യോഗാദിനത്തിൽ സ്‌കൂൾ അസംബ്ലിയിലേയ്ക്ക് കാർ പാഞ്ഞു കയറിയ സംഭവം: അധ്യാപികയ്ക്ക് ദാരുണാന്ത്യം; ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചത് നാലാം ദിവസം

Spread the love

സ്വന്തം ലേഖകൻ

മൂവാറ്റുപുഴ: യോഗാ ദിനത്തിൽ സ്‌കൂൾ മാനേജരുടെ കാർ അസ്ലംബ്ലിയിലേയ്ക്ക് പാഞ്ഞു കയറി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അധ്യാപിക നാലാം ദിവസം മരിച്ചു.
മൂവാറ്റുപുഴയിലെ വിവേകാനന്ദ സ്‌കൂൾ അധ്യാപികയായിരുന്ന ഇടുക്കി അരീക്കിഴി സ്വദേശിനി വി.എം.രേവതിയാണ് മരിച്ചത്. കോലഞ്ചേരി മെഡിക്കൽകോളേജിൽ ചികിത്സയിലായിരുന്ന അധ്യാപിക തിങ്കളാഴ്ച വൈകിട്ട് ഏഴുമണിയോടെ മരിക്കുകയായിരുന്നു.

നട്ടെല്ലിനും ചെവിക്കും പരിക്കേറ്റ് തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു അധ്യാപിക. കഴിഞ്ഞ വെള്ളിയാഴ്ച ഉണ്ടായ അപകടത്തിൽ എട്ട് കുട്ടികൾക്കും പരിക്കേറ്റിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെള്ളിയാഴ്ച യോഗാ ദിനാചരണത്തോട് അനുബന്ധിച്ച് നടന്ന സ്‌കൂൾ അസംബ്ലിയിലേയ്ക്ക് കാർ പാഞ്ഞുകയറിയാണ് അധ്യാപികയ്ക്കും എട്ട് കുട്ടികൾക്കും പരുക്കേറ്റത്. ഇതേ സ്‌കൂളിലെ അഡ്മിനിസ്ട്രേറ്ററുടെ കാർ നിയന്ത്രണം വിട്ട് ഇവരെ ഇടിച്ചുവീഴ്ത്തുകയായിരുന്നു.

കുട്ടികളെ പിടിച്ചുമാറ്റാനുള്ള ശ്രമത്തിനിടെ ഇടിയുടെ നേരിട്ടുള്ള ആഘാതം ഏറ്റത് അധ്യാപികയ്ക്കാണ്. സംഭവത്തിൽ മന:പ്പൂർവ്വമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസെടുത്തു.

അധ്യാപിക രണ്ട് ദിവസമായി ന്യൂറോ ഐസിയുവിൽ ചികിത്സയിലായിരുന്നു. കഴുത്തിലെ സ്പൈനൽ കോഡിനേറ്റ ക്ഷതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. നിസാര പരുക്കേറ്റ കുട്ടികളെ ചികിത്സ നൽകി വിട്ടയച്ചിരുന്നു.