തറയിൽ വീണാൽ സ്ത്രീകൾ അരിക്കും: വീണില്ലെങ്കിൽ പാർട്ടി അരിക്കും; ദേവസ്വം ബോർഡ് പ്രസിഡന്റ് അന്തിയുറങ്ങുന്നത് ഓഫീസിൽ
സ്വന്തം ലേഖകൻ
പത്തനംതിട്ട: തറയിൽ വീണാൽ സ്ത്രീകൾ അരിക്കും ഇല്ലെങ്കിൽ പാർട്ടി അരിക്കുമെന്ന് ഭയന്ന് പുറത്തിറങ്ങാൻപോലും കഴിയാത്ത അവസ്ഥയിലാണു ദേവസ്വം ബോർഡ് പ്രസിഡന്റും അംഗങ്ങളും. പത്തനംതിട്ടയിലെ വസതിയിലേക്കു യുവമോർച്ച മാർച്ച് നടത്തിയതിനേത്തുടർന്ന് പ്രസിഡന്റ് എ. പത്മകുമാർ അന്തിയുറങ്ങിയത് ബോർഡ് ഓഫീസിലാണ്. ഭക്തരുടെ അവകാശം സംരക്ഷിക്കാത്ത ബോർഡും പ്രസിഡന്റും വേണ്ടെന്നാണ് ജനങ്ങളുടെ അഭിപ്രായം.
അതേസമയം ബോർഡിന്റെ ഭരണം സ്തംഭിച്ച അവസ്ഥയാണ്. ശബരിമല മണ്ഡലതീർഥാടനം ആരംഭിക്കാൻ അഞ്ചാഴ്ച മാത്രം ശേഷിക്കേ, മുന്നൊരുക്കങ്ങൾ താളംതെറ്റി. സുപ്രീം കോടതി വിധിപ്രകാരം യുവതികൾ ദർശനത്തിനെത്തിയാൽ എല്ലാ സൗകര്യവുമൊരുക്കുമെന്ന് ആണയിടുമ്പോൾ പുരുഷതീർഥാടകർക്കു പോലുമുള്ള സൗകര്യങ്ങൾ ഒരുക്കാനായിട്ടില്ല. എരുമേലിയിലും പമ്പയിലും സന്നിധാനത്തും അടിസ്ഥാനസൗകര്യങ്ങൾ ഒന്നുമായിട്ടില്ല. സർക്കാർ നിർദേശപ്രകാരം യോഗങ്ങൾ കൂടുന്നതു മാത്രമാണു ബോർഡ് നിലവിലുണ്ടെന്നതിന് ഏകദൃഷ്ടാന്തം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മണ്ഡലതീർഥാടനത്തിനു മാസങ്ങൾക്കു മുമ്പേ എരുമേലിയിലെയും പമ്പയിലെയും സന്നിധാനത്തെയും താൽക്കാലിക ശൗചാലയങ്ങൾ, കടകൾ, നാളികേരസംഭരണം, പാർക്കിങ് ഉൾപ്പെടെയുള്ള കാര്യങ്ങൾ ലേലം ചെയ്യേണ്ടതാണ്. അതിൽ മിക്കതും മുടങ്ങി. എരുമേലിയിൽ ദേവസ്വം ഓഫീസ് പൂട്ടിക്കിടക്കുന്നു. പമ്പാതീരത്തെ ശൗചാലയങ്ങളിൽ ഏറെയും പ്രളയത്തിൽ ഒലിച്ചുപോയി. അവ പുനർനിർമിക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.
സന്നിധാനത്ത് അരവണ നിർമാണത്തിനുള്ള ലോഡ് കണക്കിനു ശർക്കര നനഞ്ഞുനശിച്ചു. പകരം ശർക്കര എത്തിച്ചിട്ടില്ല. ശർക്കര കൊണ്ടുവന്നാലും സന്നിധാനത്ത് എത്തിക്കാൻ മാർഗമില്ല. ഇത്രയേറെ പ്രശ്നങ്ങൾ നിലനിൽക്കുമ്പോഴും ബോർഡ് നിസംഗതയിലാണ്. ശബരിമല പ്രതിഷേധങ്ങളുടെ ഭാഗമായി, ബോർഡ് വക ക്ഷേത്രങ്ങളിൽ കാണിക്കയിടരുതെന്ന പ്രചാരണം സാമൂഹികമാധ്യമങ്ങളിൽ ഉൾപ്പെടെ സജീവമാണ്. ഇതു ശബരിമലയിൽ ഉൾപ്പെടെ വരുമാനത്തെ ബാധിക്കുമെന്ന ആശങ്കയുണ്ട്.
ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട പരിപാടികളിലൊന്നും പ്രസിഡന്റിനെയോ അംഗങ്ങളെയോ പങ്കെടുപ്പിക്കുന്നില്ല. നവരാത്രിയോട് അനുബന്ധിച്ച് വിവിധ ക്ഷേത്രങ്ങളിൽ നവാഹയജ്ഞങ്ങൾ ഉൾപ്പെടെയുള്ള പരിപാടികൾ ഉദ്ഘാടനം ചെയ്യേണ്ടതു ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്നു. പത്തനംതിട്ട ജില്ലയിലെ ഓമല്ലൂർ ചക്കുളത്തുകാവിൽ ഉദ്ഘാടകനായും മലയാലപ്പുഴ ക്ഷേത്രത്തിൽ മുഖ്യാതിഥിയായും പത്മകുമാറിനെയാണ് നിശ്ചയിച്ചിരുന്നത്. രണ്ടിടത്തും അദ്ദേഹത്തിന് എത്താനായില്ല. പത്മകുമാർ എത്തിയാൽ തടയാൻ ഓമല്ലൂർ ചക്കുളത്തുകാവിൽ സ്ത്രീകൾ സംഘടിച്ചിരുന്നു. ബോർഡിനു കീഴിലുള്ള മിക്ക ക്ഷേത്രങ്ങളിലെയും ഉപദേശകസമിതികളും സേവാസംഘങ്ങളും ഭരണസമിതിക്ക് എതിരായതും പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നു. സുപ്രീംകോടതി വിധി വന്നതിന് പുറകെ വിധിക്കെതിരായി സംസാരിച്ചതും ബോർഡ് പ്രസിഡന്റിന്റെ കുടുംബാംഗങ്ങൾ മുഴുവൻ ബോർഡിന്റേയും സർക്കാരിന്റേയും നിലപാടുകൾക്ക് എതിരായി വന്നതോടെ സി.പി.എം നേതൃത്വവും പത്മകുമാറിനെ കൈവിട്ട അവസ്ഥയിലാണ്.