക്കുകയാണെന്നും അദ്ദേഹം പറയുന്നു.
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 26 സീറ്റും ലക്ഷ്യമിട്ട് ബിജെപി ഇതിനോടകം പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു. കോണ്‍ഗ്രസിനെക്കാള്‍ കരുത്തുറ്റ പ്രതിപക്ഷമായി എഎപി മാറാന്‍ സാധ്യതയുണ്ടെന്ന് ഗുജറാത്തിലെ ബിജെപി നേതൃത്വം കണക്കുകൂട്ടുന്നു



