ഈ ഫോട്ടോ വേണം പത്രത്തിൽ കൊടുക്കുവാൻ… പുതിയ സെറ്റ് ഉടുപ്പിക്കണം.. ചുറ്റും റോസാ പൂക്കൾ..കടം വാങ്ങി ചികിത്സിക്കാമോ എന്ന ചോദ്യത്തിൽ ​രോ​ഗം പോലും അവളിൽ നിന്നകന്നു; പക്ഷേ രണ്ടാം വരവിൽ അവളേയും കൊണ്ട് യാത്രയായി.. അകാലത്തിൽ പൊലിഞ്ഞ സഹോദരിയുടെ മകളുടെ വേർപ്പാടിൽ ബന്ധുവിന്റെ കണ്ണീരണിയിക്കുന്ന കുറിപ്പ്

Spread the love

മരണം പലപ്പോഴും അങ്ങനെയാണ്. അപ്രതീക്ഷിതമായി എത്തി നമ്മുടെ പ്രിയപ്പെട്ടവരില്‍ നിന്നും സ്വപ്നങ്ങളില്‍ നിന്നും നമ്മെ കൊണ്ടുപോകും. അതുകൊണ്ടുതന്നെയാണ് മരണത്തെ രംഗബോധമില്ലാത്ത കോമാളി എന്നും വിശേഷിപ്പിക്കുന്നത്.

video
play-sharp-fill

അത്തരത്തില്‍ മരണത്തിന്റെ ഭീകരത മനുഷ്യമനസുകളില്‍ ആഴ്ന്നിറങ്ങും തരത്തിലുള്ള ഒരു കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. സഹോദരിയുടെ മകളുടെ വിയോഗത്തെക്കുറിച്ച്‌ ഷാജി കെ മാത്തൻ എഴുതിയ കുറിപ്പാണ് സോഷ്യല്‍ ലോകത്തെ കണ്ണീരില്‍ ആഴ്ത്തിയിരിക്കുന്നത്.

ക്യാൻസർ ബാധയെ തുടർന്നാണ് 26 കാരിയായ സ്നേഹ അന്ന മരിച്ചത്. തന്റെ രോഗത്തെക്കുറിച്ച്‌ ഗൂഗിളില്‍ പരതി ചികിത്സാരീതികളും അതിനുള്ള മരുന്നുകളും മനസ്സിലാക്കി തന്റെ അപ്പയോട് അതേക്കുറിച്ച്‌ സംസാരിക്കുന്ന അന്ന വസ്തുവിറ്റോ കടം വാങ്ങിയോ ചികിത്സ നടത്താൻ ആവശ്യപ്പെടുമായിരുന്നു. രോഗം മാറി താൻ ജോലിയില്‍ കയറിയാല്‍ കടങ്ങളെല്ലാം വീട്ടാമെന്നുമായിരുന്നു അന്നയുടെ കണക്കുകൂട്ടലുകള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍, തന്റെ ആഗ്രഹങ്ങളെ മറികടന്ന് മരണം മുന്നില്‍ എത്തിയപ്പോള്‍ പിന്നീടുള്ള അന്നയുടെ ആഗ്രഹങ്ങളിലും മാറ്റം വന്നു. ചികിത്സകള്‍ എല്ലാം വിഫലമായ ഘട്ടത്തില്‍ മരിക്കുമ്പോള്‍ പത്രത്തില്‍ വാർത്ത നല്‍കണമെന്നും അതിനൊപ്പം ചേർക്കേണ്ട ചിത്രവും തിരഞ്ഞെടുത്തു നല്‍കി. ഫ്ലക്സ് വയ്ക്കുന്നു എങ്കില്‍ അതില്‍ ഇതേ ഫോട്ടോ ഉള്‍പ്പെടുത്തണമെന്നും അന്ന് ആവശ്യപ്പെട്ടു.

അന്ത്യ യാത്രയ്ക്ക് ഒരുങ്ങുമ്പോള്‍ പുതിയ ഉടുപ്പ് വേണമെന്നും ചുറ്റും റോസാപ്പൂക്കളാല്‍ അലങ്കരിക്കണമെന്നും അന്ന ആവശ്യപ്പെട്ടിരുന്നു.

അന്നയെക്കുറിച്ചുള്ള ഷാജി കെ മാത്തന്റെ കുറിപ്പ് ഇങ്ങനെ

“ഈ ഫോട്ടോ വേണം പത്രത്തില്‍ കൊടുക്കുവാൻ….
ഇത് എൻ്റെ സ്നേഹമോള്‍.. എൻ്റെ സഹോദരി ഷീജയുടെ ഒരേയൊരു മകള്‍.. സ്നേഹയെന്ന പേരു തിരഞ്ഞെടുത്തത് ഞാനായിരുന്നു.

പേരുപോലെ തന്നെ സ്നേഹവും, അച്ചടക്കവും, വിനയവുമുള്ളവള്‍. പത്താംതരം വരെ പഠനത്തില്‍ മെല്ലെപ്പോക്ക്. പിന്നീടവള്‍ സ്വപ്നം കാണുവാൻ തുടങ്ങി..11, 12 ല്‍ മികച്ച മാർക്കുകള്‍, എഞ്ചിനിയറിങ്ങ് അവസാന വർഷമെത്തുമ്പോള്‍ അസുഖബാധിതയായിട്ടും 90% ലധികം മാർക്ക് .

അവളെ പിടികൂടിയ അസുഖം ചെറുതല്ലെന്നറിഞ്ഞിട്ടും അവള്‍ പുഞ്ചിരിച്ചു. ഗൂഗിളില്‍ കയറി മരുന്നുകളും, ചികിത്സകളും മനസിലാക്കി അപ്പനോട് പറഞ്ഞു വസ്തുവിറ്റോ, കടം വാങ്ങിയോ എന്നെ ചികിത്സിക്കാമോ ..

ജോലി കിട്ടുമ്പോള്‍ ഞാൻ വീട്ടാം. അങ്ങനെ മജ്ജ മാറ്റിവെച്ചു… ശേഷം അവള്‍ സ്വപ്നം കണ്ട ചെറിയ ജോലിയില്‍ കയറി. ചെറുചിരികളുമായി സന്തോഷം പങ്കിട്ടു പോന്നപ്പോള്‍ രണ്ടര വർഷത്തിനു ശേഷം അവളെ തേടി വീണ്ടുമതെ അസുഖമെത്തി…ചില ക്യാൻസറങ്ങനെയാണ്. രണ്ടാമതും മജ്ജ മാറ്റിവെച്ചു..

അവള്‍ക്കായി എല്ലാ ചികിത്സകളും ചെയ്തു. ഇന്നിപ്പോള്‍ എല്ലാം വിഫലം..ഇനിയും കുറച്ച്‌ ആഗ്രഹങ്ങള്‍ ബാക്കിയുണ്ട്. പത്രത്തില്‍ കൊടുക്കേണ്ടതായ ഫോട്ടോ ഇതായിരിക്കണം..ഫ്ലക്സ് വെക്കുകയാണങ്കില്‍ ഈ ഫോട്ടോ തന്നെ വേണം..
പുതിയ സെറ്റ് ഉടുപ്പിക്കണം..ചുറ്റും റോസാ പൂക്കള്‍ വേണം..

ഇനി ഞങ്ങള്‍ക്ക് ചെയ്തു തീർക്കുവാൻ നിൻ്റെ കൊച്ചു കൊച്ചു സ്വപ്നങ്ങള്‍ മാത്രം..ധാരാളം മെസേജുകളും, വിളികളും വരുന്നതിനാല്‍ വ്യക്തമായ ഒരു പോസ്റ്റിടുകയാണ്…
ഫോണെടുക്കുവാൻ പലപ്പോഴും കഴിയാറില്ല…ക്ഷമിക്കുക.”