
കോഴിക്കോട്: ആറു കോർപറേഷനുകളില്‍ മേയറെ നിശ്ചയിക്കാനുള്ള കൂടിയാലോചനകള്‍ സജീവമാക്കി മുന്നണികള്‍. എല്ലായിടത്തും പുതുമുഖങ്ങള്‍ മേയറാവുമെന്ന് ഉറപ്പായി.
കൊച്ചി, തൃശൂർ, കണ്ണൂർ കോർപറേഷനുകളില്‍ മേയർ പദവി വനിതാ സംവരണമാണ്.യു.ഡി.എഫ് ഭരണം പിടിച്ച കൊല്ലത്ത് മാത്രമാണ് ചിത്രം വ്യക്തമായത്. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റും കെ.പി.സി.സി അംഗവുമായ എ.കെ ഹഫീസ് മേയറാവുമെന്ന് ഉറപ്പായി.
ഇവിടെ ഹഫീസിനെ മേയർ സ്ഥാനാർഥിയായി പ്രഖ്യാപിച്ചാണ് യു.ഡി.എഫ് തെരഞ്ഞെടുപ്പിനിറങ്ങിയത്. ഡെപ്യൂട്ടി മേയർ സ്ഥാനം ആർ.എസ്.പിക്ക് നല്കിയാല് ഷൈമയ്ക്കാണ് സാധ്യത.
ബി.ജെ.പി ഭരണത്തിലെത്തിയ തിരുവനന്തപുരത്ത് സംസ്ഥാന സെക്രട്ടറി വി.വി രാജേഷിനാണ് സാധ്യത കൂടുതല്‍. മുൻ ഡി.ജി.പി ആർ. ശ്രീലേഖയുടെ പേരും പരിഗണനയിലുണ്ട്. ഡെപ്യൂട്ടി മേയർ സ്ഥാനം വനിതാ സംവരണമായതിനാല്‍ അതിലേക്കാണ് ശ്രീലേഖയുടെ പേരിന് മുൻതൂക്കം.
യു.ഡി.എഫ് തിരിച്ചുപിടിച്ച കൊച്ചിയില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വർഗീസിനെയാണ് പ്രധാനമായും പരിഗണിക്കുന്നത്. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ വിനിമോള്, 2015ല്‍ മേയർ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന ഷൈനി മാത്യു എന്നിവരും സാധ്യതാപട്ടികയില്‍ ഉണ്ട്. ദീപ്തിയും മിനി മോളും ഐ ഗ്രൂപ്പുകാരാണ്. ഷൈനിക്കുവേണ്ടി എ ഗ്രൂപ്പ് രംഗത്തുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സാമുദായിക പ്രാതിനിധ്യം കൂടി പരിഗണിച്ചാവും മേയറെയും ഡെപ്യൂട്ടി മേയറെയും തീരുമാനിക്കുക. തൃശൂരില്‍ മുൻ ഡെപ്യൂട്ടി മേയർ അഡ്വ. സുബി ബാബുവിനാണ് മുൻതൂക്കം. ലാലി ജയിംസും പരിഗണനയിലുണ്ട്. കോഴിക്കോട്ട് കൗണ്‍സില്‍ പാർട്ടി ലീഡർ ഒ. സദാശിവനെ മേയറാക്കാനാണ് സി.പി.എമ്മിന്റെ നീക്കം. നിലവിലെ സ്ഥിരംസമിതി അധ്യക്ഷ ഡോ. എസ്. ജയശ്രീയെയും ഫറോക്ക് ഏരിയാ കമ്മിറ്റി അംഗം പി. രാജീവ്, മുൻ ഡെപ്യൂട്ടി കലക്ടർ ഇ. അനിതകുമാരി എന്നിവരെയും പരിഗണിക്കുന്നുണ്ടെങ്കിലും ജനറല്‍ സീറ്റില്‍ പുരുഷൻ മതിയെന്നാണ് ജില്ലാ കമ്മിറ്റിയുടെ താല്പര്യം.
സദാശിവൻ മേയറായാല്‍ ജയശ്രീ ഡെപ്യൂട്ടി മേയറാകും. കണ്ണൂരില്‍ രണ്ടര വർഷം വീതം കോണ്‍ഗ്രസും മുസ് ലിം ലീഗും മേയർ പദവി പങ്കിടാനാണ് തീരുമാനം. ആദ്യതവണ കോണ്‍ഗ്രസിന് ലഭിക്കും. മുൻ ഡെപ്യൂട്ടി മേയർ പി. ഇന്ദിരയുടെ പേരിനാണ് കോണ്‍ഗ്രസില്‍ മുൻതൂക്കം. മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ശ്രീജ മഠത്തിലും പരിഗണനയിലുണ്ട്. പുതുമുഖം വരട്ടെയെന്ന് പാർട്ടി തീരുമാനിച്ചാല്‍ ശ്രീജയ്ക്ക് നറുക്കുവീഴും. മുസ് ലിം ലീഗിലെ കെ.പി താഹിർ ഡെപ്യൂട്ടി മേയറാകും.




