
കണ്ണൂർ: തളിപ്പറമ്പ് മാങ്ങാട്ടുപമ്പ് കെ.എ.പി ബറ്റാലിയൻ നാലിലെ കമാണ്ടന്റും മുൻ ഇന്ത്യൻ ഫുട്ബാള്‍ താരവുമായിരുന്ന എ.ശ്രീനിവാസൻ (53) അന്തരിച്ചു. കണ്ണൂർ അത്താഴകുന്ന് സ്വദേശിയാണ്. അസുഖ ബാധിതനായ അദ്ദേഹം ചികിത്സയിലിരിക്കെ ബുധനാഴ്ച വൈകീട്ട് മംഗളുരുവിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം.
കേരള ഫുട്ബാളിലെ എക്കാലത്തെയും സ്റ്റാർ സ്ട്രൈക്കർ ആയിരുന്നു. പത്തൊമ്ബതാം വയസ്സില്‍ ഏഷ്യൻ ജൂനിയർ ഫുട്ബാള്‍ ടീമില്‍ ഇന്ത്യക്കുവേണ്ടി ബൂട്ടണിഞ്ഞു. 1986, 87, 88 വർഷങ്ങളില്‍ ഡല്‍ഹിയില്‍ നടന്ന സുബ്രദോ കപ്പ് ഫുട്ബാളില്‍ തിരുവനന്തപുരം ജി.വി. രാജാ സ്പോർട്സ് സ്കൂള്‍ ടീമിന് വേണ്ടി ജഴ്സിയണിഞ്ഞു.
1988ല്‍ പാലക്കാട് നടന്ന ജൂനിയർ ദേശീയ ഫുട്ബാള്‍ മാച്ചിലും 89ല്‍ ഷില്ലോംഗില്‍ അണ്ടർ 19 ദേശീയ ജൂനിയർ ഫുട്ബാള്‍ ചാമ്ബ്യൻഷിപ്പിലും കേരള ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്നു. 1989ല്‍ എഫ്.എ.സി.ടി ടീമില്‍ ഇടംപിടിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
1990ല്‍ കോഴിക്കോട് നടന്ന ഏഷ്യൻ ജൂനിയർ ചാമ്ബ്യൻഷിപ്പില്‍ (യോഗ്യതാ റൗണ്ടില്‍) ഇന്ത്യൻ ടീമിന്റെ കുപ്പായമണിഞ്ഞ് മാലിക്കെതിരെ വിജയഗോള്‍ നേടി. 1990 നവംബർ മൂന്ന് മുതല്‍ 15 വരെ ജക്കാർത്തയില്‍ നടന്ന ഏഷ്യൻ യൂത്ത് ഫുട്ബാള്‍ ചാമ്ബ്യൻസ് ഫൈനല്‍ റൗണ്ട് മത്സരങ്ങളില്‍ വടക്കൻ കൊറിയ, ഖത്തർ, ഇന്ത്യോനേഷ്യ ടീമുകളുമായി നടന്ന മത്സരങ്ങളില്‍ ഇന്ത്യക്കായി മുഴുവൻസമയ കളിക്കാരനായി തിളങ്ങി.
1991ല്‍ കോയമ്ബത്തൂരില്‍ നടന്ന സന്തോഷ് ട്രോഫി ടൂർണമെന്റില്‍ കേരള ടീം അംഗംമായി. 1992ല്‍ എഫ്.എ.സി.ടിയില്‍നിന്ന് രാജിവെച്ച് കേരള പൊലീസ് ഫുട്ബാള്‍ ടീമില്‍ ഇടംപിടിച്ചു. 1992ല്‍ എറണാകുളത്ത് നടന്ന സന്തോഷ് ട്രോഫിയില്‍ കേരള ടീമിന് വേണ്ടി ബൂട്ടണിഞ്ഞു. 92ല്‍ ലക്നൗ ദേശീയ പൊലീസ് ഗെയിംസില്‍ മൂന്നാം സ്ഥാനത്ത് വന്ന കേരള പൊലീസിനുവേണ്ടി നിരവധി ഗോളുകള്‍ നേടാനും സാധിച്ചിരുന്നു.
95ല്‍ കോഴിക്കോട് നടന്ന സിസേഴ്സ് കപ്പ് ഫുട്ബാള്‍ ടൂർണമെന്റില്‍ ഇന്ത്യയിലെ പ്രശസ്ത ഫുട്ബാള്‍ ക്ലബ്ബായ കല്‍ക്കത്ത മുഹമ്മദൻസ് സ്പോട്ടിംങ്ങിനെതിരെ ശ്രീനിവാസൻ ഹാട്രിക്ക് നേടി പൊലീസ് ടീമിന് ഉജ്ജ്വലവിജയം നേടിക്കൊടുത്തു. പത്തു വർഷം കേരള പൊലീസിന്റെ ജഴ്സിയണിഞ്ഞു.
വ്യാഴാഴ്ച രാവിലെ ഒമ്ബതു മുതല്‍ മാങ്ങാട്ട് പറമ്ബ് കെ.എ.പി ബറ്റാലിയൻ ആസ്ഥാനത്ത് പൊതുദർശനത്തിന് വെക്കും. 11ഓടെ കൊറ്റാളിയിലെ വീട്ടില്‍ എത്തിച്ച് കൊറ്റാളി ക്ഷേത്രത്തിന് സമീപമുള്ള സമുദായ ശ്മശാനത്തില്‍ സംസ്കരിക്കും.
അരിങ്ങളയൻ വീട്ടില്‍ ഗോപാലന്റെയും കമലയുടെയും മകനാണ്. ഭാര്യ: ബീന (സീനിയർ ഫാർമസിസ്റ്റ്, പറശ്ശിനിക്കടവ് കമ്യൂണിറ്റി ഹെല്‍ത്ത് സെന്റർ). മക്കള്‍: വിഷ്ണു ശ്രീനിവാസ് (കൊച്ചിയില്‍ മറൈൻ എൻജിനീയറിങ് വിദ്യാർഥി), അമീഷ ശ്രീനിവാസൻ (രണ്ടാം വർഷ ഫോറൻസിക് സയൻസ് വിദ്യാർഥിനി, ക്രിസ്തു ജയന്തി കോളജ്, ബംഗളുരു).



