മദ്യലഹരിയിൽ എം.സി റോഡിൽ യുവാവിന്റെ അഭ്യാസപ്രകടനം: അമിത വേഗത്തിൽ പാഞ്ഞ ഇന്നോവ ഇടിച്ചത് മൂന്നു വാഹനങ്ങളിൽ; കാലുറയ്ക്കാതെ ഏറ്റുമാനൂർ ടൗണിലൂടെ നടന്ന യുവാവിനെ പൊലീസ് പിടികൂടി; അരമണിക്കൂറോളം എംസി റോഡിൽ ഗതാഗതം മുടങ്ങി
ക്രൈം ഡെസ്‌ക്
കോട്ടയം: മദ്യലഹരിയിൽ എംസി റോഡിലൂടെ അമിത വേഗത്തിൽ പാഞ്ഞ് മൂന്നു വാഹനങ്ങൾ ഇടിച്ചു വീഴ്ത്തിയ ഇന്നോവ കാറിന്റെ ഡ്രൈവറായ യുവാവ് പൊലീസ് പിടിയിലായി. ഏറ്റുമാനൂരിൽ തിങ്കളാഴ്ച രാത്രി പത്തു മണിയോടെയാണ് മൂന്നു വാഹനങ്ങളെ ഇടിച്ചു തെറിപ്പിക്കുകയും, എംസി റോഡിനെ ഗതാഗതക്കുരുക്കിലാക്കുകയും ചെയ്ത അപകടം ഉണ്ടായത്.
കോട്ടയം ഭാഗത്തു നിന്നും അമിത വേഗത്തിൽ പാഞ്ഞെത്തിയ ഇന്നോവ കാർ, ആദ്യം ഒരു സ്വിഫ്റ്റിലും, പിന്നെ ഒരു ടോറസ് ലോറിയിലും, പിന്നീട് ഐ ട്വന്റി കാറിലും ഇടിക്കുകയായിരുന്നു. ഇടിയെ തുടർന്ന് ഇന്നോവയുടെ മുൻ ചക്രം വേർപ്പെട്ട് പോയി. ഇതേ തുടർന്ന് തവളക്കുഴി ഭാഗത്ത് റോഡിനു നടുവിൽ ഇന്നോവ കിടന്നതോടെ എംസി റോഡിൽ അതിരൂക്ഷമായ ഗതാഗതക്കുരുക്കും ഉണ്ടായി. സംഭവത്തിൽ കാറോടിച്ചിരുന്ന കടപ്പൂർ സ്വദേശി അനൂപ് മോഹനെ (26) ഏറ്റുമാനൂർ സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ എ.ജെ തോമസിന്റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിൽ എടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയം ഭാഗത്തു നിന്നും ഏറ്റുമാനൂർ ഭാഗത്തേയ്ക്ക് പോകുകയായിരുന്നു ഇന്നോവ. ആദ്യ ഏറ്റുമാനൂർ ക്ഷേത്രത്തിനു മുന്നിൽ വച്ച് സ്വിഫ്റ്റ് കാറിൽ ഇന്നോവ ആദ്യം ഇടിച്ചു. ഇതേ തുടർന്ന് സ്ഥലത്തു നിന്നും രക്ഷപെടാനുള്ള ശ്രമത്തിനിടെ ഇന്നോവ കാർ, എതിർദിശയിൽ നിന്നും എത്തിയ ടോറസ് ലോറിയിൽ ഇടിച്ചു. ഇവിടെ നിന്നും അതിവേഗം ഓടിച്ചു പോയി മറ്റൊരു ഐ ട്വന്റി കാറിൽ ഇടിക്കുകയായിരുന്നു. ഈ ഇടിയോടെ കാറിന്റെ മുന്നിലെ വലത് വശത്തെ ചക്രം ഊരിത്തെറിച്ചു.
ഇതോടെ റോഡിനു നടുവിൽ തന്നെയായി വണ്ടി നിന്നു. ഇരുഭാഗത്തേയ്ക്കും വാഹനങ്ങൾ കടന്നു പോകാതെ വന്നതോടെ എംസി റോഡിൽ അതിരൂക്ഷമായ ഗതാഗതക്കുരുക്കും ഉണ്ടായി. തുടർന്ന് നാട്ടുകാർ ചേർന്ന് ഇന്നോവയുടെ ഡ്രൈവറെ കാറിൽ നിന്നും പിടിച്ചുറക്കി. നാട്ടുകാർ കൈവയ്ക്കുമെന്ന സ്ഥിതി എത്തിയതോടെ പൊലീസ് എത്തി ഇയാളെ കസ്റ്റഡിയിൽ എടുത്തു.
മദ്യലഹരിയിലായിരുന്നു കാർ ഓടിച്ചിരുന്ന പ്രതിയെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് ഇയാളെ സ്റ്റേഷനിൽ എത്തിച്ചു. നഷ്ടപരിഹാരം ആവശ്യപ്പെട്ട് മറ്റു വാഹനങ്ങളിലെ യാത്രക്കാരും സ്ഥലത്ത് എത്തിയിട്ടുണ്ട്.