
വിരലടയാളം തെളിഞ്ഞില്ലെങ്കിലും ആധാർ കിട്ടും; ആധാർ മാർഗ നിർദ്ദേശങ്ങളിൽ മാറ്റം വരുത്തി കേന്ദ്ര സർക്കാർ ; കോട്ടയം കുമരകത്തെ ജെസി മോളുടെ ദുരവസ്ഥ പുറത്തു വന്നതിനു പിന്നാലെയാണ് നടപടി
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ആധാർ മാർഗ നിർദ്ദേശങ്ങളിൽ മാറ്റം വരുത്തി കേന്ദ്ര സർക്കാർ. ആധാർ ലഭിക്കുന്നതിനു വിരലടയാളവും ഐറിസ് സ്കാനും ആവശ്യമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന ചട്ടം. എന്നാൽ വിരലടയാളം നൽകാൻ കഴിയാത്തവർക്ക് ഐറിസ് സ്കാൻ ചെയ്ത് ആധാർ നേടാം.
ഐറിസ് സ്കാൻ പറ്റാത്തവർക്ക് വിരലടയാളം മാത്രം മതി. ഇതു രണ്ടും സാധ്യമാകാത്തവർക്കും എൻറോൾ ചെയ്യാം. ഇങ്ങനെ എൻറോൾ ചെയ്യുന്നവരുടെ പേരും ഫോട്ടോയുമടക്കം സോഫ്റ്റ്‍വെയറിൽ രേഖപ്പെടുത്തണം. അസാധാരണ എൻറോൾമെന്റായി പരിഗണിച്ച് ആധാർ നൽകണം. ആധാർ എൻറോൾമെന്റ് ഓപ്പറേറ്റർമാർക്ക് ഇക്കാര്യത്തിൽ മതിയായ പരിശീലനം നൽകാനും കേന്ദ്ര നിർദ്ദേശമുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിരലടയാളം തെളിയാത്തതിന്റെ പേരിൽ ആധാർ നിഷേധിക്കപ്പെട്ട കോട്ടയം കുമരകത്തെ ജെസി മോളുടെ ദുരവസ്ഥ പുറത്തു വന്നതിനു പിന്നാലെയാണ് നടപടി. ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്ന ജെസി മോൾക്ക് വിരലുകൾ ഇല്ലാത്തതിനാൽ ആധാർ ലഭിച്ചിരുന്നില്ല. ജെസി മോൾക്ക് ഉടൻ തന്നെ ആധാർ ഉറപ്പാക്കണമെന്നു ഇലക്ട്രോണിക്സ് ആൻഡ് ഐടി സഹ മന്ത്രി രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് മാറ്റം.
യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) സംഘം കുമരകത്തെ വീട്ടിലെത്തി ജെസി മോൾക്ക് ആധാർ നമ്പർ അനുവദിച്ചു.