ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട യുവതിയെ പ്രലോഭിച്ച് 1.78 ലക്ഷം രൂപ തട്ടിയെടുത്തു ; ആലപ്പുഴയിൽ 4 യുവാക്കൾ പിടിയിൽ; വീട്ടിലിരുന്ന് പാർട്ട് ടൈം ജോലി ചെയ്ത് വരുമാനം നേടാമെന്ന് വിശ്വസിപ്പിച്ചാണ് പണം തട്ടിയെടുത്തത്

Spread the love

ആലപ്പുഴ: വീട്ടിലിരുന്ന് പാർട്ട് ടൈം ജോലി ചെയ്ത് വലിയ വരുമാനം നേടാമെന്ന് വിശ്വസിപ്പിച്ച് യുവതിയുടെ പക്കൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ നാല് യുവാക്കൾ അറസ്റ്റിൽ. കായംകുളം, പത്തിയൂർ സ്വദേശികളായ ആദിൽ മോൻ (21), സെയ്താലി (22), മുഹ്സിൻ (28), ആരോമൽ (22) എന്നിവരാണ് കുറത്തികാട് പൊലീസിന്റെ പിടിയിലായത്. കുറത്തികാട് സ്വദേശിനിയായ യുവതിയുടെ പരാതിയെ തുടർന്നാണ് പൊലീസ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്. സമാനമായ രീതിയിൽ മറ്റ് പലരിൽ നിന്നും പണം തട്ടിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അറസ്റ്റ് ചെയ്ത പ്രതികളെ മാവേലിക്കര ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

തട്ടിപ്പിനായി സംഘം ഉപയോഗിച്ചത് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായിരുന്നു. ഇൻസ്റ്റാഗ്രാം വഴി ആകർഷകമായ പരസ്യം നൽകി ഇരകളെ പരിചയപ്പെട്ട ശേഷം വാട്സ്ആപ്പ് വഴി കൂടുതൽ വിവരങ്ങൾ നൽകി വിശ്വാസം നേടിയെടുക്കും. തുടർന്ന് ടെലിഗ്രാം അക്കൗണ്ടിലേക്ക് ലിങ്ക് അയച്ചു നൽകി വിവിധ ടാസ്‌കുകൾ നൽകുകയും ലാഭവിഹിതം വാഗ്ദാനം ചെയ്യുകയുമായിരുന്നു തട്ടിപ്പിന്റെ രീതി. ഇത്തരത്തിൽ വിവിധ അക്കൗണ്ടുകളിലേക്ക് പല പ്രാവശ്യമായി യുവതിയിൽ നിന്ന് 1,78,000 രൂപ പ്രതികൾ കൈക്കലാക്കി. ഒന്നാം പ്രതിയും രണ്ടാം പ്രതിയുമാണ് നേരിട്ട് പണം കൈപ്പറ്റിയത്.

മൂന്നും നാലും പ്രതികൾ തട്ടിപ്പിന് സഹായകരമാകുന്ന രീതിയിൽ പ്രവർത്തിച്ചതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. കായംകുളത്തെ വിവിധ മേഖലകളിൽ നിന്ന് ഇവർ ആളുകളെ സ്വാധീനിച്ച് ബാങ്ക് അക്കൗണ്ടുകൾ വാങ്ങുകയും ഈ അക്കൗണ്ടുകൾ ഓൺലൈൻ തട്ടിപ്പ് നടത്തുന്ന സംഘങ്ങൾക്ക് കൈമാറുകയും ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു. ഈ കേസുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികളെ കണ്ടെത്താനുണ്ടെന്നും അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്നും കുറത്തികാട് പൊലീസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group