play-sharp-fill
എസ്എസ്എൽസിക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ; 11 സ്കൂളിൽ അപേക്ഷിച്ചിട്ട് ഒരിടത്തുപോലും പ്ലസ് വണ്ണിനു സീറ്റില്ല ; ഉപരിപഠനത്തെക്കുറിച്ചുള്ള ആശങ്കയിൽ അർജുൻ കൃഷ്ണ

എസ്എസ്എൽസിക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ; 11 സ്കൂളിൽ അപേക്ഷിച്ചിട്ട് ഒരിടത്തുപോലും പ്ലസ് വണ്ണിനു സീറ്റില്ല ; ഉപരിപഠനത്തെക്കുറിച്ചുള്ള ആശങ്കയിൽ അർജുൻ കൃഷ്ണ

സ്വന്തം ലേഖകൻ

കോഴിക്കോട് :എസ്എസ്എൽസിക്ക് എല്ലാ വിഷയത്തിനും എ പ്ലസ് കിട്ടിയ വിദ്യാർഥി 11 സ്കൂളിൽ അപേക്ഷിച്ചിട്ട് ഒരിടത്തുപോലും പ്ലസ് വണിനു സീറ്റില്ല. 3 അലോട്മെന്റിനു ശേഷവും സീറ്റില്ലാതെ വന്നതോടെ ഫുൾ എ പ്ലസ് എന്ന അഭിമാനനേട്ടം അർഥശൂന്യമായിപ്പോയ സങ്കടത്തിലും ഉപരിപഠനത്തെക്കുറിച്ച് ആശങ്കയിലുമാണു കീഴരിയൂർ സ്വദേശി അർജുൻ കൃഷ്ണ.

5 സെന്റ് ഭൂമിയിലെ ടാർപോളിൻ വലിച്ചുകെട്ടിയ കൂരയിൽ നിന്നാണ് അർജുൻ ഉന്നതവിജയം നേടിയത്. കൂലിപ്പണിക്കാരനായ അച്ഛൻ ആച്ചേരിക്കുന്നത്ത് ബിജുവിനു സാമ്പത്തികമായി സാധിക്കാത്തതിനാൽ ട്യൂഷനോ മറ്റു സഹായമോ ഇല്ലാതെയാണു പഠിച്ചത്. കീഴരിയൂർ നടുവത്തൂർ ശ്രീവാസുദേവ ആശ്രമ ഗവ.ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു പഠനം. അർജുൻ പഠിച്ച സ്കൂളിൽനിന്ന് 11 പേർക്കാണ് എല്ലാ വിഷയത്തിനും ഫുൾ എ പ്ലസ് ലഭിച്ചത്. ഇവരിൽ എല്ലാവർക്കും അഡ്മിഷനായി. ഇഷ്ട വിഷയമായ ബയോളജി സയൻസ് പഠിക്കാനാണ് അർജുന്റെ ആഗ്രഹം. എല്ലാ സ്കൂളിലും ബയോളജി സയൻസിനാണ് അപേക്ഷിച്ചതെന്ന് ബിജു പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘‘മറ്റു വിഷയങ്ങൾക്ക് ഓപ്ഷൻ നൽകിയിരുന്നെങ്കിൽ അഡ്മിഷൻ ലഭിച്ചശേഷം കോഴ്സ് മാറാനുള്ള സൗകര്യം ഉണ്ടാകുമായിരുന്നു എന്നാണ് ഇപ്പോൾ അറിയാനായത്. എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചതിനാൽ ഉറപ്പായും അഡ്മിഷൻ ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു. ജനറൽ വിഭാഗത്തിലായതും തിരിച്ചടിയായി. പേരാമ്പ്രയിലെ സ്കൂളിൽനിന്നും അധികൃതർ ബന്ധപ്പെട്ടു പ്രവേശനം നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കാമെന്ന് അറിയിച്ചിട്ടുണ്ട്’’– ബിജു പറഞ്ഞു.

നിർമാണത്തൊഴിലാളിയാണ് ബിജു. ഭാര്യ മഞ്ജുഷയ്ക്കു ജോലിയില്ല. മകൻ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയപ്പോൾ വലിയ പ്രതീക്ഷയിലായിരുന്നു. ആ പ്രതീക്ഷയെല്ലാം പ്ലസ് വൺ അലോട്മെന്റ് വന്നതോടെ മങ്ങിപ്പോയി. മലബാറിൽ പ്ലസ് വൺ സീറ്റിൽ പ്രതിസന്ധിയില്ലെന്നു വിദ്യാഭ്യാസ മന്ത്രി ആവർത്തിക്കുന്നതിനിടെയാണ് ഫുൾ എ പ്ലസ് കിട്ടിയ വിദ്യാർഥിക്കു സീറ്റില്ലാത്തത്.