
ജോർദാൻ സൈന്യം വെടിവെച്ചു ; ജോർദാൻ അതിർത്തി കടന്ന് ഇസ്രയേലിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച മലയാളിക്ക് ദാരുണാന്ത്യം
ഡല്‍ഹി : ഇസ്രയേലില്‍ മലയാളി വെടിയേറ്റ് മരിച്ചു. തുമ്പ മേനംകുളം സ്വദേശി ഗബ്രിയേല്‍ പെരേരയാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചുകൊണ്ടുള്ള ഇന്ത്യൻ എംബസിയുടെ ഇ-മെയില്‍ ഗബ്രിയേലിന്റെ കുടുംബത്തിന് ലഭിച്ചു.
ഫെബ്രുവരി 10-നാണ് ഗബ്രിയേല്‍ വെടിയേറ്റ് മരിച്ചത്. ജോർദാൻ- ഇസ്രയേല്‍ അതിർത്തിയില്‍വെച്ച് ജോർദാൻ സൈന്യത്തിന്റെ വെടിയേറ്റാണ് മരണം. ഗബ്രിയേലിന്റെ ഒപ്പമുണ്ടായിരുന്നു അയല്‍വാസികൂടിയായ എഡിസനും വെടിയേറ്റിരുന്നു. പരിക്കുകളോടെ എഡിസൻ നാട്ടിലേക്ക് തിരിച്ചെത്തി.
എഡിസൻ വഴിയാണ് ഗബ്രിയേലിന്റെ മരണം ബന്ധുക്കള്‍ ആദ്യം അറിയുന്നത്. ഗബ്രിയേലും എഡിസനും അടങ്ങുന്ന നാലംഗ സംഘം ജോർദാൻ അതിർത്തി കടന്ന് ഇസ്രയേലിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ജോർദാൻ സൈന്യത്തിന്റെ വെടിയേറ്റതെന്നാണ് റിപ്പോർട്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിസിറ്റിങ് വിസയില്‍ ജോർദാനില്‍ എത്തിയതായിരുന്നു ഈ നാലുപേരും. മൂന്ന് മാസത്തെ വിസിറ്റിങ്ങ് വിസയ്ക്കായിരുന്നു ഇവർ ഇവിടേക്ക് എത്തിയത്. ശേഷം ഒരു ഏജന്റ് വഴി ഇസ്രയേലിലേക്ക് കടക്കാനായി ഇവർ ശ്രമിച്ചു. അതിർത്തിയിലെത്തിയ ഇവരെ ജോർദാൻ സൈന്യം തടഞ്ഞു. എന്നാല്‍ സൈന്യത്തിന്റെ കണ്ണുവെട്ടിച്ച് ഇവർ തൊട്ടടുത്തുള്ള പാറക്കൂട്ടത്തിനടുത്തേക്ക് രക്ഷപ്പെടാൻ ശ്രമിച്ചപ്പോള്‍ ജോർദാൻ സേന വെടിയുതിർക്കുകയായിരുന്നു.
തലയ്ക്ക് വെടിയേറ്റ ഗബ്രിയേല്‍ തല്‍ക്ഷണം മരിച്ചു. കാലിന് പരിക്കേറ്റ് എഡിസനെ ഉടൻ തന്നെ ജോർദാൻ സേന ആശുപത്രിയിലേക്ക് മാറ്റി. പരിക്ക് ഭേദമായ ശേഷം ഇന്ത്യയിലേക്ക് മടക്കി അയച്ചു. കൂടെയുള്ള രണ്ടുപേരെ ഇസ്രയേല്‍ സൈന്യം പിടികൂടിയെന്നാണ് റിപ്പോർട്ട്.